വോട്ടര്‍പട്ടിക ശുദ്ധീകരണം; പുതുക്കിയ കരട് പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാം; ഈ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാന വോട്ടര്‍പട്ടികയില്‍ നിന്ന് 24,81,353 പേരെ നീക്കം ചെയ്തുകൊണ്ടുള്ള പുതിയ കരട് പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ പുറത്തുവിട്ടു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (SIR) എന്ന പേരിലുള്ള വിപുലമായ പരിശോധനകള്‍ക്കൊടുവിലാണ് ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇപ്പോള്‍ ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,31,04,244 പേര്‍ സ്ത്രീകളും 1,23,37,841 പേര്‍ പുരുഷന്മാരും 267 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്.

മരണപ്പെട്ടവര്‍, താമസം മാറിയവര്‍, നല്‍കിയിട്ടുള്ള വിലാസത്തില്‍ ലഭ്യമല്ലാത്തവര്‍ എന്നിവരെയാണ് പട്ടികയില്‍ നിന്ന് പ്രധാനമായും നീക്കിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ച 6,49,885 പേരെയും സ്ഥിരമായി സ്ഥലം മാറിപ്പോയ 8,21,622 പേരെയുമാണ് ഒഴിവാക്കിയത്. ഇവരെ കൂടാതെ വിലാസത്തില്‍ കണ്ടെത്താന്‍ കഴിയാത്ത 6,45,548 പേരും ഒന്നിലധികം ഇടങ്ങളില്‍ പേരുള്ള 1,34,000 പേരും പട്ടികയ്ക്ക് പുറത്തായി. കോട്ടയം ജില്ലയില്‍ മാത്രം 1.61 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതുക്കിയ പട്ടികയുടെ അച്ചടിച്ച പകര്‍പ്പുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി.

പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ വോട്ടവകാശത്തിന് അര്‍ഹതയുള്ളവര്‍ക്ക് പേര് വീണ്ടും ചേര്‍ക്കുന്നതിനായി പ്രത്യേക സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പുതിയതായി പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോം 6 പൂരിപ്പിച്ച് കൃത്യമായ സത്യവാങ്മൂലം സഹിതം നല്‍കണം. പ്രവാസി വോട്ടര്‍മാരാണെങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഫോം 6 എ ആണ് ഉപയോഗിക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ‘വോട്ടര്‍ ഹെല്‍പ്പ്ലൈന്‍’ (Voter Helpline) മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് അതത് ബൂത്തുകളിലെ ബി.എല്‍.ഒ (BLO) മാരെ നേരിട്ട് കണ്ടും അപേക്ഷകള്‍ നല്‍കാവുന്നതാണ്.

ഡിസംബര്‍ 23 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവില്‍ പൊതുജനങ്ങള്‍ക്ക് പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. ഈ സമയത്ത് ലഭിക്കുന്ന അപേക്ഷകളില്‍ നേരിട്ടുള്ള ഹിയറിങ് നടത്തി ജനുവരി 22-ഓടെ അന്തിമ തീരുമാനമെടുക്കും. ഹിയറിങ്ങിലെ തീരുമാനങ്ങളില്‍ ആക്ഷേപമുള്ളവര്‍ക്ക് 15 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്കും, പിന്നീട് 30 ദിവസത്തിനകം ചീഫ് ഇലക്ടറല് ഓഫിസര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ഇരട്ടിപ്പും വ്യാജ വോട്ടര്‍മാരുമില്ലാത്ത ഏറ്റവും കൃത്യമായ ഒരു പട്ടിക തയ്യാറാക്കുകയാണ് ഈ വലിയ ശുദ്ധീകരണ പ്രക്രിയയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. എല്ലാവരും വോട്ടര്‍പട്ടിക പരിശോധിക്കണമെന്നും തങ്ങളുടെ പേര് അതില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യര്‍ത്ഥിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.