യുഎഇ ലക്ഷ്യമാക്കി ഇറാന്റെ മിസൈലുകള്‍; കുവൈറ്റിലും ഖത്തറിലും സ്‌ഫോടനം; ദുബായ് എയര്‍പോര്‍ട്ട് സ്തംഭിച്ചു; യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി; മേഖല അതീവ ജാഗ്രതയില്‍; ബുര്‍ജ് ഖലീഫയില്‍ നിന്ന് ജനങ്ങളെ മാറ്റി; പ്രവാസികള്‍ മുള്‍മുനയില്‍

ദുബായ്/അബുദാബി: പശ്ചിമേഷ്യയിലെ യുദ്ധഭീതിയില്‍ വിറച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ ഗള്‍ഫ് നഗരങ്ങളെ ലക്ഷ്യം വെച്ചതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചുപൂട്ടി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇറാന്റെ ഡ്രോണ്‍-മിസൈല്‍ പ്രഹരങ്ങള്‍ പ്രതിരോധിക്കാന്‍ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാണെങ്കിലും, അബുദാബിയിലെ ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യന്‍ വംശജന്‍ കൊല്ലപ്പെട്ടത് പ്രവാസി സമൂഹത്തിനിടയില്‍ വന്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ പലതും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.
ദുബായ് ഇന്റര്‍നാഷണല്‍ , അല്‍ മക്തൂം  വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരോട് അടിയന്തരമായി മടങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. റമസാന്‍ മാസത്തില്‍ രാജ്യം നേരിടുന്ന ഈ അപ്രതീക്ഷിത ആക്രമണത്തെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച യുഎഇ പ്രതിരോധ മന്ത്രാലയം, തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കി.
അതിനിടെ, മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ദുബായ് ലക്ഷ്യമിട്ടെത്തിയ ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നത് പ്രവാസികളെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഖത്തറിലെ ദോഹയില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മൊബൈല്‍ സന്ദേശം വഴി നിര്‍ദ്ദേശം നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ ഇന്ധന കയറ്റുമതി കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതും ബഹ്‌റൈനിലെ യുഎസ് നാവികസേന ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണവും ആഗോള വിപണിയെയും ബാധിച്ചിട്ടുണ്ട്. പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഫ്‌ലൈ ദുബായ്, എയര്‍ അറേബ്യ എന്നിവ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
ബ്രിട്ടീഷ് എയര്‍വേയ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികള്‍ മാര്‍ച്ച് 3 വരെ മേഖലയിലേക്കുള്ള യാത്രകള്‍ റദ്ദാക്കി. ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.