ഗുരുവായൂര്‍ നിയമനം: റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീം കോടതിയുടെ ‘ബ്രേക്ക്’; അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതി; വെള്ളാനയായ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇല്ലാതാകുമോ? സുപ്രീംകോടതി തീരുമാനം അതിനിര്‍ണ്ണായകം

ന്യൂഡല്‍ഹി/കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിവന്ന നിയമന നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇതോടെ നിയമന നടപടികള്‍ നിര്‍ത്തിവെക്കുന്നതായി ബോര്‍ഡ് കോടതിയെ അറിയിച്ചു. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഭരണഘടനാപരമായ സാധുതയെത്തന്നെ ബാധിക്കുന്ന നിയമപോരാട്ടങ്ങള്‍ക്കാണ് ഇതോടെ കളമൊരുങ്ങുന്നത്.
ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഈ കേസില്‍ നിര്‍ണ്ണായകമായിരുന്നു. ബോര്‍ഡ് നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി പ്രഖ്യാപിച്ചത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തു. അതിന് ശേഷം ബോര്‍ഡിനോട് നിയമനം വേണ്ടെന്ന് പറയുകയാണ്. ഇതിനൊപ്പം കേസില്‍ വാദം കേള്‍ക്കാന്‍ പോകുന്നു. ഈ വാദമാകും ഇനി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഭാവി നിശ്ചയിക്കുക.
ക്ഷേത്രജീവനക്കാരുടെ നിയമനം ആ മതവിഭാഗത്തിന്റെ അവകാശമാണെന്നും (അനുച്ഛേദം 26), മതേതര സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ് ഇതില്‍ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 1978-ലെ ഗുരുവായൂര്‍ ദേവസ്വം ആക്ടിന്റെ സവിശേഷ അധികാരങ്ങളെ മറികടക്കാന്‍ പൊതുവായ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമത്തിന് കഴിയില്ല. ബോര്‍ഡ് പുറപ്പെടുവിച്ച പി1 മുതല്‍ പി38 വരെയുള്ള വിജ്ഞാപനങ്ങള്‍ കോടതി റദ്ദാക്കുകയും ചെയ്തു. 1978-ലെ നിയമപ്രകാരം ദേവസ്വം മാനേജിംഗ് കമ്മിറ്റി തന്നെ നിയമനങ്ങള്‍ നടത്തണമെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഈ ഉത്തരവ് സ്റ്റേ ചെയ്തുവെങ്കിലും സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരെ ഗുരുവായൂരിലേക്ക് ദേവസ്വം ബോര്‍ഡിന് നിയമനം നടത്താന്‍ ആകില്ല.
ബോര്‍ഡിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതാണ് സുപ്രീകോടതിയിലെ വാദം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന കെ.ബി. മോഹന്‍ദാസ് അന്ന് എടുത്ത തീരുമാനമായിരുന്നു നിയമനങ്ങള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് വിടുക എന്നത്. അദ്ദേഹം തന്നെ ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഈ അധികാരം ഹൈകോടതി റദ്ദാക്കിയത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അധികാരം ഗുരുവായൂരില്‍ അവസാനിച്ചാല്‍, സമാനമായ മറ്റ് ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളുടെ കാര്യത്തിലും ഇത് കീഴ്വഴക്കമായേക്കും. ഇത് ബോര്‍ഡിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാമെന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
കേസില്‍ മാര്‍ച്ച് പത്തിന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാരും റിക്രൂട്ട്മെന്റ് ബോര്‍ഡും നല്‍കിയ അപ്പീലുകളില്‍ അന്തിമ തീരുമാനം വരുന്നത് വരെ ഗുരുവായൂരിലെ നിയമന പ്രക്രിയകള്‍ പൂര്‍ണ്ണമായും സ്തംഭിക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.