റമദാൻ സമ്മാനമായി യുഎഇയിൽ തടവുകാർക്ക് മോചനം’; ഉത്തരവിട്ട് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്: 1440 പേർ മോചിതരാകും

അബുദാബി: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തിൽ കാരുണ്യത്തിന്റെ ഉദാത്തമായ മാതൃകയുമായി യുഎഇ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1440 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തടവുകാർക്ക് കുടുംബത്തോടൊപ്പം ഒത്തുചേരാനും ജീവിതത്തിൽ പുതിയ തുടക്കം നൽകാനുമാണ് ഈ നടപടി.മോചിതരാകുന്നവരുടെ ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

 തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാൻ തടവുകാർക്ക് അവസരം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബങ്ങളുടെ വിങ്ങൽ അകറ്റാനും പ്രിയപ്പെട്ടവർക്കൊപ്പം റമദാൻ ആഘോഷിക്കാനും ഇത് വഴിയൊരുക്കും. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവരെയാണ് സാധാരണയായി ഇത്തരം പൊതുമാപ്പിനായി പരിഗണിക്കാറുള്ളത്. വരും ദിവസങ്ങളിൽ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ പ്രത്യേകമായി കൂടുതൽ തടവുകാർക്ക് ശിക്ഷാ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് (ബുധനാഴ്ച) റമദാൻ ഒന്നിലേക്ക് പ്രവേശിച്ചു. ഒമാനിൽ നാളെയാണ് റമദാൻ ആരംഭിക്കുന്നത്. വ്രതമാസത്തോടനുബന്ധിച്ച് ഗൾഫ് മേഖലയിലുടനീളം കോടികൾ ചിലവഴിച്ചുള്ള വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വർഷാവർഷം റമദാൻ മാസത്തിൽ തടവുകാർക്ക് മോചനം നൽകുന്ന രീതി ഗൾഫ് രാഷ്ട്രങ്ങൾ പിന്തുടരാറുണ്ട്. ഇത് അനേകം പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.