മൈസൂരു: മൈസൂരിലെ വിവിധ നഴ്സിങ് കോളേജ് ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ കടുത്ത നടപടി. കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഭക്ഷ്യവിതരണ ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അഞ്ച് പ്രമുഖ നഴ്സിങ് കോളേജുകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന ‘ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്’ എന്ന ഏജന്‍സിക്കെതിരെയാണ് നടപടി.
സംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി നേരിട്ട് സംസാരിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യപ്രശ്നങ്ങളില്‍ ആശങ്ക അറിയിച്ച അദ്ദേഹം, എത്രയും വേഗം ഹോസ്റ്റലുകള്‍ സന്ദര്‍ശിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയത്.
ഏജന്‍സിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട ആരോഗ്യ വകുപ്പ്, വിതരണം ചെയ്തിരുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ അഞ്ച് കോളേജുകളിലേക്കുമായി താല്‍ക്കാലിക ബദല്‍ ഭക്ഷ്യവിതരണ സംവിധാനവും ഉടന്‍ തന്നെ ഒരുക്കി.
കോമണ്‍ മെസ്സില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണത്തില്‍ ഒട്ടും ശുചിത്വമില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. കോഴിക്കറിയില്‍ തൂവലും ചോരയും, ചപ്പാത്തിയില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍, ചോറില്‍ പാറ്റയും പുഴുവും എന്നിവ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ അനുവദിച്ചിരുന്നില്ല.
ഭക്ഷണത്തിനായി ഓരോ വിദ്യാര്‍ത്ഥിയും പ്രതിവര്‍ഷം 80,000 രൂപയാണ് മെസ്സ് ഫീസായി നല്‍കുന്നത്. ഇത്രയും വലിയ തുക ഈടാക്കിയിട്ടും വൃത്തിഹീനമായ സാഹചര്യം തുടര്‍ന്നത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി. ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസിന്റെ പാചകശാലകളും സംഭരണ കേന്ദ്രങ്ങളും സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ അവിടെയും ശുചിത്വ കുറവ് കണ്ടെത്തിയതോടെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ത്ഥികളുടെ ദുരാവസ്ഥ പരിഹരിക്കാന്‍ കെ.സി. വേണുഗോപാല്‍ നടത്തിയ വേഗത്തിലുള്ള നീക്കത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ ഹോസ്റ്റലുകളിലെ ഭക്ഷണ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശനമായ നിരീക്ഷണം തുടരുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഉത്തരവാദികള്‍ക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


“ആറ്റുകാലമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?” അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; ഭക്തരുടെ പേരിൽ നടക്കുന്നത് എന്ത്?
കേരളം ആരു നയിക്കും? ഉദ്വേഗം ഒടുങ്ങുന്നില്ല; സോണിയയെ ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തുന്ന രാഹുല്‍ കാണും; അന്തിമ പ്രഖ്യാപനം ഉടന്‍; ആര്‍സിയും വിഡിയും കെസിയും പ്രതീക്ഷയില്‍





