ബേയ്ജിംഗ്: ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളി പുതിയ തലത്തിലേക്ക് മാറുകയാണ്. അമേരിക്കയുടെ ഏകപക്ഷീയമായ മേധാവിത്വ മോഹങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് റഷ്യയും ചൈനയും ബീജിങ്ങില്‍ വീണ്ടും കൈകോര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന, പരോക്ഷമായി അമേരിക്കയ്ക്കുള്ള കടുത്ത താക്കീതാണ്. എന്നാല്‍, ഈ അമേരിക്കന്‍ വിരുദ്ധതയുടെ തിളക്കത്തിനിടയിലും സ്വന്തം സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ചൈനയുടെ നെട്ടോട്ടമാണ് അണിയറയില്‍ കാണാനാകുന്നത്.
കഴിഞ്ഞ ആറുമാസമായി ഇറാനിലും വെനസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങളെയും ഉപരോധങ്ങളെയും പ്രസ്താവനയില്‍ ഇരുരാജ്യങ്ങളും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ചര്‍ച്ചകളുടെ മറവില്‍ വ്യോമാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും, പരമാധികാര രാജ്യങ്ങളിലെ നേതാക്കളെ വധിക്കുന്നതും, ഭരണകൂട അട്ടിമറികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപപ്പെട്ട ലോകക്രമത്തെ തകര്‍ക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ട്രംപിന്റെ നയങ്ങള്‍ ആഗോളതലത്തില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, തങ്ങള്‍ പുതിയൊരു ബഹുധ്രുവ ലോകക്രമത്തിന്റെ അമരക്കാരാകുമെന്ന സന്ദേശമാണ് ഇരുവരും നല്‍കുന്നത്.
പ്രസ്താവനയിലെ വാക്കുകള്‍ക്ക് കനമേറെയാണെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ സാമ്പത്തിക വഴിത്തിരിവുകളൊന്നും ഈ കൂടിക്കാഴ്ചയില്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. റഷ്യന്‍ പ്രകൃതിവാതക വിതരണത്തെക്കുറിച്ച് നിര്‍ണായക കരാറുകള്‍ ലോകം പ്രതീക്ഷിച്ചിരുന്നെങ്കിലും, ഊര്‍ജ്ജ മേഖലയിലെ സഹകരണം തുടരുമെന്ന പതിവ് പല്ലവിയില്‍ ചര്‍ച്ചകള്‍ അവസാനിച്ചു.
ഉക്രെയ്ന്‍ വിഷയത്തിലും ചൈന തങ്ങളുടെ തന്ത്രപരമായ ഇരട്ടത്താപ്പ് തുടരുകയാണ്. ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നിലെ ‘യഥാര്‍ത്ഥ കാരണങ്ങള്‍’ ഇല്ലാതാക്കണമെന്ന ക്രെംലിന്റെ ന്യായീകരണങ്ങള്‍ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ ചൈന സമ്മതിച്ചു. എന്നാല്‍, അതേസമയം തന്നെ ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന വരികള്‍ കൂടി ചേര്‍ത്തുകൊണ്ട്, റഷ്യയുടെ യുദ്ധത്തിന് പരസ്യ പിന്തുണ നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന കൃത്യമായ അകലം ചൈന പ പാലിക്കുകയും ചെയ്തു.
ഈ ഉച്ചകോടിയില്‍ ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇറാന്‍ യുദ്ധമാണ്. ഉക്രെയ്‌നിലെ യുദ്ധം വര്‍ഷങ്ങളായി തുടരുമ്പോഴും നിഷ്പക്ഷത നടിക്കുന്ന ഷി ജിന്‍പിങ്, ഇറാനിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ വല്ലാത്ത തിടുക്കം കൂട്ടുന്നുണ്ട്. ഇതിന് പിന്നില്‍ ചൈനയുടെ ശുദ്ധമായ സാമ്പത്തിക താല്പര്യങ്ങള്‍ മാത്രമാണുള്ളത്.
ചൈനയ്ക്ക് ആവശ്യമുള്ള എണ്ണയുടെ സിംഹഭാഗവും വരുന്നത് ഇറാന്‍ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. ആഗോള എണ്ണവ്യാപാരത്തിന്റെ നിര്‍ണായക കവാടമായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 45 ശതമാനവും കടന്നുപോകുന്നത്. ഇറാന്‍ യുദ്ധവും കടലിടുക്കിലെ ഉപരോധവും കാരണം ചൈനയുടെ ഇന്ധന സ്രോതസ്സ് പൂര്‍ണ്ണമായും നിശ്ചലമാകുന്ന അവസ്ഥയിലാണ്. ഇതിന് പകരമായി റഷ്യയില്‍ നിന്ന് ലഭിക്കുന്നത് ചൈനയുടെ ആകെ ആവശ്യത്തിന്റെ 18 ശതമാനം മാത്രമാണ്.
അതുകൊണ്ട് തന്നെ റഷ്യയെ സഹായിക്കാന്‍ പോയി യൂറോപ്പുമായുള്ള വലിയ വ്യാപാര ബന്ധം തകര്‍ക്കാനും ചൈനയ്ക്ക് താല്പര്യമില്ല. ഇറാന്‍ യുദ്ധത്തില്‍ സമാധാന ദൂതനാകാന്‍ ശ്രമിക്കുന്ന ചൈനയുടെ ഈ ഇരട്ടത്താപ്പ് ആഗോളതലത്തില്‍ അവരുടെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുമുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഗള്‍ഫ് യുദ്ധപ്രതിസന്ധി: ഇന്ത്യക്ക് കനത്ത പ്രഹരമേല്‍ക്കും; സ്വയംപര്യാപ്തതയല്ലാതെ മറ്റ് വഴികളില്ല
ഗള്‍ഫ് യുദ്ധപ്രതിസന്ധി: ഇന്ത്യക്ക് കനത്ത പ്രഹരമേല്‍ക്കും; സ്വയംപര്യാപ്തതയല്ലാതെ മറ്റ് വഴികളില്ല







