തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച് അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍. വിഴിഞ്ഞം രാജ്യാന്തര തുറമുഖമടക്കം ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന 19 തുറമുഖങ്ങളിലൂടെ 500 ദശലക്ഷം ടണ്‍ ചരക്കുനീക്കം എന്ന അവിശ്വസനീയമായ നേട്ടമാണ് കമ്പനി കൈവരിച്ചത്. ഇന്ത്യയിലെ 15 തുറമുഖങ്ങളും വിദേശത്തെ നാല് തുറമുഖങ്ങളും ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയിലൂടെയാണ് ഈ ജൈത്രയാത്ര.
അദാനി ഗ്രൂപ്പിന്റെ തുറമുഖ ശൃംഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നക്ഷത്രമായി വിഴിഞ്ഞം മാറിയിരിക്കുകയാണ്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ 850 കപ്പലുകളിലായി 18 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തീരത്തെത്തിയത്. പ്രതിമാസം ശരാശരി 60 കപ്പലുകള്‍ വിഴിഞ്ഞത്തെ അഗാധനീലിമയിലുള്ള ബര്‍ത്തുകളില്‍ അണയുന്നു. 800 മീറ്റര്‍ നീളമുള്ള ബര്‍ത്ത് 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് വിഴിഞ്ഞത്തുള്ളത്.
1998-ല്‍ ഒരൊറ്റ തുറമുഖത്തുനിന്ന് തുടങ്ങിയ അദാനി ഗ്രൂപ്പിന്റെ സമുദ്രയാനം ഇന്ന് രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചയ്ക്കും ആഗോള വിപണിയിലെ മത്സരക്ഷമതയ്ക്കും കരുത്തേകുന്ന വന്മരമായി വളര്‍ന്നിരിക്കുന്നു. വെറും തുറമുഖങ്ങള്‍ എന്നതിലുപരി റെയില്‍, റോഡ്, വെയര്‍ഹൗസുകള്‍, കാര്‍ഗോ ഗേറ്റ്വേകള് എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ ലോജിസ്റ്റിക് പ്ലാറ്റ്ഫോമാണ് അദാനി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ ചരക്കുനീക്കത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി.
നേട്ടങ്ങളുടെ കണക്കുപുസ്തകം പരിശോധിച്ചാല്‍ അദാനി പോര്‍ട്ട്സിന്റെ വളര്‍ച്ചാ വേഗം വ്യക്തമാകും. ആദ്യത്തെ 100 ദശലക്ഷം ടണ്‍ ചരക്കുനീക്കം കൈവരിക്കാന്‍ കമ്പനിക്ക് 16 വര്‍ഷം വേണ്ടിവന്നു. എന്നാല്‍ പിന്നീടുള്ള ഓരോ 100 ദശലക്ഷം ടണ്ണും റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. 2030-ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ (100 കോടി) ടണ്‍ ചരക്ക് കൈകാര്യം ചെയ്യുക എന്ന ബൃഹത്തായ ലക്ഷ്യത്തിലേക്കാണ് കമ്പനി ഇപ്പോള്‍ നങ്കൂരമിടുന്നത്.
സമ്പൂര്‍ണ്ണ ഓട്ടോമേറ്റഡ് സംവിധാനമാണ് വിഴിഞ്ഞത്തെ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതിവേഗത്തിലുള്ള ചരക്കുനീക്കം സാധ്യമാക്കുന്ന അത്യാധുനിക ക്രെയിനുകളും റോബോട്ടിക് സാങ്കേതികവിദ്യയും ഇവിടെയുണ്ട്. നിലവില്‍ 110 രാജ്യങ്ങളിലേക്ക് വിഴിഞ്ഞത്തുനിന്ന് നേരിട്ട് സര്‍വീസുകളുണ്ട്. തുറമുഖത്ത് അടുക്കാന്‍ കപ്പലുകള്‍ ക്യൂ നില്ക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഒരു നിമിഷം പോലും പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിയാത്തത്ര തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ഇന്ത്യയുടെ 11,000 കിലോമീറ്റര്‍ തീരപ്രദേശത്ത് 15 തുറമുഖങ്ങളിലായി അദാനി ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. രാജ്യത്തെ മൊത്തം ലോജിസ്റ്റിക് നീക്കത്തിന്റെ 95 ശതമാനവും ഇന്ന് ഈ ശൃംഖലയ്ക്ക് കീഴിലാണ്. ചരക്കുനീക്കത്തിനായി 132 ട്രെയിനുകളും 20,000 ട്രക്കുകളും സജ്ജമാണ്. കണ്ടെയ്നറുകള്‍ സൂക്ഷിക്കുന്നതിനായി 2.9 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൂറ്റന്‍ വെയര്‍ഹൗസുകളും ഈ ശൃംഖലയുടെ കരുത്താണ്.
വിഴിഞ്ഞത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ 2028-ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഒരേസമയം അഞ്ച് കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ വിഴിഞ്ഞത്ത് സൗകര്യമൊരുങ്ങും. നിലവില്‍ ഒരു മദര്‍ഷിപ്പിനും ഒരു ഫീഡര്‍ കപ്പലിനും മാത്രമാണ് ഒരേസമയം അടുക്കാനാവുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം ലോകത്തെ തന്നെ മുന്‍നിര ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബായി മാറും.
പദ്ധതിയുടെ വികസനത്തിനായി 10,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഒറ്റഘട്ടമായി മുടക്കുന്നത്. ബര്‍ത്തിന്റെ നീളം 2000 മീറ്ററായും പുലിമുട്ടിന്റെ നീളം നാല് കിലോമീറ്ററായും വര്‍ദ്ധിപ്പിക്കുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരട്ടിയായി വര്‍ദ്ധിക്കും. പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ എന്നത് 50 ലക്ഷമായി ഉയരുന്നതോടെ വിഴിഞ്ഞം ആഗോള കപ്പല്‍ചാലിലെ പ്രധാന ഇടത്താവളമായി മാറും.
തുറമുഖങ്ങള്‍ വെറും വ്യാപാര കവാടങ്ങള്‍ മാത്രമല്ല, അവ രാജ്യത്തിന്റെ ആത്മവിശ്വാസത്തിന്റെയും ഭാവിയിലേക്കുള്ള വാതിലുകളുമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതില്‍ തുറമുഖങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്തിന്റെ വളര്‍ച്ച കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. അനുബന്ധ വ്യവസായങ്ങളും തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നതോടെ തെക്കന്‍ കേരളം ഇന്ത്യയുടെ പുതിയ വ്യവസായ കേന്ദ്രമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വരും വര്‍ഷങ്ങളില്‍ വിഴിഞ്ഞം ഇന്ത്യയുടെ ‘ഗേറ്റ്വേ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്’ എന്ന വിശേഷണം അന്വര്‍ത്ഥമാക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രിക്കെതിരായ രാജ്യദ്രോഹി പരാമർശം ; രാഹുൽ ഗാന്ധിക്ക് വിമർശനവുമായി ബി.ജെ.പി





