ടെല്‍അവീവ്/ടെഹ്‌റാന്‍: ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണം ഇറാനെ പിടിച്ചുലച്ചു. ഖമേനി കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിടുമ്പോഴും ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച പുലര്‍ച്ചെ ടെഹ്‌റാനെ നടുക്കിയ സ്‌ഫോടന പരമ്പരകളോടെയാണ് ആക്രമണം തുടങ്ങിയത്. ഇറാന്റെ അധികാര കേന്ദ്രമായ ഖമേനിയുടെ ഓഫീസുകള്‍ക്കും കൊട്ടാരത്തിനും നേരെയായിരുന്നു ആദ്യ പ്രഹരം. ഖമേനിയുടെ കൊട്ടാരം പൂര്‍ണമായും തകര്‍ന്നതായി ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുകൊണ്ടാണ് ഖമേനിയെ കുറിച്ച് അഭ്യൂഹം പടരുന്നത്.
ഖമേനിക്ക് പുറമെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളെയെല്ലാം വകവരുത്തുകയായിരുന്നു സംയുക്ത സൈന്യത്തിന്റെ ലക്ഷ്യം. ആക്രമണ സമയത്ത് ഖമേനി ടെഹ്‌റാനില്‍ ഇല്ലായിരുന്നുവെന്നും അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും ഈ നീക്കങ്ങളും തമ്മിലുള്ള ബന്ധം നയതന്ത്ര ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്.
പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദത്തിന് ഇറാന്‍ നല്‍കുന്ന പ്രാധാന്യം കാരണമാണ് ഇസ്രയേലിനെതിരായ തിരിച്ചടി ഇറാന്‍ വൈകിപ്പിച്ചത്. എന്നാല്‍ മോദി മടങ്ങിയതിന് പിന്നാലെ ഇസ്രയേല്‍ കടുത്ത നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യയുടെ നയതന്ത്ര സ്വാധീനം മേഖലയില്‍ എത്രത്തോളമുണ്ടെന്ന് ഈ സംഭവങ്ങള്‍ അടിവരയിടുന്നു.
അഭ്യൂഹങ്ങള്‍ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സുരക്ഷിതനാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ അറിയിച്ചു. ടെലഗ്രാം വഴിയാണ് പ്രസിഡന്റിന്റെ ഓഫീസിനെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ചോ അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചോ ഉള്ള മൗനം ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ ഇറാനും ഇസ്രയേലും പരസ്പരം മിസൈലുകള്‍ വര്‍ഷിച്ചതോടെ പശ്ചിമേഷ്യയില്‍ ഒരു മഹാ യുദ്ധത്തിനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. അമേരിക്കയുടെ നേരിട്ടുള്ള പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ ഇറാനെ എപ്രകാരം ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഖമേനിയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ മേഖലയുടെ ഭാവി തീരുമാനിക്കപ്പെടും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആത്മീയ നേതൃത്വത്തിന് മുകളില്‍ സൈനിക ശക്തി ആധിപത്യം ഉറപ്പിക്കുന്നു? ഇറാനില്‍ സൈനിക അട്ടിമറിയോ? അധികാരക്കൈമാറ്റത്തിന്റെ മുള്‍മുനയില്‍ ഇറാന്‍: കാവിയാര്‍ തീരങ്ങളില്‍ പടരുന്ന നിഴല്‍യുദ്ധം; യുദ്ധം തുടരാന്‍ സാധ്യത ഏറെ





