തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധകാഹളം കേരളത്തിലെ തുറമുഖങ്ങള്‍ക്ക് അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നു. യുഎസ്-ഇറാന് സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ദുഷ്കരമായതോടെ, അന്താരാഷ്ട്ര കപ്പല്‍ ചാലിലെ പ്രധാന കണ്ണികളായി വിഴിഞ്ഞവും കൊല്ലവും മാറുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് കൈമാറ്റത്തിന്റെ ഹബ്ബായി മാറുമ്പോള്‍, കൊല്ലം തുറമുഖം കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുമുള്ള സുരക്ഷിത താവളമായും ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രമായും ശ്രദ്ധിക്കപ്പെടുന്നു.
ഹോര്‍മുസ് കടലിടുക്കിലെ അസ്ഥിരത മൂലം ദുബായ്, ഒമാന്‍ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വന്‍കിട മദര്‍ ഷിപ്പുകള്‍ ഇപ്പോള്‍ വിഴിഞ്ഞത്തേക്കാണ് തിരിയുന്നത്. യുദ്ധഭീഷണിയുള്ള മേഖലകളില്‍ കപ്പലുകള്‍ നങ്കൂരമിടുന്നത് ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ കപ്പല്‍ കമ്പനികള്‍ വിഴിഞ്ഞത്തെ തിരഞ്ഞെടുക്കുന്നത് ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കി. വിഴിഞ്ഞത്ത് ചരക്കിറക്കി ഫീഡര്‍ കപ്പലുകള്‍ വഴി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കുന്നത് ലാഭകരമാണെന്ന് കമ്പനികള്‍ വിലയിരുത്തുന്നു.
വിഴിഞ്ഞത്ത് ചരക്ക് നീക്കം സജീവമാകുമ്പോള്‍ കൊല്ലത്ത് കപ്പലുകളുടെ സര്വീസിംഗിനാണ് പ്രാധാന്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ‘ബ്ലാക്ക് ഔട്ട്’ ഭീഷണിയിലായ മംഗോളിയന്‍ കപ്പലിനെ രക്ഷിച്ചത് കൊല്ലം തുറമുഖത്തെ വിദഗ്ധ സംഘമാണ്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച് എന്ജിന് തകരാറിലായ കപ്പലിനെ സുരക്ഷിതമായി തീരത്തെത്തിച്ച് ആവശ്യമായ സഹായങ്ങള്‍ നല്കാന് കൊല്ലത്തിന് സാധിച്ചു. ഇത് ആഗോള കപ്പല്‍ കമ്പനികള്‍ക്കിടയില്‍ കൊല്ലം തുറമുഖത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
കൊല്ലം തുറമുഖത്തിന്റെ പ്രധാന വരുമാന സ്രോതസ്സായി ‘ബങ്കറിങ്’ അഥവാ ഇന്ധനം നിറയ്ക്കല്‍ മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര കപ്പല്‍ പാതയോട് ചേര്‍ന്നുള്ള കൊല്ലത്തിന്റെ തന്ത്രപരമായ സ്ഥാനം കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നത് എളുപ്പമാക്കുന്നു. കൊച്ചി തുറമുഖത്തേക്കാള്‍ വേഗത്തില്‍ ഇന്ധനം നിറച്ച് മടങ്ങാന്‍ കഴിയുന്നത് കൊല്ലത്തേക്ക് കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കുന്നു. ഓരോ കപ്പലില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിലേക്ക് എത്തുന്നത്.
കപ്പല്‍ ജീവനക്കാരെ മാറ്റുന്നതിനുള്ള (ഇൃലം ഇവമിഴല) സൗകര്യം കൊല്ലത്ത് വിപുലീകരിച്ചതും വലിയ നേട്ടമായി. അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായുള്ള സാമീപ്യവും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും വിദേശ കപ്പലുകള്‍ക്ക് കൊല്ലത്തെ പ്രിയപ്പെട്ടതാക്കുന്നു. യുദ്ധം മൂലം പശ്ചിമേഷ്യന്‍ തുറമുഖങ്ങളില്‍ ജീവനക്കാരെ ഇറക്കാന്‍ മടിക്കുന്ന കമ്പനികള്‍ കേരള തീരത്തെ ഏറ്റവും സുരക്ഷിതമായ ഇടമായി കാണുന്നു. ഇത് പ്രാദേശിക ലോജിസ്റ്റിക്സ് മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുന്നുണ്ട്.
വിഴിഞ്ഞവും കൊല്ലവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ മാരിടൈം ഹബ്ബായി തെക്കന്‍ കേരളം മാറുകയാണ്. വിഴിഞ്ഞത്ത് വലിയ ചരക്ക് കപ്പലുകള്‍ അടുക്കുമ്പോള്‍ അവയ്ക്ക് ആവശ്യമായ മറ്റ് സേവനങ്ങള്‍ കൊല്ലത്തിന് നല്കാന് സാധിക്കും. ഒരേസമയം രണ്ട് തുറമുഖങ്ങള്‍ സജീവമാകുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ശക്തിപ്പെടുത്തും. ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാലും കേരളത്തിലെ തുറമുഖങ്ങള്‍ കൈവരിച്ച ഈ സ്വാധീനം നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലം തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കപ്പലുകള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ തടസ്സമില്ലാതെ എത്തിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. മംഗോളിയന്‍ കപ്പലിന് നല്കിയ സഹായം പോലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ എന്‍ജിനീയറിങ് ടീമുകളെ കൊല്ലത്ത് വിന്യസിക്കും. തുറമുഖ വരുമാനം ലക്ഷങ്ങളില്‍ നിന്ന് കോടികളിലേക്ക് ഉയരുന്ന കാഴ്ചയാണിവിടെ.
വിഴിഞ്ഞത്ത് വിദേശ കപ്പലുകളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുമ്പ് സിംഗപ്പൂരിലും കൊളംബോയിലും നിന്നിരുന്ന കപ്പലുകള്‍ പലതും വിഴിഞ്ഞത്തിന്റെ പ്രവര്‍ത്തനക്ഷമത കണ്ട് ഇങ്ങോട്ട് മാറുകയാണ്. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് ആത്മവിശ്വാസം നല്കുന്നു. വിഴിഞ്ഞത്തെ ട്രാഫിക് നിയന്ത്രിക്കാന്‍ കൊല്ലം പോലുള്ള നോണ്‍-മേജര്‍ തുറമുഖങ്ങളെ കൂടി ഉപയോഗിക്കുന്നത് വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ വാണിജ്യ മേഖലയ്ക്ക് വന്‍ വിപ്ലവമാകും.
ഹോര്‍മുസിലെ സംഘര്‍ഷം ആഗോള വിപണിയെ ബാധിക്കുമ്പോഴും തന്ത്രപരമായ നീക്കങ്ങളിലൂടെ കേരളം അത് അനുകൂലമാക്കുകയാണ്. വന്‍കിട കപ്പല്‍ കമ്പനികളുമായി നേരിട്ട് കരാറുകളില്‍ ഏര്‍പ്പെടാന്‍ തുറമുഖ വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനും ജീവനക്കാരെ മാറ്റുന്നതിനും കൊല്ലം ഒരു സ്ഥിരം കേന്ദ്രമായാല്‍ മാസം തോറും കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം കേരളത്തിന് നേടാനാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മ്യാൻമറിൽ തടവിൽ കഴിയുന്ന നോബൽ ജേതാവ് ഓങ് സാൻ സൂചിയുടെ ശിക്ഷാ കാലാവധി ആറിലൊന്നായി കുറച്ചു സൈനിക ഭരണകൂടം





