വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഇറക്കുമതി അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ആണവപ്ലാന്റുകള്‍ ആക്രമിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന ട്രംപ്, ഇപ്പോള്‍ നിലപാട് മയപ്പെടുത്തുകയാണ്.
ഹോര്‍മുസിലൂടെയുള്ള എണ്ണ ആവശ്യമുള്ള രാജ്യങ്ങള്‍ ആ പാത സംരക്ഷിക്കാനോ പിടിച്ചെടുക്കാനോ സ്വയം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള ഇന്ധന വിപണി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം. അമേരിക്കയുടെ ഭാവി സുരക്ഷിതമാണെന്നും തങ്ങള്‍ ഇനി ഹോര്‍മുസിനെ ആശ്രയിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ‘ഹോര്‍മുസിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇനി രണ്ടുവഴികളാണുള്ളത്. ഒന്നുകില്‍ അമേരിക്കയില്‍നിന്ന് എണ്ണ വാങ്ങാം, അല്ലെങ്കില്‍ ഹോര്‍മുസ് സംരക്ഷിക്കാനുള്ള ധൈര്യം കാണിക്കാം,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെയുള്ള സൈനിക നടപടികളുടെ കഠിനമായ ഭാഗങ്ങളെല്ലാം പൂര്‍ത്തിയായെന്നും സംഘര്‍ഷം അവസാനിച്ചാല്‍ ഹോര്‍മുസ് സ്വാഭാവികമായും തുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ എണ്ണവില കുറയുമെന്നും ഓഹരി വിപണി വീണ്ടും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദിന് സമീപം ഇറാന്‍ തൊടുത്ത മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു.
തകര്‍ന്ന മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ശനിയാഴ്ച ഇതേ മേഖലയിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയിലും ബഹ്റൈന് നേരെയും ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായി. സൗദി പ്രതിരോധ മന്ത്രാലയം ഈ ആക്രമണങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍, ബഹ്റൈനില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ താത്ക്കാലികമായി അടച്ചുപടുത്തു. യുദ്ധം മൂലം കമ്മ്യൂണിക്കേഷന്‍ നഷ്ടമായ മേഖലകളില്‍ പ്രവാസികള്‍ വലിയ ആശങ്കയിലാണ്. ട്രംപിന്റെ പുതിയ പ്രഖ്യാപനവും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണവും വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക പൂര്‍ണ്ണ വിജയം വരിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇറാന്‍ നാവികസേനയെ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും വ്യോമസേനയെ തകര്‍ത്തുതരിപ്പണമാക്കിയെന്നും ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ ശേഷി ഗണ്യമായി കുറഞ്ഞതായും പ്രമുഖ ഇറാന്‍ നേതാക്കളെല്ലാം കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ സൈനിക ആശയവിനിമയ ശൃംഖലകള്‍ തകര്‍ന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തെ ആണവ കരാറിനെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ്, ആ കരാര്‍ റദ്ദാക്കിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ‘നയതന്ത്ര പാതയാണ് ഞാന്‍ ആഗ്രഹിച്ചത്, എന്നാല്‍ ഇറാന്‍ എല്ലാ കരാറുകളെയും ലംഘിച്ച് ആണവ പദ്ധതികളുമായി മുന്നോട്ട് പോയി. ഒബാമയുടെ കരാര്‍ നിലനിന്നിരുന്നെങ്കില്‍ അത് ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണിയായേനെ,’ ട്രംപ് വിശദീകരിച്ചു. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 45,000 പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
ഊര്‍ജ്ജ കാര്യത്തില്‍ അമേരിക്ക സ്വയംപര്യാപ്തത നേടിയതായും ഇനി പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ‘ഡ്രില്‍ ബേബി ഡ്രില്‍’ (Drill Baby Drill) എന്ന തന്റെ നയം വിജയിച്ചതോടെ അമേരിക്കയില്‍ ധാരാളം എണ്ണയുണ്ട്. ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ആ പാത സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. വെനസ്വേലയില്‍ നിന്നുള്ള എണ്ണ ലഭ്യമായതിനാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഇനി ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു.
തങ്ങളുടെ സഖ്യകക്ഷികളായ ഇസ്രയേല്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ട്രംപ് നന്ദി രേഖപ്പെടുത്തി. അവര്‍ക്ക് ഒരു തരത്തിലുള്ള പരിക്കേല്‍ക്കാനും പരാജയപ്പെടാനും അമേരിക്ക അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇറാന്‍ പുതിയ കരാറിന് തയ്യാറായില്ലെങ്കില്‍ അവരുടെ വൈദ്യുതി ശൃംഖലകളെ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. എന്നാല്‍ ഇത്തരമൊരു നീക്കം ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പരാജയത്തിന് പിന്നാലെ ‘ലൈസന്‍സ്’ കുരുക്ക്; ഗണേഷ് കുമാറിന് എട്ടിന്റെ പണി! 18 തികയും മുമ്പേ ഡ്രൈവിംഗ്? കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; എംഎല്‍എ പദവി പോയ ഗണേഷിന് ലൈസന്‍സും പോകുമോ?





