അബുദാബി: ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും കൃത്രിമ ദൃശ്യങ്ങളും പ്രചരിപ്പിച്ച പത്ത് പേരെ യുഎഇയിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഇവർക്കെതിരെ അടിയന്തര വിചാരണ നടത്താനാണ് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി നിർദ്ദേശിച്ചത്. മേഖലയിലെ അശാന്തമായ സാഹചര്യം മുതലെടുത്ത് രാജ്യത്തിൻ്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ പ്രചാരണം നടത്തിയതിനാണ് നടപടി.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ പ്രമുഖ കെട്ടിടങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നും വലിയ തോതിൽ തീപിടുത്തം ഉണ്ടായെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്.
നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾ രാജ്യത്തിൻ്റെ പൊതു ക്രമത്തെ തകർക്കുന്നതാണെന്നും ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്നും അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പ്രതിരോധ നീക്കങ്ങളെക്കുറിച്ചോ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി പാക് മന്ത്രി; തന്ത്രപരമായ എണ്ണശേഖരം ഇന്ത്യയ്ക്ക് തുണയായെന്ന് വെളിപ്പെടുത്തൽ
വിഴിഞ്ഞം പോലെ കൊല്ലവും; തെക്കന്‍ കേരളത്തിലെ തുറമുഖങ്ങള്‍ക്ക് സുവര്‍ണ്ണകാലം; ഹോര്‍മുസിലെ യുദ്ധം വിഴിഞ്ഞത്ത് ചരക്കിറക്കല്‍ കൂട്ടി; കൊല്ലത്ത് ഇന്ധനം നിറയ്ക്കാന്‍ കപ്പലുകളുടെ തിരക്ക്





