കോഴിക്കോട്: ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിനെതിരെ ഇടത് സൈബറിടങ്ങളില്‍ വ്യാപകമായ അധിക്ഷേപവും ആക്രമണവും. റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ എന്ന പരിപാടിയില്‍ വയനാട് ദുരന്തബാധിതരുമായി ബന്ധപ്പെട്ട് സ്മൃതി നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
വയനാട് ദുരന്തത്തിനിരയായവരെ തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവന്ന് ‘നാടകം കളിച്ചു’ എന്ന് സ്മൃതി ആരോപിച്ചതാണ് ഇടത് കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ, മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയെയാണ് സ്മൃതി വിമര്‍ശിച്ചത്.
അറപ്പുളവാക്കുന്ന ഭാഷയിലുള്ള സൈബര്‍ ആക്രമണമാണ് സ്മൃതിക്കെതിരെ നടക്കുന്നത്. സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അസഭ്യവര്‍ഷങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്നാല്‍, മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള അവകാശം സ്മൃതിക്കുണ്ടെന്നും അതിനെ വ്യക്തിഹത്യയിലൂടെ നേരിടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
യുവ കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി സ്മൃതിക്ക് പിന്തുണയുമായി രംഗത്തെത്തി. സ്മൃതിയും കുടുംബവും കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവമുള്ളവരായിട്ടും, പാര്‍ട്ടിക്ക് ഓശാന പാടാത്തതിന്റെ പേരില്‍ അവരെ സി.പി.എം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ ‘മാപ്ര’കളായി മുദ്രകുത്തി ആക്രമിക്കുന്ന സെലക്ടീവ് നവോത്ഥാനമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണകൂടം മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കുന്ന നവോത്ഥാന മാധ്യമപ്രവര്‍ത്തകരെയും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. സ്വന്തം സഹപ്രവര്‍ത്തക ആക്രമിക്കപ്പെടുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നവര്‍ ‘ഹൈബ്രിഡ് ഫാസിസ്റ്റുകള്‍’ ആയി മാറുകയാണെന്നും ആര്‍.എസ്.എസ്-സി.പി.എം ശൈലിയിലുള്ള ഈ വേട്ടയാടലിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.കെ. രമ എം.എല്‍.എയും സ്മൃതിക്ക് പിന്തുണ അറിയിച്ചു. രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന മാധ്യമപ്രവര്‍ത്തക സ്ത്രീയാണെങ്കില്‍ ആക്രമണത്തിന്റെ സ്വഭാവം കൂടുതല്‍ വഷളാകുമെന്നത് സി.പി.എം ശൈലിയാണെന്ന് രമ പറഞ്ഞു. വയനാട് ദുരന്തബാധിതരെ അപമാനിച്ചു എന്ന തരത്തില്‍ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം മുറിച്ചെടുത്താണ് പ്രചാരണം നടത്തുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഒരുക്കിയ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത ദുരന്തബാധിതരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിലെ ‘ഔദാര്യയുക്തിയെയാണ്’ സ്മൃതി വിമര്‍ശിച്ചതെന്ന് രമ വിശദീകരിച്ചു. വൈകാരികമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചും വിമര്‍ശകരെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇട്ടു കൊടുത്തും ഭരണകൂടത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്മൃതിയുടെ പരാമര്‍ശത്തിനെതിരെ ഇടത് നിരീക്ഷകനായ പ്രേംകുമാറും രംഗത്തെത്തി. മക്കളെ നഷ്ടപ്പെട്ടൊരമ്മ കണ്ണീരോടെ നില്‍ക്കുമ്പോള്‍ അത് നാടകമാണെന്ന് പറയുന്നതിലെ ക്രൂരതയെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഇത്തരം നിലപാടുകള്‍ തിരുത്തപ്പെടേണ്ടതാണെന്ന സൂചനയാണ് പ്രേംകുമാറിന്റെ കുറിപ്പ് നല്‍കുന്നത്.
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.കെ. ബാബുരാജ് സ്മൃതിക്കെതിരായ വിദ്വേഷത്തിന് പിന്നില്‍ അസഹിഷ്ണുതയാണെന്ന് ആരോപിച്ചു. സത്യം പറയുന്ന നാവുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണിത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെ ചോദ്യം ചെയ്തവരെ കള്ളനെന്ന് വിളിക്കുന്ന അതേ മാനസികാവസ്ഥ തന്നെയാണ് സ്മൃതിക്ക് നേരെയും പ്രയോഗിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്മൃതി പരുത്തിക്കാടിന്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ അവര്‍ ഇടതുപക്ഷ ബോധമുള്ള വ്യക്തിയാണെന്ന് വ്യക്തമാകുമെന്ന് ബാബുരാജ് ചൂണ്ടിക്കാട്ടി. മുന്‍ ദേശാഭിമാനി വാരിക എഡിറ്ററായിരുന്ന സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന്റെ മകളാണ് സ്മൃതി. അവരുടെ ജീവിത പങ്കാളി എന്‍.കെ. ഭൂപേഷും ഇടതുപക്ഷ ചിന്താഗതിക്കാരനായ മാധ്യമപ്രവര്‍ത്തകനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വടകര തെരഞ്ഞെടുപ്പ് കാലത്തെ ‘കാഫിര്‍’ പ്രയോഗത്തിന് പിന്നില്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന് വാര്‍ത്താ അവതരണത്തിനിടെ പറഞ്ഞതാണ് അവരെ ലക്ഷ്യം വെക്കാന്‍ പ്രധാന കാരണമെന്ന് ബാബുരാജ് നിരീക്ഷിക്കുന്നു. ഈ ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ വ്യക്തിഹത്യയിലൂടെയും സ്ത്രീവിരുദ്ധതയിലൂടെയും മാധ്യമപ്രവര്‍ത്തകയെ നേരിടുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സൈബര്‍ ഇടങ്ങളിലെ ഈ കടന്നാക്രമണം കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കരിനിഴലായി മാറിയിരിക്കുകയാണ്. സ്മൃതിക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ സാംസ്‌കാരിക-മാധ്യമ മേഖലകളില്‍ നിന്ന് പ്രതിഷേധം ഇരമ്പുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ തൊഴിലെടുക്കാനുള്ള അവകാശത്തിന് നേരെയുള്ള ഇത്തരം വെല്ലുവിളികള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന വാദവും ശക്തമാകുന്നു.
സ്മൃതി പരുത്തിക്കാടിനെതിരായ നീക്കത്തെ വിമര്‍ശിച്ച് കെ.കെ. രമ എം.എല്‍.എ രംഗത്ത്. ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. കുറിപ്പ് പൂര്‍ണരൂപത്തില്‍:
തങ്ങള്‍ക്കെതിരായ രാഷ്ട്രീയ വിമര്‍ശനം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ ഒരു പുതിയ കാര്യമല്ല. പ്രത്യേകിച്ച് അത് ഒരു സ്ത്രീ കൂടിയാകുമ്പോള്‍ കടന്നാക്രമണങ്ങളുടെ സ്വഭാവവും ആക്കവും വര്‍ദ്ധിക്കും. അതിന്റെ ഒടുവിലത്തെ ലക്ഷ്യമാണ് സ്മൃതി പരുത്തിക്കാട്. സ്മൃതി തീര്‍ത്തും രാഷ്ട്രീയമായി നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് അതുവച്ച് അവര്‍ വയനാട് ദുരന്തബാധിതരെ അപമാനിച്ചു എന്ന നിലയില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും കേട്ടാലറയ്ക്കുന്ന തെറികളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും കൊണ്ട് സൈബറിടം നിറയ്ക്കുകയുമാണ്.
സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നതുകൊണ്ട് മാത്രം നിരന്തരമായി സ്മൃതിയെ അപമാനിക്കാന്‍ വലിയ ശ്രമങ്ങളാണ് നടക്കുന്നത്. അതിലൊന്നും തളര്‍ന്നുപോകുന്ന ഒരു മാധ്യമപ്രവര്‍ത്തകയോ സ്ത്രീയോ അല്ല സ്മൃതി എന്ന് ഇത് നടത്തുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്. വയനാട് ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളില്‍ ഇനിയും ആര്‍ക്കും താമസം തുടങ്ങാനായില്ല എന്നും അവരില്‍നിന്ന് ഒരു കുടുംബത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവരുമ്പോള്‍ അവിടെ സര്‍ക്കാരിന്റെ ഔദാര്യയുക്തിയാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് സ്മൃതി അഭിപ്രായപ്പെട്ടത്. ഈ പ്രചരണത്തെയും അതിന്റെ സംഘാടകരുടെ ഉദ്ദേശ്യത്തെയുമാണ് താന്‍ നാടകമെന്ന് വിളിച്ചത് എന്നും അത് ദുരന്തബാധിതരെയല്ല എന്നും സ്മൃതി പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ഇങ്ങനെ വൈകാരികതയുടെ പ്രതീതി സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചും വിമര്‍ശകരെ ആള്‍ക്കുട്ടത്തിന്റെ അസഭ്യവര്‍ഷങ്ങള്‍ക്ക് എറിഞ്ഞു കൊടുത്തും സര്‍ക്കാരിന്റെ പോരായ്മകള്‍ മറച്ചു പിടിക്കാമെന്നും വിമര്‍ശനങ്ങളെ പ്രതിരോധിക്കാമെന്നും ആരും വ്യാമോഹിക്കേണ്ട. വിമര്‍ശനങ്ങളുടെ കരുത്തുമായി സ്മൃതി പരുത്തിക്കാട് അടക്കമുള്ളവര്‍ ഇവിടെ തന്നെ കാണും.
ഇടത് നിരീക്ഷകന്‍ പ്രേംകുമാര്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പിങ്ങനെ: ‘പെറ്റമക്കള്‍ മൂന്നെണ്ണം ഒരൊറ്റ രാത്രിമഴയിലില്ലാതായിട്ടും, വിതുമ്പലില്ലാതൊരു നിമിഷമില്ലാതിരുന്നിട്ടും പിടിച്ചു നില്‍ക്കുന്ന സയനയെന്നൊരമ്മ നാടകം കളിക്കുകയാണെന്ന് വലിയ വായില്‍ വിളിച്ചു പറയാന്‍ മടിക്കാത്തൊരു സ്ത്രീരൂപത്തെ പറഞ്ഞു തിരുത്താമെന്ന് വെറുതെ വിചാരിക്കുന്നുണ്ട് ചിലരിപ്പോഴും. ഓര്‍ക്കുക… മണ്ണിലുറങ്ങുന്ന മക്കളെയോര്‍ത്തു തൂവുന്നൊരീ കണ്ണീരില്‍ കുതിര്‍ന്നില്ലാതാവാത്തൊരു ചമയങ്ങളുമില്ലീ മണ്ണില്‍’. പ്രേംകുമാര്‍
ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ബാബു രാജ് നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച കുഞ്ഞികൃഷ്ണനെ ‘കള്ളന്‍ ‘ എന്നു വിളിക്കുകയും അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നതിന്റെ ഒപ്പം ചേര്‍ത്താണ് സ്മൃതിക്കും ശരണ്യ.എം.ചാരുവിനും നിഷി ലീല ജോര്‍ജിനും നേരെ ഉയരുന്ന അതിക്രമങ്ങളെയും കാണേണ്ടതെന്ന് ബാബു രാജ് എഴുതി. ആ കുറിപ്പ് പൂര്‍ണരൂപത്തില്‍
സ്മൃതി പരുത്തിക്കാടിനോടുള്ള മാര്‍ക്‌സിസ്റ്റുകാരുടെ വിദ്വേഷത്തിന് പിന്നിലുള്ളത്, സത്യം പറയാന്‍ ശ്രമിക്കുന്ന നാവുകളോടുള്ള അവരുടെ അസഹിഷ്ണുത മാത്രമാണ്. രക്തസാക്ഷി ഫണ്ട് കട്ടെടുത്തത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തോട് കലഹിച്ച കുഞ്ഞികൃഷ്ണനെ ‘കള്ളന്‍ ‘ എന്നു വിളിക്കുകയും അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നതിന്റെ ഒപ്പം ചേര്‍ത്താണ് സ്മൃതിക്കും ശരണ്യ.എം.ചാരുവിനും നിഷി ലീല ജോര്‍ജിനും നേരെ ഉയരുന്ന അതിക്രമങ്ങളെയും കാണേണ്ടത്.
സ്മൃതിക്ക് എതിരെ മുന്‍കാലത്ത് ഇക്കൂട്ടര്‍ നടത്തിയ വ്യക്തിഹത്യയില്‍ പ്രതികരിച്ചു കൊണ്ടു എഴുതിയ ഒരു കുറിപ്പ് ഇവിടെ റീപോസ്റ്റ് ചെയ്യുകയാണ്. സ്മൃതി പരുത്തിക്കാട് എന്ന മാധ്യമ പ്രവര്‍ത്തകയെ എല്ലാ പരിധികളും വിട്ടു വ്യക്തിഹത്യ ചെയ്യുകയാണ് സോഷ്യല്‍ മീഡിയയിലെ മാര്‍ക്‌സിസ്റ്റ് പ്രചാരക സംഘങ്ങള്‍. മീഡിയവണ്‍ ചാനലില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്തതിന്റെ ഫലമായി അവരില്‍ മൗദുതി വിഷം പകര്‍ന്നെന്നാണ് ‘മാപ്ര വിരോധികള്‍’ പറഞ്ഞു പരത്തുന്നത്. കേരളത്തിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും ബുദ്ധിജീവിയുമായിരുന്ന സിദ്ധാര്‍ഥന്‍ പരുത്തിക്കാടാണ് അവരുടെ പിതാവ്.അദ്ദേഹം ദേശാഭിമാനി വാരികയുടെ മുന്‍ എഡിറ്ററായിരുന്നു. നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സ്മൃതിയുടെ ജീവിത പങ്കാളിയായ എന്‍. കെ. ഭൂപേഷും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമല്ലെങ്കിലും മാര്‍ക്‌സിസ്റ്റ് ചിന്തയുടെ പക്ഷത്തു തന്നെയുള്ള വ്യക്തിത്വമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എഡിറ്ററാണ് അദ്ദേഹം ഇപ്പോള്‍. സ്മൃതി തന്നെ ഇടതുപക്ഷ പൊതുബോധമുള്ള ഒരു വ്യക്തിയാണ് എന്നാണ് അറിവ്. ഇപ്രകാരം പല വിധത്തിലും മാര്‍ക്‌സിസ്റ്റ് പാരമ്പര്യമുള്ള ഒരു മാധ്യമ പ്രവര്‍ത്തകയെ അവര്‍ മുന്‍പ് പ്രവര്‍ത്തിച്ചതോ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതോ ആയ സ്ഥാപനത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് അവരുടെ തൊഴിലെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നാക്രമണമായിട്ടേ കാണാനാവു.
എന്താണ് ഈ മാധ്യമ പ്രവര്‍ത്തക ചെയ്ത മഹാപരാധം? വടകര ഇലക്ഷനില്‍ പ്രചരിച്ച കാഫിര്‍ എന്ന പ്രയോഗം മാര്‍ക്‌സിസ്റ്റുകള്‍ തന്നെ നിര്‍മിച്ചതാണെന്നു തന്റെ വാര്‍ത്ത അവതരണത്തില്‍ അവര്‍ പറഞ്ഞതാണ് പ്രശ്‌നം. അല്ലെന്നു തെളിയിക്കാന്‍ ഭരണകൂടവും പാര്‍ട്ടി സംവിധാനവും എല്ലാം ഉണ്ടായിട്ടും മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ലല്ലോ. പകരം വ്യക്തി ഹത്യയും സ്ത്രീ വിരുദ്ധതയുമായിട്ട് ഇറങ്ങിയിരിക്കുകയാണ് കടന്നലുകള്‍ എന്നു സ്വയം അഭിമാനിക്കുന്ന ഇക്കൂട്ടര്‍.’
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നീലക്കടലും പവിഴപ്പുറ്റുകളും നിറഞ്ഞ ലക്ഷദ്വീപിന്റെ സൗന്ദര്യം നുണയാന്‍ ഇനി സാധാരണക്കാര്‍ക്കും അവസരം; ലക്ഷദ്വീപിലേക്ക് ഇനി ‘ഈസി’യായി പോകാം; പോലീസ് ക്ലിയറന്‍സും സ്പോണ്‍സറും വേണ്ട; പെര്‍മിറ്റിന് ഓണ്‍ലൈന്‍ അപേക്ഷ മാത്രം





