കേരളം ആഗോള തൊഴിൽ ഭൂപടത്തിലേക്ക്: അഞ്ചു വർഷത്തിനിടെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച

തിരുവന്തപുരം: സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കുതിച്ചുചാട്ടം ആഗോള തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഈ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തിലെ യുവാക്കൾക്കായി വിപുലമായ വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്നു. ഉന്നത വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽത്തന്നെ മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ രൂപം നൽകിക്കഴിഞ്ഞു.

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനത്തിന്റെ വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ വളർച്ചയിൽ മുൻപന്തിയിലുള്ളത്. വൻകിട ഐടി കമ്പനികൾ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോ കോർപ്പറേഷൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം ആരംഭിച്ചത് ഇതിന് ഉദാഹരണമാണ്.

എറണാകുളം പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നു. അമേരിക്കയിൽ നിന്ന് നാല് പ്രൊഫഷണലുകൾ ജോലി ഉപേക്ഷിച്ച് ഈ യൂണിറ്റിന്റെ ഭാഗമാകാൻ കേരളത്തിലേക്ക് മടങ്ങിയെത്തിയത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഒന്നര വർഷത്തിനുള്ളിൽ ഈ സ്ഥാപനം പൂർണ്ണമായി സജ്ജമാകുന്നതോടെ 1500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. കൂടാതെ കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ആർ ആൻഡ് ഡി കാമ്പസ് തുറന്നതിലൂടെ 400 പേർക്ക് തൊഴിലവസരം ലഭിക്കും.

കിൻഫ്രയുടെ വിവിധ പാർക്കുകളിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27,335 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് കിൻഫ്രയുടെ 30 വർഷത്തെ ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളമാണ്. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം സേവനമേഖലയിൽ കേരളം ദേശീയ ശരാശരിയേക്കാൾ (29.7%) ഏറെ മുന്നിലാണ് (48.5%).

അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ തൊഴിൽ ഉറപ്പാക്കാൻ അസാപും സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ‘ലീപ്’ സെന്ററുകൾക്ക് തുടക്കമിട്ടു. അമേരിക്കയിലെ ഐആർഎസ് (IRS) നികുതി നിയമങ്ങൾ കൈകാര്യം ചെയ്യുന്ന എൻറോൾഡ് ഏജന്റുമാരാകാൻ അസാപ് നൽകുന്ന പരിശീലനത്തിലൂടെ തുടക്കത്തിൽ 6 ലക്ഷം രൂപ വരെയും പിന്നീട് 20 ലക്ഷം രൂപ വരെയും വാർഷിക ശമ്പളം നേടാൻ സാധിക്കും.

തൊഴിലന്വേഷകരെയും ദാതാക്കളെയും ബന്ധിപ്പിക്കുന്ന ‘വിജ്ഞാനകേരളം’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം, തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതി എന്നിവയും സജീവമാണ്. 5000-ലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), കോളേജുകളിലെ ഐഇഡിസി (IEDC) സെന്ററുകൾ വഴി വിദ്യാർത്ഥികളിൽ സംരംഭകത്വ ശീലം വളർത്തുന്നു.

ഐഡിയ ഫെസ്റ്റ്, സീഡ് ലോണുകൾ, ഫണ്ട് ഓഫ് ഫണ്ട്സ് തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തിക സഹായവും ലീപ് കോ-വർക്കിംഗ് സ്പേസുകളിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുന്നു. ഈ ഇടപെടലുകളിലൂടെ കേരളത്തിലെ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.