ഒറാക്കിളിൽ വൻ പിരിച്ചുവിടൽ: ഇന്ത്യയിൽ മാത്രം 12,000 പേർക്ക് ജോലി നഷ്ടമാകും

ലോകപ്രശസ്ത ഐടി കമ്പനിയായ ഒറാക്കിളിൽ വൻതോതിലുള്ള പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏകദേശം 20,000 മുതൽ 30,000 വരെ ജീവനക്കാരെ ഈ നടപടി ബാധിക്കുമെന്നാണ് സൂചന. കമ്പനിയുടെ ആകെ ജീവനക്കാരുടെ 18 ശതമാനത്തോളം വരുമിത്. ഇന്ത്യയിൽ മാത്രം ഏകദേശം 12,000 പേർക്ക് ജോലി നഷ്ടമാകും എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

പുലർച്ചെ അഞ്ചു മണിക്കും ആറു മണിക്കും ഇടയിലുള്ള സമയങ്ങളിൽ ഇമെയിൽ വഴിയാണ് പല ജീവനക്കാരെയും തങ്ങളുടെ തസ്തികകൾ റദ്ദാക്കിയ വിവരം കമ്പനി അറിയിച്ചത്. ഇത് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് വലിയ ഞെട്ടലായി. ഒറാക്കിളിന്റെ ക്ലൗഡ് ബിസിനസ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ഇത്തരത്തിൽ അപ്രതീക്ഷിതമായി തൊഴിൽ നഷ്ടമായിരിക്കുന്നത്.

ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം കമ്പനി മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന സമയത്താണ് ഈ കടുത്ത നടപടി എന്നതാണ് ശ്രെദ്ധേയം 17.2 ബില്യൺ ഡോളറിന്റെ വരുമാനവും ക്ലൗഡ് മേഖലയിൽ 44 ശതമാനം വളർച്ചയും കമ്പനി രേഖപ്പെടുത്തിയിരുന്നു.

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ 50 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക മുന്നേറ്റത്തിനിടയിലും പുനഃസംഘടനയുടെ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടിംഗ് വിഭാഗങ്ങളെയും ഈ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. കമ്പനി ഔദ്യോഗികമായി കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലിങ്ക്ഡ്ഇൻ, റെഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ജീവനക്കാർ തങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. പിരിച്ചുവിടൽ വാർത്ത പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ഒറാക്കിളിന്റെ മൂല്യം 6 ശതമാനം വർധിച്ചെങ്കിലും, വർഷങ്ങളോളം കമ്പനിയെ സേവിച്ച ജീവനക്കാർ കടുത്ത മാനസിക വിഷമത്തിലാണ്. വരും ദിവസങ്ങളിലും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന ഭീതി ഐടി മേഖലയിൽ പടരുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.