കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് നാടകീയമായ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ഇടപെട്ടതോടെയാണ് ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ‘മമ്മൂട്ടി-റഫീഖ്’ തര്‍ക്കം മഞ്ഞുപോലെ ഉരുകിയത്. മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയും അനുരഞ്ജനത്തിന് വഴങ്ങിയതോടെ സൈബര്‍ ലോകത്തെ സഖാക്കളും ആയുധം താഴെ വെച്ചു. ഇനി മമ്മൂട്ടിക്കെതിരെ ഒരു വാക്കുപോലും ഉരിയാടരുതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ കര്‍ശന നിര്‍ദ്ദേശം.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ പൊതുപ്രവര്‍ത്തകനായ കെ. റഫീഖിനോട് മമ്മൂട്ടി കയര്‍ത്തു സംസാരിച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, തന്നെ അപമാനിക്കാന്‍ മമ്മൂട്ടി ശ്രമിച്ചിട്ടില്ലെന്നും വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു ഇതെന്നും കെ. റഫീഖ് വ്യക്തമാക്കി. ‘മമ്മൂക്ക എന്നെ നേരിട്ട് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ഞാന്‍ കാണിച്ച ജാഗ്രത അദ്ദേഹം ഉള്‍ക്കൊണ്ടു. വിവാദങ്ങള്‍ വലതുപക്ഷ സൈബര്‍ കേന്ദ്രങ്ങള്‍ കെട്ടിച്ചമച്ചതാണ്’ – റഫീഖ് പറഞ്ഞു.
സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ടൗണ്‍ഷിപ്പിന്റെ തിളക്കം കെടുത്താന്‍ വിവാദങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി. മമ്മൂട്ടിയെപ്പോലൊരു മഹാനടന് പദ്ധതിയെ പിന്തുണയ്ക്കാന്‍ എത്തിയത് വലിയ കാര്യമാണെന്നും അത് തര്‍ക്കങ്ങളിലേക്ക് വഴിമാറരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ഇടപെടലോടെ റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം പുതുക്കപ്പെട്ടു.
റഫീഖിന്റെ വാക്കുകള്‍ ഇങ്ങനെ:
‘മലയാളിയുടെ പ്രിയപ്പെട്ട നടനെ നാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു. അദ്ദേഹം ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവായി കാണണം. മമ്മൂട്ടി മഹാനായ മലയാളിയാണ്. ദുരന്തം തകര്‍ത്തവരുടെ പുഞ്ചിരിയാണ് നമുക്ക് വലുത്. പരിഭവങ്ങള്‍ മാറ്റിവെച്ച് നമുക്ക് ഒന്നിച്ചുനില്‍ക്കാം.’ ഇതോടെ, സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയെ കടന്നാക്രമിച്ചിരുന്ന സൈബര്‍ പോരാളികള്‍ പിന്‍വാങ്ങി. ടൗണ്‍ഷിപ്പിലെ അതിജീവിതരുടെ പുഞ്ചിരിയില്‍ ഈ വിവാദങ്ങള്‍ അലിഞ്ഞുചേരുമ്പോള്‍ കേരളം കാണുന്നത് രാഷ്ട്രീയവും സിനിമയും കൈകോര്‍ക്കുന്ന സ്നേഹചിത്രമാണ്.
റഫീഖിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ-
മലയാളത്തിന്റെ മഹാനടന് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പില്‍ എത്തിയത് എല്ലാവര്ക്കും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം അവിടെ എത്തുമ്പോള്‍ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന പൊതുപ്രവര്ത്തകന് എന്ന നിലയിലാണ് തിരക്കും ബഹളവും പ്രിയപ്പെട്ട മമ്മൂട്ടിക്ക് അലോസരമാകരുതെന്ന നിലയില്‍ ജാ??ഗ്രതയോടെ ആ സമയം അവിടെ ഇടപെട്ടത്. ഇത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന കണ്‍സേണ്‍ ആണ് മമ്മൂട്ടി എന്നോട് പങ്കുവെച്ചത്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ടൗണ്‍ഷിപ്പില്‍ വരുന്നവരെ നമ്മള് അവിടെ ഉണ്ടെങ്കില്‍ സ്വീകരിക്കുന്നത് എപ്പോഴും നമ്മുടെയെല്ലാം രീതിയാണ്. എന്നാല്‍ അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നതാണ് അദ്ദേഹം സൂചിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ന് ശ്രീ മമ്മൂട്ടി എന്നെ നേരില്‍ വിളിക്കുകയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ശ്രീ മമ്മൂട്ടി എന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കണ്‍സേണ്‍ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ എനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയില്‍ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നത്.
ഈ വിഷയത്തില്‍ വൈകാരികമായി മുറിപ്പെട്ട് പ്രതികരിച്ചവരുടെയെല്ലാം ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. എന്നാല്‍ ഒരു സര്‍ക്കാരിന്റെ ഇച്ഛാശക്തിയിലും മാനവികതയിലും സഹജീവി സ്നേഹത്തിലും പുടുത്തുയര്‍ത്ത, ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു ഇടപെടലിന്റെ തിളക്കം കുറയ്ക്കുന്ന നിലയില്‍ ഈ വിവാദങ്ങള്‍ വളരരുത് എന്നാണ് എല്ലാവരോടും സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്. മലയാളിയുടെ പ്രിയപ്പെട്ട നടനായി എല്ലാക്കാലവും നമ്മളെല്ലാം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന ശ്രീ മമ്മൂട്ടി നമ്മുടെ ടൗണ്‍ഷിപ്പിലെത്തിയത് വളരെ പോസിറ്റീവായി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. എല്ലാവരും വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മമ്മൂട്ടി മഹാനായ മലയാളിയാണ്. അദ്ദേഹം മനപൂര്‍വ്വം എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നേരില്‍ തന്നെ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ആ വലുപ്പത്തില്‍ എല്ലാവരും ഈ വിഷയം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നുമാണ് എല്ലാവരോടും അഭ്യര്‍ത്ഥിക്കാനുള്ളത്.
ദുരന്തം ജീവിതം താറുമാറാക്കിയ നമ്മുടെ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞാല്‍ പരിഭവങ്ങളും തര്‍ക്കങ്ങളും മാറ്റിവെച്ച് നമുക്ക് ചേര്‍ന്ന് നില്ക്കാന് എന്താണ് തടസ്സം.
കെ റഫീഖ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജി സുപ്രീം കോടതി തള്ളി; വിചാരണ നേരിടണം





