രണ്ടു പേരില്‍ ആര് വന്നാലും മലയാളിക്ക് ‘കോളടിക്കും’; വാഗ്ദാനപ്പെരുമഴയുമായി മുന്നണികള്‍; സൗജന്യങ്ങളും വികസനവും കൈകോര്‍ക്കുന്ന പ്രകടനപത്രികകള്‍; വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം?

തിരുവനന്തപുരം/കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂട് കൊടുമുടിയിലെത്തിച്ച് മുന്നണികള്‍ തങ്ങളുടെ പ്രകടനപത്രികകള്‍ പുറത്തിറക്കി. സ്ത്രീകള്‍, യുവാക്കള്‍, അശരണര്‍ എന്നിവരെ ലക്ഷ്യമിട്ട് വമ്പന്‍ സൗജന്യങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ പദ്ധതികളുമാണ് എല്‍ഡിഎഫും യുഡിഎഫും വാഗ്ദാനം ചെയ്യുന്നത്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പത്രിക പ്രകാശനം ചെയ്തപ്പോള്‍, കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി യുഡിഎഫ് പത്രിക പുറത്തിറക്കി. ഇതില്‍ ആര് ജയിച്ചാലും സാധാരണക്കാരന് വലിയ നേട്ടങ്ങള്‍ ഉറപ്പുനല്‍കുന്ന ‘ക്ഷേമ പെയ്ത്താണ്’ അങ്കത്തട്ടില്‍ കാണുന്നത്.
അശരണര്‍ക്കും പ്രായമായവര്‍ക്കും ആശ്വാസമേകുന്ന ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ ഇരുമുന്നണികളും ഒരേ തുകയിലാണ് എത്തിനില്‍ക്കുന്നത്. നിലവിലെ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ വാഗ്ദാനം ചെയ്യുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഒരു അവകാശമായി പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് പറയുമ്പോള്‍, കേവല ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നാണ് എല്‍ഡിഎഫിന്റെ ഉറപ്പ്.
യുവതീ യുവാക്കളെയും സ്ത്രീകളെയും കയ്യിലെടുക്കാന്‍ വിപ്ലവകരമായ മാറ്റങ്ങളാണ് പത്രികയിലുള്ളത്
യുഡിഎഫ്: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, യുവാക്കള്‍ക്ക് സംരംഭം തുടങ്ങാന്‍ 5 ലക്ഷം രൂപ പലിശരഹിത വായ്പ.
എല്‍ഡിഎഫ്: പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ഉറപ്പാക്കുന്ന ‘ക്യാമ്പസ് പ്ലേസ്മെന്റ്’, സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ, തൊഴില്‍ പ്രായത്തിലുള്ള 50% സ്ത്രീകള്‍ക്കും ജോലി, കുടുംബശ്രീ വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍.
അടിസ്ഥാന സൗകര്യ വികസനത്തില്‍ മെട്രോയും ലൈഫും
വികസനത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത വാഗ്ദാനങ്ങളാണ് ഇരുപക്ഷവും മുന്നോട്ടുവെക്കുന്നത്.
എല്‍ഡിഎഫ്: തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍, കൊച്ചി വാട്ടര്‍ മെട്രോയുടെ വ്യാപനം, ലൈഫ് മിഷന്‍ 2.0 വഴി സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം, 2 ലക്ഷം കോടിയുടെ പശ്ചാത്തല നിക്ഷേപം.
യുഡിഎഫ്: തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ/ലൈറ്റ് മെട്രോ, മിഷന്‍ സമുദ്ര പദ്ധതി, 5 ലക്ഷം പേര്‍ക്ക് വീട്, വയനാട്ടില്‍ ട്രൈബല്‍ സര്‍വ്വകലാശാല.
കര്‍ഷകര്‍ക്ക് കൈത്താങ്ങ്
റബര്‍ കര്‍ഷകരുടെ ചിരകാലാഭിലാഷമായ 300 രൂപ താങ്ങുവില ഇരുമുന്നണികളും പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെല്ലിന് 35 രൂപ സംഭരണ വില നല്‍കുമെന്ന കാര്യത്തിലും ഇരുവര്‍ക്കും ഒരേ അഭിപ്രായമാണ്. കാര്‍ഷിക മേഖലയ്ക്കായി യുഡിഎഫ് പ്രത്യേക ബജറ്റ് വാഗ്ദാനം ചെയ്യുമ്പോള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ വരുമാനം കൂട്ടാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് യുഡിഎഫ് നല്‍കുമ്പോള്‍, കാരുണ്യ പദ്ധതിയുടെ പരിധിയില്ലാത്ത ചികിത്സയാണ് എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നത്. ചുരുക്കത്തില്‍, വോട്ടര്‍മാരുടെ മുന്നില്‍ വാഗ്ദാനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. ഏപ്രില്‍ 9-ന് ബൂത്തിലെത്തുന്ന മലയാളി ഈ ‘കോളുകളില്‍’ ആരെ വിശ്വസിക്കുമെന്നാണ് ഇനി അറിയേണ്ടത്.

എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:-

  • ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമൂഹ്യക്ഷേമവും
  • കേവല ദാരിദ്ര്യം ഇല്ലാതാക്കും
  • ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും
  • എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയായി വര്‍ദ്ധിപ്പിക്കും
  • കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിര്‍ന്ന പൗരന്മാര്‍ക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും
തൊഴിലും വിദ്യാഭ്യാസവും
  • ‘പഠിച്ചാല്‍ ജോലി ഉറപ്പ്’: പഠനം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും
  • യുവജനങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും
  • ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (GCC) 40-ല്‍ നിന്ന് 120 ആയി വര്‍ദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കും
  • തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും
  • കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാര്‍ക്ക് പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കും
കൃഷിയും അനുബന്ധ മേഖലകളും
  • നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വര്‍ദ്ധിപ്പിക്കും
  • പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കന്‍’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും
  • മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്മേല്‍ ഉടമസ്ഥാവകാശവും ആദ്യ വില്‍പനാവകാശവും നല്‍കുന്നതിനുള്ള സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും
പശ്ചാത്തല സൗകര്യവികസനം
  • അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയില്‍ ഉണ്ടാകും
  • ലൈഫ് മിഷന്‍ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും
  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ നടപ്പിലാക്കും
  • കൊച്ചി വാട്ടര്‍ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂര്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും
  • എല്ലാ റെയില്‍വേ ലെവല്‍ ക്രോസുകളും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും
ആരോഗ്യവും വിദ്യാഭ്യാസവും
  • സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ: കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും
  • തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കും
  • അങ്കണവാടികള്‍ സ്മാര്‍ട്ടാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും
മറ്റ് പ്രധാന പദ്ധതികള്‍
  • ‘ജീവജലം – കേരളം’: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിന്‍
  • സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണം: കക്കൂസ് മാലിന്യ സംസ്‌കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കള്‍ സ്ഥാപിക്കും
  • ശബരിമല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കുകയും ‘ക്ലീന്‍ പമ്പ’ പദ്ധതി നടപ്പിലാക്കുകയും ചെയ്യും
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും

യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍-

ഇന്ദിരാ ഗ്യാരണ്ടി:
  • സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര
  • കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം
  • ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കും
  • എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്’
  • യുവജനങ്ങള്‍ക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ
  • മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
ആരോഗ്യ മേഖല:
  • കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികള്‍ പുനരാരംഭിക്കും
  • ബി.പി.എല്‍ കുടുംബങ്ങളിലെ രോഗികള്‍ക്ക് ഡയാലിസിസ് സൗജന്യമാക്കും
  • സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ‘ഷീ ഹോസ്പിറ്റലുകള്‍’ (She Hospital) ആരംഭിക്കും
  • ജിപ്‌മെര്‍ (JIPMER) മാതൃകയില്‍ ബില്ലില്ലാത്ത (No-bill) ആശുപത്രികള്‍ സ്ഥാപിക്കും
  • ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ബെഡ് അവരുടെ അവകാശമാക്കും
കൃഷിയും മത്സ്യബന്ധനവും:
  • പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും
  • റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുകയും സിയാല്‍ (CIAL) മാതൃകയില്‍ റബ്ബര്‍ കമ്പനി ആരംഭിക്കൂകയും ചെയ്യും
  • നെല്ലിന് 35 രൂപ സംഭരണ വിലയും നാളികേരത്തിന് ഉയര്‍ന്ന തറവിലയും നല്‍കും
  • മത്സ്യത്തൊഴിലാളികള്‍ക്കും കെ.എസ്.ആര്‍.ടി.സി, ഓട്ടോ, ടാക്സി ഉടമകള്‍ക്കും ഇന്ധന സബ്‌സിഡി നല്‍കും
  • തീരദേശ നിവാസികള്‍ക്ക് പട്ടയം ലഭ്യമാക്കും
വിദ്യാഭ്യാസവും തൊഴിലും:
  • വയനാട്ടില്‍ ആധുനിക സൗകര്യങ്ങളുള്ള ‘ട്രൈബല്‍ യൂണിവേഴ്സിറ്റി’ സ്ഥാപിക്കും
  • ക്യാമ്പസുകളില്‍ റാഗിംഗ് തടയാന്‍ ‘സിദ്ധാര്‍ത്ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ്’ കൊണ്ടുവരുകയും ‘സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിംഗ് ആക്ട്’ നടപ്പിലാക്കുകയും ചെയ്യും
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം അവസാനിപ്പിക്കാന്‍ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കും
  • അന്താരാഷ്ട്ര തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ പഠിക്കാന്‍ ‘ജോബ് വാച്ച് ടവര്‍’ രൂപീകരിക്കും
  • 10,000 പുതിയ എം.എസ്.എം.ഇ (MSME) സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കും
ക്ഷേമ പദ്ധതികള്‍:
  • വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും
  • അഞ്ചു വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം പേര്‍ക്ക് വീട് നല്‍കും
  • ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ 25% കൂടുതല്‍ തുക നല്‍കും
  • ആശാ വര്‍ക്കര്‍മാരുടെ വേതനം കുറഞ്ഞത് 700 രൂപയാക്കി വര്‍ദ്ധിപ്പിക്കും
  • പാവപ്പെട്ടവരുടെ വിവാഹങ്ങള്‍ കുറഞ്ഞ ചിലവില്‍ നടത്തുന്നതിന് ‘സ്നേഹ സുമംഗലി’ കല്യാണ മണ്ഡപങ്ങള്‍ നിര്‍മ്മിക്കും
ഭരണവും വികസനവും:
  • അഴിമതി തടയാന്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കും
  • മതസൗഹാര്‍ദ്ദം ഉറപ്പാക്കാന്‍ ‘മിനിസ്ട്രി ഓഫ് ടോളറന്‍സും’ (Ministry of Tolerance) സമാധാനത്തിനായി ‘പീസ് ആന്‍ഡ് ഹാര്‍മണി’ വകുപ്പും സ്ഥാപിക്കും
  • കേരളത്തിന്റെ തീരദേശവും നദികളും ബന്ധിപ്പിച്ച് ‘മിഷന്‍ സമുദ്ര’ പദ്ധതി നടപ്പിലാക്കും
  • തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും
  • ലഹരിമുക്ത കേരളത്തിനായി ‘ബ്രേക്ക് ദ ഡ്രഗ് ചെയിന്‍’ (Break The Drug Chain) പദ്ധതി ആരംഭിക്കും
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.