സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അനന്തരാവകാശിയായി മകൾ കിം ജു-എ നിയോഗിക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് സാഹചര്യത്തെളിവുകൾ നിരത്തി ഈ നിഗമനത്തിലെത്തിയത്. ഈ മാസം അവസാനം പ്യോങ്യാങ്ങിൽ നടക്കാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച ഔദ്യോഗിക സൂചനകൾ ഉണ്ടായേക്കുമെന്നാണ് നിരീക്ഷണം.
കഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിനൊപ്പം പ്രധാന ഔദ്യോഗിക പരിപാടികളിലും വിദേശ സന്ദർശനങ്ങളിലും കിം ജു-എ സ്ഥിരസാന്നിധ്യമാണ്. ചൈന സന്ദർശന വേളയിൽ ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തതും ഭരണാധികാരിക്ക് ലഭിക്കുന്ന പരിഗണന കിം ജു-എയ്ക്കും നൽകുന്നതും ഇതിന്റെ സൂചനയാണെന്ന് ദക്ഷിണകൊറിയൻ ഏജൻസി വിലയിരുത്തുന്നു. ഭരണാധികാരിയാകാനുള്ള പ്രാഥമിക പരിശീലനങ്ങൾ കിം ജു-എയ്ക്ക് ലഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി അവസാന വാരം നടക്കുന്ന പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുന്നുണ്ടോ എന്നതിനെ ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങൾ പടർന്നപ്പോൾ, സഹോദരി കിം യോ ജോംഗ് അധികാരത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മകളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതോടെ സഹോദരിയുടെ സാധ്യതകൾ മങ്ങുകയാണ്.ഭരണാധികാരിയാകാനുള്ള പക്വത കിം ജു-എ കൈവരിച്ചതായി ദക്ഷിണകൊറിയൻ ഇന്റലിജൻസ് നിരീക്ഷിക്കുന്നു.
വർക്കേഴ്സ് പാർട്ടി യോഗത്തിൽ പിൻഗാമിയെക്കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിം കുടുംബത്തിലെ നാലാം തലമുറ അധികാരത്തിലേറുന്നത് ഉത്തരകൊറിയയുടെ വിദേശനയങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.


സമാധാന കരാറിലെത്താന്‍ മധ്യസ്ഥത വഹിക്കാന്‍ മോസ്കോ തയ്യാര്‍; മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്നു: റഷ്യ-ഇറാന് ചര്‍ച്ച ‘ശുഭകരം’; ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു
വൈറ്റ് ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; ട്രംപ് സുരക്ഷിതൻ, അക്രമി കൊല്ലപ്പെട്ടു





