തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് മാനദണ്ഡങ്ങളില്‍ സമഗ്രമായ പരിഷ്കാരം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ഭേദഗതി ബാധകമാകുക. പഠനത്തിനൊപ്പം കല, കായികം, ശാസ്ത്രം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കായിക മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ മികവ് കാട്ടുന്നവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 100 മാര്‍ക്കും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 90, 80 മാര്‍ക്കും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് മാത്രം 75 മാര്‍ക്ക് ഉറപ്പാണ്. ദേശീയ തലത്തില്‍ ഒന്നാമതെത്തുന്നവര്‍ക്ക് 50 മാര്‍ക്ക് ലഭിക്കും. സംസ്ഥാന കായിക മേളകളില്‍ എട്ടാം സ്ഥാനം വരെ നേടുന്നവര്‍ക്ക് 2 മുതല്‍ 20 വരെ മാര്‍ക്കുകള്‍ അനുവദിക്കും.
സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര മേളകള്‍ എന്നിവയില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് 20 മാര്‍ക്ക് ലഭിക്കും. ബി ഗ്രേഡിന് 15-ഉം സി ഗ്രേഡിന് 10-ഉം ആണ് മാര്‍ക്ക്. സ്ഥാനങ്ങള്‍ നിശ്ചയിക്കുന്ന ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20, 17, 14 എന്നിങ്ങനെ മാര്‍ക്ക് നല്‍കും. സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡിന് 25 മാര്‍ക്ക് ലഭിക്കും.
എന്‍.സി.സി. കേഡറ്റുകളില്‍ റിപ്പബ്ലിക് ഡേ ക്യാമ്പ് ഉള്‍പ്പെടെയുള്ള ദേശീയ ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് 40 മാര്‍ക്ക് ലഭിക്കും. 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളവര്‍ക്ക് 20 മാര്‍ക്ക് ഉറപ്പാണ്. എന്‍.എസ്.എസ്. വോളന്റിയര്‍മാരില്‍ ആര്.ഡി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് 40 മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 20 മാര്‍ക്കും ലഭിക്കും. സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിഭാഗത്തില്‍ രാഷ്ട്രപതി അവാര്‍ഡ് നേടുന്നവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ 50 മാര്‍ക്ക് വരെ ലഭിക്കാന്‍ പുതിയ ഉത്തരവ് വഴിയൊരുക്കുന്നു.
മറ്റ് പ്രധാന ഇനങ്ങള്‍:
ലിറ്റില്‍ കൈറ്റ്സ്: 15 മാര്‍ക്ക്.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC): 20 മാര്‍ക്ക്.
ബാലശാസ്ത്ര കോണ്‍ഗ്രസ്: ദേശീയ തലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 25 മാര്‍ക്ക്.
സോഷ്യല്‍ സര്‍വീസ് സ്കീം: എ ഗ്രേഡിന് 25 മാര്‍ക്ക്.
ബാലശ്രീ അവാര്‍ഡ്: 15 മാര്‍ക്ക്.
ശ്രദ്ധിക്കേണ്ട നിബന്ധനകള്‍
വിവിധ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയാലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന ഒരു ഇനത്തിന് മാത്രമേ ആനുകൂല്യം ലഭിക്കൂ. ഗ്രേസ് മാര്‍ക്ക് ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് അഡ്മിഷന് സമയത്ത് ബോണസ് മാര്‍ക്കായി പരിഗണിക്കില്ല. 2025 ജൂണ്‍ 1 മുതല്‍ 2026 മേയ് 31 വരെ നടക്കുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഈ അധ്യയന വര്‍ഷം പരിഗണിക്കുകയുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സഭയില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി! നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിണറായി വായിച്ചു; കേന്ദ്രത്തിനെതിരായ വിമര്‍ശനം സഭാരേഖകളില്‍





