ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ആഭ്യന്തര കലാപവും തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഒരുക്കുന്ന സമവായ ഫോര്‍മുല ദേശീയ രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് വഴിതുറക്കുന്നു. കര്‍ണാടകയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായി ബെംഗളൂരുവിലേക്ക് മടങ്ങുമെന്നും ഒഴിവുവരുന്ന എഐസിസി പ്രസിഡന്റ് പദവിയിലേക്ക് കെ.സി. വേണുഗോപാല്‍ അതിവേഗം നിയോഗിക്കപ്പെടുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാന്‍ഡുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരുന്നതിനിടയിലാണ് ഈ നാടകീയ നീക്കം.
സാധാരണ കൂടിക്കാഴ്ചയെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും കര്‍ണാടകയില്‍ വലിയൊരു അധികാരമാറ്റത്തിനാണ് ഹൈക്കമാന്‍ഡ് കളം ഒരുക്കുന്നത്. ദീര്‍ഘനാളായി തുടരുന്ന സിദ്ധരാമയ്യ-ഡി.കെ. ശിവകുമാര്‍ തര്‍ക്കം ഭരണത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് അടിയന്തര ഇടപെടലിന് കേന്ദ്ര നേതൃത്വം തയാറായത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാന്‍ സിദ്ധരാമയ്യ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ‘ബിഹാര്‍ മോഡല്‍’ തന്ത്രം കര്‍ണാടകയിലും പരീക്ഷിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഈ സമവായ ഫോര്‍മുല പ്രകാരം നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കേന്ദ്ര രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്കി ആദരിക്കുകയും ചെയ്യും. ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കുകയും മകന് നിഷാന്ത് കുമാറിനെ മന്ത്രിയാക്കുകയും ചെയ്ത മാതൃകയിലാണ് കര്‍ണാടകയിലും അണിയറ നീക്കങ്ങള്‍ സജീവമാകുന്നത്. സിദ്ധരാമയ്യയെ ദേശീയ തലത്തിലേക്ക് മാറ്റുന്നതോടെ സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ക്ക് ഒരു പരിധി വരെ വിരാമമാകുമെന്നാണ് ഹൈക്കമാന്‍ഡ് കണക്കുകൂട്ടല്‍.
എന്നാല്‍, രാജ്യസഭാ സീറ്റ് സ്വീകരിച്ച് സംസ്ഥാന ഭരണത്തില്‍നിന്ന് മാറാന്‍ തയാറായാലും തന്റെ ബദ്ധവൈരിയായ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറാന്‍ സിദ്ധരാമയ്യ ഒട്ടും തയാറല്ലെന്നാണ് സൂചന. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സിദ്ധരാമയ്യ വിഭാഗം, പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സമവായ സ്ഥാനാര്‍ഥിയായി കര്‍ണാടക മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരണമെന്ന അസാധാരണ ആവശ്യമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നത്.
കര്‍ണാടക സ്വദേശി കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായി എത്തിയാല്‍ ഡി.കെ. ശിവകുമാറിനും അതിനെ പരസ്യമായി എതിര്‍ക്കാന്‍ കഴിയില്ലെന്ന തന്ത്രപരമായ നീക്കമാണ് സിദ്ധരാമയ്യ പക്ഷം നടത്തുന്നത്. ഖാര്‍ഗെ സംസ്ഥാന ഭരണത്തിന്റെ തലപ്പത്തേക്ക് വരുന്നതോടെ അദ്ദേഹത്തെ അനുനയിപ്പിക്കാനും കര്‍ണാടകയിലെ പാര്‍ട്ടിയിലെ ആഭ്യന്തര കലാപം പൂര്‍ണ്ണമായി ശമിപ്പിക്കാനും സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡിലെ ഒരു വിഭാഗവും കരുതുന്നത്.
ഖാര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായി മാറിയാല്‍ ദേശീയ രാഷ്ട്രീയത്തിലും എഐസിസി നേതൃത്വത്തിലും അത് വന്‍ അഴിച്ചുപണികള്‍ക്ക് വഴിവെക്കും. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ സംഘടനച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അതിവേഗം നിയോഗിക്കപ്പെടുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാല്‍ പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കും.
എന്നാല്‍ കര്‍ണാടകയിലെയും ഡല്‍ഹിയിലെയും രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക സ്ഥിരീകരണത്തിന് തയാറായിട്ടില്ല. വളരെ അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കര്‍ണാടകയിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളോട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കര്‍ണാടകയുടെ സംസ്ഥാന ചുമതലയുള്ള രണ്‍ദീപ് സിങ് സുര്ജേവാലയ്ക്കും അനുകൂല നിലപാടാണുള്ളതെന്നാണ് അറിയുന്നത്.
അതു കൊണ്ടുതന്നെ കര്‍ണാടകയിലെ തര്‍ക്കം പരിഹരിക്കാനുള്ള വഴിയിലൂടെ കെ.സി. വേണുഗോപാല്‍ രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് അതിവേഗം എത്തുമെന്ന സൂചനകളാണ് ഈ ചര്‍ച്ചകളെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നത്. സംഘടനാരംഗത്തെ വേണുഗോപാലിന്റെ അനുഭവസമ്പത്തും ഹൈക്കമാന്‍ഡുമായുള്ള കെട്ടുറപ്പുള്ള ബന്ധവും ഈ പദവിയിലേക്ക് അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുള്ള പ്രതികരണമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയത്. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട അദ്ദേഹം ചോദ്യങ്ങളോട് ചിരി മാത്രമൊതുക്കി മറുപടി നല്‍കാതെ ഒഴിഞ്ഞuമാറുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി പദവിയില്‍ തനിക്ക് കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന ശക്തമായ നിലപാടിലാണ് ശിവകുമാര്‍ ഇപ്പോഴുമുള്ളത്.
വരും ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ കര്‍ണാടക കോൺഗ്രസിന്റെയും ഒപ്പം എഐസിസി നേതൃത്വത്തിന്റെയും ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അതീവ നിര്‍ണ്ണായകമാകും. സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുപോലെ തൃപ്തിപ്പെടുത്തി ഭരണം മുന്നോട്ട് കൊണ്ടുപോകുക എന്നത് ഹൈക്കമാന്‍ഡിന് വലിയ അഗ്നിപരീക്ഷയാണ്. ഖാര്‍ഗെയെ മുന്നില്‍ നിര്‍ത്തിയുള്ള അസാധാരണ നീക്കങ്ങളിലൂടെ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനൊപ്പം കെ.സി. വേണുഗോപാലിലൂടെ പുതിയൊരു നേതൃത്വത്തെ വാര്‍ത്തെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബംഗാൾ പോരാട്ടം: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്; നന്ദിഗ്രാമിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി




