ടെഹ്റാന്: ലോകത്തിന്റെ ചരക്കുനീക്ക പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്തുനിന്ന് നടുക്കുന്ന സൈനിക നീക്കം. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’ ഉള്‍പ്പെടെ രണ്ട് വലിയ ചരക്ക് കപ്പലുകള്‍ ഇറാന് വിപ്ലവ ഗാര്‍ഡ് വെടിവെപ്പിന് പിന്നാലെ പിടിച്ചെടുത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഈ നടപടി ഇറാന് സ്വീകരിച്ചിരിക്കുന്നത്.
ദുബായിലെ ജബല്‍ അലിയില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’, പനാമ പതാക ഘടിപ്പിച്ച ‘എംഎസ് സി ഫ്രാന്‍സെസ്ക’ എന്നിവയാണ് ഇറാന് സൈന്യം ബലംപ്രയോഗിച്ച് കീഴടക്കിയത്. പിടിച്ചെടുക്കല്‍ നടപടിയുടെ ഭീകരമായ വീഡിയോ ദൃശ്യങ്ങള്‍ ഇറാന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അതിവേഗ ബോട്ടുകളില്‍ കപ്പലിനെ വളയുന്നതും മുഖംമൂടി ധരിച്ച സൈനികര്‍ ആയുധങ്ങളുമായി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിനെ ലക്ഷ്യമിട്ട് ഇറാന് സൈന്യം നടത്തിയ ആക്രമണം ഭീഷണിയുയര്‍ത്തുന്നതാണ്. കപ്പലിന് നേരെ ഗ്രനേഡുകള്‍ എറിയുകയും യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കപ്പലിന്റെ നിയന്ത്രണ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രണ്ടാമത്തെ കപ്പലായ ഫ്രാന്‍സെസ്കയ്ക്ക് നേരെയും സമാനമായ രീതിയില്‍ സൈന്യം വെടിവെപ്പ് നടത്തിയിട്ടുണ്ട്. ഇറാന് തീരത്തുനിന്ന് ഏകദേശം എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഈ കപ്പലിനെ സൈന്യം തടഞ്ഞത്. കപ്പലിന്റെ സഞ്ചാര പാതയില്‍ വ്യതിയാനം വരുത്തിയെന്നും അനുമതിയില്ലാതെ മേഖലയില്‍ പ്രവേശിച്ചെന്നുമാണ് ഇറാന് നല്കുന്ന വിശദീകരണം. പിടിച്ചെടുത്ത രണ്ട് കപ്പലുകളെയും ഇറാന് തീരത്തേക്ക് മാറ്റിയിരിക്കുകയാണ്.
അമേരിക്കന്‍ ഉപരോധത്തിനും വെടിനിര്‍ത്തല്‍ നീട്ടലിനും എതിരെയുള്ള ഇറാന്റെ നേരിട്ടുള്ള വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഈ മാസമാദ്യം അമേരിക്കന്‍ സൈന്യം ഇറാന്റെ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് പുതിയ നടപടിയെന്ന് ഇറാന് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും ഇറാന് ഭരണകൂടം വ്യക്തമാക്കുന്നു.
ഇറാന് സൈന്യം ദുര്‍ബലമായെന്നും രാജ്യം സാമ്പത്തികമായി തകര്‍ന്നുവെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് ഇറാന്റെ സൈനിക പ്രകടനം. ‘മോസ്കിറ്റോ ഫ്ലീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറാന്റെ ചെറിയ അതിവേഗ ബോട്ടുകള്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഭീമന് കപ്പലുകളെ നിഷ്പ്രഭമാക്കുന്ന കാഴ്ചയാണ് ഹോര്‍മുസില്‍ കണ്ടത്. അമേരിക്കന്‍ നാവികസേന മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് ഈ കടന്നുകയറ്റം.
തങ്ങളുടെ കടല്‍ അതിര്‍ത്തി ലംഘിക്കുന്നതോ ഉപരോധം മറികടക്കാന്‍ ശ്രമിക്കുന്നതോ ആയ കപ്പലുകളെ ഇനിയും തടയുമെന്ന് ഇറാന് ആവര്‍ത്തിച്ചു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിടുമെന്ന ഭീഷണി നിലനില്‍ക്കെയാണ് പുതിയ കപ്പലുകള്‍ പിടിച്ചെടുത്തത്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ പാതയിലെ സംഘര്‍ഷം ആഗോള തലത്തില്‍ ഇന്ധന വില കുതിച്ചുയരാന്‍ കാരണമാകും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ആശങ്കാജനകമാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് പിടിക്കപ്പെട്ടത് എന്നത് രാജ്യത്തെ വ്യാപാര മേഖലയെയും ബാധിച്ചേക്കാം. കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുന്നതിനും ഇന്ത്യയിലേക്കുള്ള ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം ഇറാന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തുന്നതാണ് ഈ സംഭവവികാസങ്ങള്‍. ട്രംപിന്റെ കടുത്ത നിലപാടുകളും ഇറാന്റെ പ്രത്യാക്രമണങ്ങളും മേഖലയിലെ സമാധാന ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നു. പാകിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും സൈനിക നടപടികളില്‍ നിന്ന് പിന്മാറാന് ഇറാന് തയ്യാറായിട്ടില്ല. കടലിടുക്കിലെ കപ്പല്‍ നീക്കം ഇപ്പോള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ട നിലയിലാണ്.
കപ്പലുകള്‍ പിടിച്ചെടുത്ത വീഡിയോ ലോകമെങ്ങും വലിയ ചര്‍ച്ചയായിട്ടുണ്ട്. അത്യാധുനിക മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും പുറമെ ഇത്തരം അതിവേഗ റെയ്ഡുകളിലൂടെയും അമേരിക്കയെ നേരിടാന്‍ തങ്ങള്‍ക്കാവുമെന്ന് ഇറാന് തെളിയിക്കുന്നു. ഹോര്‍മുസിലെ ഈ സംഘര്‍ഷം എങ്ങോട്ട് നീങ്ങുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സുരക്ഷ മുന്‍നിര്‍ത്തി ലോകശക്തികള്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മുട്ടയ്ക്കാട് എല്‍.പി സ്കൂളിലെ പുതിയ കെട്ടിടത്തിന് വെങ്ങാനൂര്പഞ്ചായത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു വേണം; ആ നീതി നിഷേധം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ എ എ റഷീദ് തിരിച്ചറിഞ്ഞു; ആ സ്കൂളിന് ആശ്വാസമായി കമ്മീഷന് സിറ്റിംഗ്എല്.എം.എസ്





