മെൻലോ പാർക്ക്: ആഗോളതലത്തിലെ മുഴുവൻ ജീവനക്കാരിൽ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ച് മെറ്റ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപയോഗം മൂലം വർധിച്ചുവരുന്ന ചെലവുകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും മുൻനിർത്തിയാണ് മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കമ്പനിയുടെ എച്ച്ആർ വിഭാഗം ജീവനക്കാർക്ക് നൽകിയ മെമ്മോയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തേക്കുള്ള വലിയ നിക്ഷേപങ്ങൾ മൂലം ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, മറ്റ് നിക്ഷേപങ്ങൾക്കായി പണം കണ്ടെത്തുന്നതിനാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് കമ്പനിയുടെ പുതിയ തീരുമാനം.മെറ്റയുടെ ചീഫ് പീപ്പിൾ ഓഫീസർ ജാനെൽ ഗെയ്ൽ അയച്ച സന്ദേശത്തിൽ പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്മെയ് 20-ഓടെ കമ്പനിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. നിലവിലെ ജീവനക്കാരിൽ 10 ശതമാനത്തെ പിരിച്ചുവിടുന്നതിന് പുറമെ, നികത്താൻ പദ്ധതിയിട്ടിരുന്ന 6,000-ഓളം ഒഴിവുകൾ കൂടി റദ്ദാക്കും.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്കായി ഉദാരമായ ഒരു പാക്കേജാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. യുഎസിലെ ജീവനക്കാർക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം പാക്കേജായി ലഭിക്കും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും 18 മാസത്തേക്ക് കോബ്രാ ആരോഗ്യ പരിരക്ഷാ കവറേജ് നൽകും.പുതിയ ജോലി കണ്ടെത്തുന്നതിനായി കരിയർ സേവനങ്ങളും, ആവശ്യമുള്ളവർക്ക് ഇമിഗ്രേഷൻ പിന്തുണയും കമ്പനി ഉറപ്പാക്കും. മറ്റ് രാജ്യങ്ങളിലുള്ളവർക്കും സമാനമായ സഹായങ്ങൾ അതത് രാജ്യങ്ങളിലെ നിയമങ്ങൾക്കനുസരിച്ച് നൽകുമെന്ന് കമ്പനി അറിയിച്ചു.
ടെക് ലോകത്ത് എഐ സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പേരിൽ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട ഒറാക്കിൾ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ഭീമന്മാരുടെ പട്ടികയിലേക്കാണ് ഇപ്പോൾ മെറ്റയും ഇടംപിടിച്ചിരിക്കുന്നത്. മെയ് 20-ന് മുമ്പ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും കമ്പനി അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“ഇനി മന്നയും റിലയൻസിന്റെ കൈകളിൽ! ദക്ഷിണേന്ത്യ പിടിക്കാൻ അംബാനിയുടെ വമ്പൻ നീക്കം





