ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍; പടക്കപ്പലിന് അഭയം നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയെന്ന് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആര്‍ഐഎസ് ലാവന്’ കൊച്ചിയില്‍ അഭയം നല്‍കിയ ഇന്ത്യയുടെ നടപടിയെ പ്രകീര്‍ത്തിച്ച് ഇറാന്‍. ഇന്ത്യ കാണിച്ച വലിയ കരുണയ്ക്കും സഹായത്തിനും ഇറാന്‍ ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ഇതേക്കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന 2026-ലെ റൈസീന ഡയലോഗില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിശദീകരണം നല്‍കി.
കപ്പലില്‍ നിരവധി യുവ കേഡറ്റുകള്‍ ഉണ്ടായിരുന്നുവെന്നും മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്നും ജയശങ്കര്‍ വ്യക്തമാക്കി. നിയമപരമായ വശങ്ങള്‍ക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെയാണ് ഇന്ത്യ ഈ വിഷയത്തെ സമീപിച്ചതെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയശങ്കറിന്റെ വാക്കുകള്‍:
‘ഫെബ്രുവരി 28-ന് ഇന്ത്യയുടെ അതിര്‍ത്തിയോട് അടുത്തുണ്ടായിരുന്ന ഇറാനിയന്‍ കപ്പല്‍ ഇന്ത്യയുടെ തുറമുഖത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരു സന്ദേശം ലഭിച്ചു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ഒന്നിന്, നിങ്ങള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി കടക്കാമെന്ന് സന്ദേശമയച്ചു. തുടര്‍ന്ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ധാരാളം യുവ കേഡറ്റുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു,’ ജയശങ്കര്‍ പറഞ്ഞു. ഇറാന്റെ മറ്റു രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവര്‍ അതിര്‍ത്തിയില്‍ എത്തുന്നതിനുമുന്‍പ് സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് നാലിന് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ മറ്റൊരു കപ്പലായ ‘ഐആര്‍ഐഎസ് ദെന’ തകര്‍ന്നിരുന്നു. ഈ കപ്പല്‍ ആക്രമിക്കപ്പെട്ട അതേ ദിവസം തന്നെയാണ് ഇന്ത്യ ‘ലവാന്‍’ എന്ന യുദ്ധക്കപ്പലിന് കൊച്ചിയില്‍ സുരക്ഷിതമായ അഭയം നല്‍കിയത്. ആക്രമണത്തില്‍ തകര്‍ന്ന ‘ഐആര്‍ഐഎസ് ദെന’യിലുണ്ടായിരുന്ന 87 നാവികരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെട്ട 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 60 ഓളം പേര്‍ക്കായി ഇന്ത്യന്‍ നാവികസേന വിമാനങ്ങളും കപ്പലുകളും വിന്യസിച്ച് തിരച്ചില്‍ തുടരുകയാണ്.
മറ്റൊരു ഇറാനിയന്‍ യുദ്ധക്കപ്പലായ ‘ഐആര്‍ഐഎസ് ബുഷെഹ്‌റിന്’ ശ്രീലങ്കയും അഭയം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കടലിലേക്ക് പടരുമ്പോഴും ഇന്ത്യ സ്വീകരിച്ച ഈ മാനുഷിക നിലപാട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. തങ്ങളുടെ കേഡറ്റുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ സഹായിച്ച ഇന്ത്യയോടുള്ള കടപ്പാട് ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ ആവര്‍ത്തിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.