തിരുവനന്തപുരം: നിലവിലുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് മുൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് എസ് എൻ ട്രസ്റ്റിന് മാത്രമായി ചട്ട വിരുദ്ധമായി അനുവദിച്ച തസ്തികകൾ റദ്ദാക്കണമെന്ന് സർക്കാരിന് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയത്.
എസ്. എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക ചെലവ് വരും. കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുൻപുള്ള അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാൽ എസ്. എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി 85 തസ്തികകൾ 2022 വർഷത്തിലെ വിദ്യാർത്ഥികളുടെ എണ്ണവും ജോലി ഭാരവും അടിസ്ഥാനമാക്കി അനുവദിക്കുകയായിരുന്നുവെന്ന് നിവേദനത്തിൽ പറയുന്നു. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നേരിട്ട് അദാലത്ത് നടത്തിയാണ് എസ് എൻ കോളേജുകൾക്ക് മാത്രമായി നിയമവിരുദ്ധമായി തസ്തികകൾ സൃഷ്ടിക്കുവാൻ അനുമതി നൽകിയത്.
2022 നു ശേഷം സംസ്ഥാനത്തെ കോളേജുകളിലെ വിവിധ കോഴ്സുകൾക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. പല കോളേജുകളിലും പല കോഴ്സുകളിലും മതിയായ വിദ്യാർത്ഥികൾ പോലും ഇല്ലാത്ത അവസ്ഥയാണ്. എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളേജുകളിലും വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചില വിഷയങ്ങളിൽ അഞ്ചിന് താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ വിദ്യാർത്ഥികളുടെ എണ്ണം പരിശോധിക്കാതെയും സാധാരണ നടപടിക്രമങ്ങൾ പാലിക്കാതെയും മുൻ സർക്കാർ പ്രത്യേക പരിഗണന നൽകി എസ്.എൻ മാനേജ്മെന്റിന് മാത്രമായി അധിക അധ്യാപക തസ്തികകൾ അനുവദിച്ചത് ഗൗരവമായ ക്രമക്കേടാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തെ ഞെട്ടിച്ച് വീണ്ടും ‘ഡാറ്റാ ബോംബ്’; മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിവരങ്ങള്‍ ചോര്‍ത്തി; രഹസ്യക്കത്ത് പുറത്തുവിട്ട് ചെന്നിത്തല





