വയനാട് ടൗണ്‍ഷിപ്പില്‍ ‘വിള്ളല്‍’ വീണ വാഗ്ദാനങ്ങള്‍; സ്മൃതി പരുത്തിക്കാടിനെ കടിച്ചു കീറിയ സൈബര്‍ ചെന്നായക്കള്‍ എവിടെ? അഴിമതിയുടെ അഴുക്കുചാലുകള്‍ തുറക്കുന്നു; ചൂരല്‍മലയിലെ ആ വീടുകളില്‍ വിള്ളല്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാടിന്റെ കണ്ണീര്‍ തുടയ്ക്കാനെന്ന പേരില്‍ കെട്ടിപ്പൊക്കിയ ടൗണ്‍ഷിപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്മാരകമാകുന്നു. പുനരധിവാസത്തിലെ കള്ളക്കളികള്‍ ചോദ്യം ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വി. എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനെതിരെ സൈബര്‍ ഇടങ്ങളില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഇപ്പോള്‍ എവിടെയൊളിച്ചു? പണി തീരും മുന്‍പേ വീടുകള്‍ വിണ്ടുകീറുമ്പോള്‍, ആ വിള്ളലുകളിലൂടെ ഒലിച്ചിറങ്ങുന്നത് പാവപ്പെട്ടവന്റെ സ്വപ്നങ്ങളാണ്.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളിലെ പോരായ്മകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ ഭരണകൂട വിരുദ്ധമെന്ന് മുദ്രകുത്തി സ്മൃതി പരുത്തിക്കാടിനെതിരെ തിരിഞ്ഞ സൈബര്‍ സഖാക്കളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സ്മൃതി പറഞ്ഞത് പച്ചയായ സത്യമായിരുന്നുവെന്ന് ഇന്ന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ വിണ്ടുകീറിയ ചുവരുകള്‍ സാക്ഷ്യം പറയുന്നു. സത്യം വിളിച്ചുപറയുന്ന പെണ്‍കരുത്തിനെ വ്യക്തിഹത്യ ചെയ്തവര്‍ ഈ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍ കാണുന്നുണ്ടോ?
മാര്‍ച്ച് ഒന്നിന് വലിയ കൊട്ടും കുരവയുമായി 178 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചതാണ്. വിഷുവിനു മുന്‍പ് വീട്ടില്‍ കയറാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച പാവം ജനങ്ങള്‍ ഇന്നും വാടകവീടുകളുടെ വരാന്തകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു. താക്കോല്‍ കൈയിലുണ്ട്, പക്ഷേ വീടിനകത്ത് കയറാന്‍ കഴിയില്ല! ലോകത്ത് എവിടെയെങ്കിലും ഇതുപോലൊരു പ്രഹസനം കേട്ടുകേള്‍വിയുണ്ടാകുമോ?
ചൂരല്‍മല സ്വദേശി നൗഫലിന്റെ വീടിന്റെ മേല്‍ക്കൂര വിണ്ടുകീറി മഴവെള്ളം അകത്തേക്കൊലിച്ച വാര്‍ത്ത കേട്ട് കേരളം ഞെട്ടിയിരിക്കുകയാണ്. ‘സൗജന്യമായി തരുന്നതല്ലേ, കിട്ടുന്നത് വാങ്ങി മിണ്ടാതിരുന്നോ’ എന്ന ഭാവമാണ് അധികാരികള്‍ക്ക്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചുണ്ടാക്കിയ വീടുകളില്‍ ആദ്യ മഴയേല്‍ക്കുമ്പോഴേക്കും വെള്ളം ചോരുന്നത് നിര്‍മ്മാണത്തിലെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തില്‍ കൈമാറേണ്ട 178 വീടുകളില്‍ മിക്കവയും താമസയോഗ്യമല്ലെന്നാണ് അതിജീവിതര്‍ പറയുന്നത്. ഭിത്തികളില്‍ പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ ഭൂമിയുടെ കുഴപ്പമാണോ അതോ സിമന്റ് കുറഞ്ഞതിന്റെ കുറവാണോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. വിള്ളല്‍ മൂടിവെക്കാന്‍ പൂശിയ സിമന്റ് മാറിയപ്പോള്‍ സത്യം പുറത്തുവന്നു. കരാറുകാരനും ഉദ്യോഗസ്ഥരും ചേര്‍ന്ന് പാവങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് എത്ര ലക്ഷങ്ങളാണ് കമ്മീഷന്‍ അടിച്ചതെന്ന് വിജിലന്‍സ് അന്വേഷിക്കണം.
40 വീടുകള്‍ പൂര്‍ത്തിയായെന്ന് അവകാശപ്പെടുമ്പോഴും അവിടെ കുടിവെള്ളമില്ല, മലിനജല പ്ലാന്റില്ല. സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ലഭിച്ച കോടികളുടെ സഹായം എവിടെപ്പോയി? ദുരന്തബാധിതരെ താമസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പോലും പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മാസങ്ങള്‍ വേണമെങ്കില്‍ ഈ സര്‍ക്കാരിന്റെ വേഗത ഒച്ചിന്റേതിലും കഷ്ടമാണ്.
‘മഴ പെയ്യുന്നതിന് മുന്‍പ് ഞങ്ങളെ അവിടെ പ്രവേശിപ്പിക്കണം’ – വി. രമേഷും ബ്രഷ്നോവും വേണുഗോപാലും അടങ്ങുന്ന അതിജീവിതരുടെ കൂട്ടായ്മ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ്്. മേയ് 20 കഴിഞ്ഞാല്‍ കാലവര്‍ഷം കനക്കും. അപ്പോഴും വിള്ളല്‍ വീണ വീടുകള്‍ക്ക് മുന്‍പില്‍ കണ്ണീരോടെ നില്‍ക്കാന്‍ തങ്ങള്‍ക്ക് വയ്യെന്ന് ഇവര്‍ വിളിച്ചുപറയുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.