കൊച്ചി :സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കരാർ-ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ നടത്തിയ ഈ വിപുലമായ സ്ഥിരപ്പെടുത്തൽ നടപടികൾ ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
10 വർഷത്തിലധികം സേവനകാലയളവുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് സമാനമായ കേസിൽ (2025-ൽ) സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമായി സ്ഥിരപ്പെടുത്തലുകൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിലക്ക് നിലനിൽക്കെ വീണ്ടും സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ ഇറക്കിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് പരിഗണിച്ചത്.
കേരള കലാമണ്ഡലം കല്പിത സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഇതോടെ തടസ്സപ്പെട്ടു.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിച്ചുകൊണ്ട് പിൻവാതിൽ നിയമനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. സെപ്റ്റംബർ 2025-ന് ശേഷം ഒരു താൽക്കാലിക ജീവനക്കാരനെയും സ്ഥിരപ്പെടുത്താൻ പാടില്ലെന്ന മുൻ ഉത്തരവ് സർക്കാർ ലംഘിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ലഭിക്കുന്ന രണ്ടാമത്തെ വലിയ തിരിച്ചടിയാണിത്. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, ലൈബ്രറികൾ, നഴ്‌സറി സ്കൂളുകൾ എന്നിവിടങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.


മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളില്‍ ‘വിഷാഹാരം’: കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ നടപടി; ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി
പ്രമുഖ ആത്മീയ ആചാര്യനും എഴുത്തുകാരനുമായ സ്വാമി മുനി നാരായണ പ്രസാദ് അന്തരിച്ചു





