മല്ലികാ സാരാഭായിയെ മാറ്റണം, മുഖ്യമന്ത്രി ചാൻസിലറാകണം: ആവശ്യവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

തിരുവനന്തപുരം: കലാമണ്ഡലം സർവകലാശാലയുടെ ചാൻസിലർ പദവിയിൽ നിന്ന് ഡോ.മല്ലികാ സാരാഭായിയെ നീക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ സർവകലാശാലയുടെ ചാൻസിലറായി നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് .
കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സർവകലാശാലയുടെ ചാൻസിലർ ആയിരുന്ന ഗവർണറെ ആ പദവിയിൽ നിന്നും മാറ്റി മല്ലികാ സാരാഭായിയെ നിയമിച്ചതിലൂടെ പ്രതിവർഷം 50 ലക്ഷം രൂപയുടെ അധിക ചെലവാണ് സർവ്വകലാശാലയ്ക്ക് വഹിക്കേണ്ടി വന്നിരിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2022 ലാണ് മല്ലികാ സാരാഭായ് ഇവിടെ നിയമിക്കപ്പെടുന്നത്. ജീവനക്കാർക്ക്  ശമ്പളം പോലും നൽകാൻ സാധിക്കാതിരിക്കുമ്പോഴാണ്  ഈ അധിക ഭാരം കൂടി സർവകലാശാലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നതെന്ന് നിവേദനത്തിൽ പറയുന്നു.
മല്ലിക സാരാഭായിയുടെ  ചാൻസിലറായുള്ള നിയമനത്തെ തുടർന്ന് പ്രോട്ടോകാൾ നിബന്ധനമൂലം സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക്  സർവ്വകലാശാലയുടെ പ്രൊ ചാൻസിലർ പദവിയിൽ തുടരാനായില്ല. മുൻ ഗവർണർ ആരിഫ്  മുഹമ്മദ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ  ഗവർണറെ മാറ്റി മല്ലിക സാരഭായിയെ സർക്കാർ നിയമിക്കുകയായിരുന്നു. ഗവർണർ  ചാൻസിലറായി തുടർന്നപ്പോൾ ഒരു അധിക  സാമ്പത്തികബാധ്യതയും സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നില്ല. മല്ലിക സാരാഭായിക്ക്  മഹാരാഷ്ട്രയിൽനിന്ന്  വിമാനത്തിൽ എക്സിക്യൂട്ടീവ് ക്ലാസ്സിൽ വരുന്നതിനുള്ള ചെലവുകളും താമസസൗകര്യങ്ങളും ശമ്പളത്തിന് പുറമെ സർവ്വകലാശാലയ്ക്ക് അധികമായി വഹിക്കേണ്ടതായി  വന്നു.
കൽപ്പിത സർവ്വകലാശാലയുടെ ചാൻസിലറെ നിയമിക്കുവാനുള്ള അധികാരം  സർക്കാരിൽ  നിക്ഷിപ്തമാണ്. അതുകൊണ്ട് മല്ലിക സാരഭായിയെ ചാൻസിലർ പദവിയിൽ നിന്ന് അടിയന്തരമായി മാറ്റി ചാൻസിലറായി  മുഖ്യമന്ത്രിയെയും പ്രോ ചാൻസിലറായി സാംസ്കാരിക വകുപ്പ് മന്ത്രിയെയും നിയമിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.