കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത് വരുമ്പോള്‍ ചര്‍ച്ച പുതിയ തലത്തിലേക്ക്.
പണിമുടക്ക് എന്ന പേരില്‍ സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന ഈ ‘കാലഹരണപ്പെട്ട’ സമരരീതി മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് സതീശന് ആഞ്ഞടിച്ചു. ഹര്‍ത്താലിനോടും പണിമുടക്കിനോടും ജനങ്ങള്‍ക്കുള്ള ശക്തമായ രോഷം മനസ്സിലാക്കിയാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു നിലപാടെടുത്തതെന്നാണ് സൂചന. എന്നാല്‍, പണിമുടക്കിനെ പിന്തുണയ്ക്കുകയും അതേസമയം അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റേത് ശുദ്ധ ഇരട്ടത്താപ്പാണെന്ന് സി.പി.എം ആരോപിക്കുന്നു.
പുതുയുഗ യാത്രയുടെ ഭാഗമായി കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സതീശന് തന്റെ അതൃപ്തി പരസ്യമാക്കിയത്. ‘ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് കേരളമല്ലാത്ത മറ്റേതെങ്കിലും സംസ്ഥാനത്ത് കടകമ്പോളങ്ങള്‍ അടച്ചിടുന്നുണ്ടോ? തമിഴ്നാട്ടിലോ കര്‍ണാടകയിലോ ഡല്‍ഹിയിലോ ചെന്നാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതേ അറിയില്ല. പിന്നെന്തിന് കേരളത്തില്‍ മാത്രം എല്ലാം അടച്ചിടണം?’ – സതീശന് ചോദിച്ചു. ഹര്‍ത്താല്‍ രീതികളെ ജനം വെറുത്തു തുടങ്ങിയെന്നും ഇത്തരം സമരമുറകളെക്കുറിച്ച് പൊതുചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയതലത്തില്‍ പണിമുടക്കിന്റെ ആവശ്യകതയെ കോണ്‍ഗ്രസ് അനുകൂലിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അത് ജനജീവിതം സ്തംഭിപ്പിക്കുന്ന ബന്ദായി മാറുന്നതിനോട് യു.ഡി.എഫ് യോജിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഹര്‍ത്താല്‍ വിരുദ്ധ മനോഭാവമുള്ള വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുന്‍പ് ബംഗാളിലും ത്രിപുരയിലും ഭരിച്ചിരുന്നപ്പോള്‍ സി.പി.എം ഇത്തരത്തില്‍ പണിമുടക്ക് നടത്തിയിരുന്നില്ലെന്നും സതീശന് പരിഹസിച്ചു.
അതേസമയം, കോണ്‍ഗ്രസിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോടിക്കണക്കിന് തൊഴിലാളികള്‍ അണിനിരക്കുമ്പോള്‍ അതിനെ തരംതാഴ്ത്തി കാണിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
ദേശീയ തലത്തില്‍ പണിമുടക്കിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ മാത്രം എന്തിന് ഇത്തരം വിരുദ്ധ നിലപാട് എടുക്കുന്നുവെന്നാണ് സി.പി.എം ചോദിക്കുന്നത്. സതീശന്റെ പ്രസ്താവന കോണ്‍ഗ്രസിലെ ഇരട്ടത്താപ്പിന്റെ തെളിവാണെന്ന് എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.


മലമ്പുഴയില്‍ കാട്ടാനക്കലി: വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു; ബന്ധുക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അടൂർ സഹകരണ ബാങ്കിൽ വൻ അഴിമതി; സി.പി.എം നേതാവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു





