കൊച്ചി: ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ നീക്കിയതിൽ അതൃപ്തി പുകയുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകൻ വിനയൻ. സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അവസരം നൽകാതെ പ്രേംകുമാറിനെ കറിവേപ്പില പോലെ പുറത്തെറിഞ്ഞ സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
വിവാദങ്ങൾക്ക് ഇടം നൽകാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) മികച്ച രീതിയിൽ സംഘടിപ്പിച്ച വ്യക്തിയാണ് പ്രേംകുമാറെന്ന് വിനയൻ ചൂണ്ടിക്കാട്ടി. ഒരു വാക്കുപോലും പറയാതെ പുതിയ ആളെ നിയമിച്ച വാർത്ത മാധ്യമങ്ങളിലൂടെ അറിയിച്ചത് മര്യാദകേടാണെന്നും അദ്ദേഹം വിമർശിച്ചു.തൂമ്പാപ്പണിക്ക് വരുന്ന കൂലിപ്പണിക്കാരനോട് പോലും ‘നാളെ മുതൽ നീ വരണ്ട’ എന്ന് പറയാറുണ്ട്. എന്നാൽ പ്രേംകുമാറിന്റെ കാര്യത്തിൽ അതുപോലുമുണ്ടായില്ല. പിറ്റേന്ന് പണിക്ക് വരുമ്പോൾ അവിടെ വേറൊരാളെ കണ്ടാലുണ്ടാകുന്ന അവസ്ഥയാണ് പ്രേംകുമാറിന് ഉണ്ടായതെന്ന് വിനയൻ പരിഹസിച്ചു.
“ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ, അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല” എന്ന് പ്രേംകുമാർ തന്നോട് പറഞ്ഞതായി വിനയൻ വെളിപ്പെടുത്തി. പേരും പത്രാസും ഇല്ലാത്ത കലാകാരന്മാരോടും മാന്യത കാട്ടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള സിനിമയിലെ പ്രമുഖ സംഘടനകൾ ഒന്നും തന്നെ പ്രേംകുമാറിനെ പിന്തുണച്ച് ഒരു വാക്കുപോലും പറയാത്തത് ഖേദകരമാണെന്ന് വിനയൻ കുറിപ്പിൽ പറഞ്ഞു.പ്രമുഖരെയും കോട്ടിട്ട പൗരപ്രമുഖരെയും മാത്രം പരിഗണിക്കാതെ സാധാരണ കലാകാരന്മാർക്കും അർഹിക്കുന്ന വില നൽകണമെന്നും, അല്ലാത്തത് സ്വജനപക്ഷപാതമാണെന്നും വിനയൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ താപനില 37 ഡിഗ്രി കടക്കും; തിരുവനന്തപുരം ഉൾപ്പടെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത
സ്ഥാനമൊഴിഞ്ഞ ശേഷം തനിക്ക് നേരിട്ട അവഗണനയെക്കുറിച്ച് പ്രേംകുമാർ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്ന് വിനയൻ ശക്തമായ പിന്തുണയുമായി എത്തിയിരിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ ഈ നടപടി വരുംദിവസങ്ങളിലും സിനിമാ-സാംസ്കാരിക മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.


രാഹുലുമായും ഖാര്‍ഗെയുമായും ഡല്‍ഹിയില്‍ ചര്‍ച്ച; പിണക്കം മാറി തരൂര്‍ പ്രചാരണത്തിന്; എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ശശിതൂര്‍





