മോസ്‌കോ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് റഷ്യയിൽ സമ്പൂർണ്ണ നിരോധനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെയും തദ്ദേശീയ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്ന് മെറ്റ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2026-ഓടെ നിരോധനം പൂർണ്ണമാകുമെന്നാണ് സൂചന.
യുക്രെയ്ൻ അധിനിവേശം ആരംഭിച്ച 2022 മുതൽ തന്നെ വിദേശ ഐടി കമ്പനികളും റഷ്യൻ സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെയാണ് ഇപ്പോൾ വാട്‌സ്ആപ്പിന് മേലും റഷ്യ പിടിമുറുക്കുന്നത്. റഷ്യൻ സർക്കാർ പിന്തുണയോടെ വികസിപ്പിച്ച ‘മാക്സ്’ (MAX) എന്ന ആപ്പിനെ വിപണിയിൽ എത്തിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
റഷ്യൻ സർക്കാർ വികസിപ്പിച്ച ‘മാക്സ്’ ആപ്പിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ട്രാക്ക് ചെയ്തേക്കുമെന്ന് മെറ്റ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ റഷ്യൻ അധികൃതർ തള്ളി.ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്നതിനായി ഒരു സർക്കാർ ആപ്പ് അടിച്ചേൽപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് വാട്‌സ്ആപ്പ് കുറ്റപ്പെടുത്തി. തങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മെറ്റ വ്യക്തമാക്കി.
“നരകത്തിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും”; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മാസ് മറുപടി! ഹോർമുസ് കടലിടുക്കിനെച്ചൊല്ലി പോര് മുറുകുന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ
റഷ്യൻ നിയമങ്ങളുമായി സഹകരിക്കാൻ മെറ്റ തയ്യാറാണെങ്കിൽ ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എന്നാൽ വിട്ടുവീഴ്ചയ്ക്ക് മെറ്റ തയ്യാറായില്ലെങ്കിൽ നിരോധനം അനിവാര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യൻ വിപണിയിലെ ഈ മാറ്റം ആഗോളതലത്തിൽ ടെക് കമ്പനികളും സർക്കാരുകളും തമ്മിലുള്ള ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.


ദുബായ് വിമാനത്താവളം തുറന്നു; തിരുവനന്തപുരത്ത് കുടുങ്ങിയ യാത്രക്കാർ മടങ്ങി





