“നരകത്തിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും”; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മാസ് മറുപടി! ഹോർമുസ് കടലിടുക്കിനെച്ചൊല്ലി പോര് മുറുകുന്നു; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനത്തെ പരിഹസിച്ച് ഇറാൻ. കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ ‘സർവ്വനാശം’ വിതയ്ക്കുമെന്ന ട്രംപിന്റെ ഭീഷണി വിഡ്ഢിത്തമാണെന്ന് ഇറാൻ സൈനിക കമാൻഡ് വിശേഷിപ്പിച്ചു. ഇതിന് മറുപടിയായി യുഎസിനും ഇസ്രയേലിനും നേരെ ‘നരകത്തിന്റെ വാതിലുകൾ’ തുറക്കുമെന്നാണ് ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ജനറൽ അലി അബ്ദൊള്ളാഹി അലിബാദി മുന്നറിയിപ്പ് നൽകിയത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ട്രംപ് നൽകിയ സമയം അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ ഭീഷണി. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലെ അതേ ഭാഷയിൽ പ്രതികരിച്ച അലിബാദി, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം അമേരിക്കയ്ക്കും ഇസ്രയേലിനും താങ്ങാനാവില്ലെന്ന് വ്യക്തമാക്കി. “അധികാരമില്ലാത്തവന്റെ അസന്തുലിതമായ വെറും വാക്കുകൾ” എന്നാണ് ട്രംപിന്റെ ഭീഷണിയെ ഇറാൻ വിശേഷിപ്പിച്ചത്.
 പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ കുവൈത്തിലെ ജലശുദ്ധീകരണ ശാലകൾക്കും വൈദ്യുതി നിലയങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഷുവെൈഖ് എണ്ണ ശുദ്ധീകരണ യൂണിറ്റിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായും ഇതിനായി വാഷിംഗ്ടണിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 ഏപ്രിൽ 6 തിങ്കളാഴ്ച രാത്രി 8 മണിയോടെ (ഇന്ത്യൻ സമയം ഏപ്രിൽ 7 പുലർച്ചെ) ട്രംപ് നൽകിയ സമയപരിധി അവസാനിക്കും. രണ്ട് വൈദ്യുതി-ജലശുദ്ധീകരണ ശാലകൾ തകർന്നതായി കുവൈത്ത് മന്ത്രാലയം സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിലും വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.പശ്ചിമേഷ്യയിൽ ഒരു പൂർണ്ണ യുദ്ധത്തിനുള്ള സാധ്യത ഏറിവരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.