ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം

കൊച്ചി: യുഡിഎഫിന്റെ മുന്‍നിര തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി പ്രായോഗികതലത്തില്‍ എത്തുമ്പോള്‍ കേരളത്തില്‍ വലിയ രീതിയിലുള്ള പ്രാദേശിക വിവേചനത്തിന് വഴിതുറക്കുമെന്ന് സൂചന. പൊതുഗതാഗത രംഗത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വ്യക്തമായ മേധാവിത്വമുള്ള സംസ്ഥാനത്തെ 7 ജില്ലകളിലെ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണം ലഭിക്കുക. മലബാറിലെയും മധ്യകേരളത്തിലെയും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം പൂര്‍ണ്ണമായി നഷ്ടമാകുമെന്നാണ് റൂട്ട് സര്‍വീസുകളുടെ ആനുപാതിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ കെഎസ്ആര്‍ടിസി ഗണ്യമായ രീതിയില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ രാഷ്ട്രീയമായി യുഡിഎഫിന് വന്‍ ഭൂരിപക്ഷം നല്‍കിയ മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലെ വോട്ടര്‍മാര്‍ക്ക് ഈ പ്രഖ്യാപനം കൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച് 16 സീറ്റും നല്‍കിയ മലപ്പുറം ജില്ലയില്‍ ആകെ ഓടുന്ന ബസുകളുടെ വെറും 9.4 ശതമാനം മാത്രമാണ് കെഎസ്ആര്‍ടിസി വിഹിതം. ബാക്കി 90 ശതമാനത്തിലധികവും സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന മലപ്പുറത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഈ സൗജന്യ യാത്ര അപ്രാപ്യമാകും.
യുഡിഎഫിന് 14 സീറ്റുകള്‍ നല്‍കിയ എറണാകുളം ജില്ലയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടെ ആകെ സര്‍വീസുകളുടെ 24.7 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ബസുകളുള്ളത്. തൃശൂര്‍ (15.4%), പാലക്കാട് (14.6%), കോഴിക്കോട് (14%), കണ്ണൂര്‍ (16.1%) എന്നീ ജില്ലകളിലും സൗജന്യ യാത്രയുടെ ഗുണം കാല്‍ ശതമാനത്തില്‍ താഴെ മാത്രമായിരിക്കും. അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ വിജയകരമായി നടപ്പാക്കിയ ‘ശക്തി’ പദ്ധതിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. എന്നാല്‍ കര്‍ണാടകയിലെ പൊതുഗതാഗത സംവിധാനവും കേരളവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കര്‍ണാടകത്തില്‍ ആകെയുള്ള ബസ് സര്‍വീസുകളുടെ 90 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടേതാണ്.
എന്നാല്‍ കേരളത്തിലെ സ്ഥിതി നേരെ തിരിച്ചാണ്. 2025-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ ഓടുന്ന 16,545 റൂട്ട് ബസുകളില്‍ വെറും 4,609 എണ്ണം മാത്രമാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളത്. ഈ കോര്‍പ്പറേഷന്‍ ബസുകളില്‍ തന്നെ എണ്ണൂറോളം ബസുകള്‍ നിലവില്‍ വിവിധ കാരണങ്ങളാല്‍ കട്ടപ്പുറത്താണ് താനും. സൗജന്യ യാത്ര നടപ്പിലാക്കുന്നതോടെ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക അടിത്തറ പൂര്‍ണ്ണമായും തകരുമെന്ന ആശങ്കയും ശക്തമാണ്. കെഎസ്ആര്‍ടിസി കഴിഞ്ഞ ആഴ്ച നടത്തിയ കണക്കെടുപ്പ് പ്രകാരം നിലവിലെ യാത്രക്കാരില്‍ 50 ശതമാനവും സ്ത്രീകളാണ്.
പ്രതിദിനം 3.5 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്. അതായത് പ്രതിമാസം ഏതാണ്ട് 105 കോടി രൂപയുടെ ഭീമമായ തുക കോര്‍പ്പറേഷന് നഷ്ടമാകും. ഇതിനുപുറമെ, നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ മൂന്നിലൊന്നും സൂപ്പര്‍ ഫാസ്റ്റിന് മുകളിലുള്ള ലക്ഷ്വറി ക്ലാസുകളാണ്. ഇത്തരം സൂപ്പര്‍ ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാന്‍ അനുവാദമില്ലാത്തതിനാലും, സീറ്റ് റിസര്‍വേഷന്‍ ഉള്ളതിനാലും അവിടെയും സൗജന്യ യാത്ര പ്രായോഗികമാകില്ല. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് കീഴിലുള്ള 450 ബസുകള്‍ പ്രത്യേക കമ്പനിയായതിനാല്‍ അതിലും സൗജന്യം അനുവദിക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ട്.
വലിയ സാമ്പത്തിക ബാധ്യതയും പ്രായോഗിക ബുദ്ധിമുട്ടുകളും നിലനില്‍ക്കുന്നതിനാലാണ് പ്രഖ്യാപിച്ച ഉടന്‍ നടപ്പാക്കാതെ പദ്ധതി ജൂണ്‍ 15-ലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. എങ്കിലും, ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് തീര്‍ച്ച.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.