തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് സ്ഥാനത്തുനിന്നുള്ള പുറത്താക്കലില്‍ ഇടത് സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ച നടന് പ്രേംകുമാറിനെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കി. നടനെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചിട്ടുണ്ട്.
പ്രേംകുമാര്‍ തയ്യാറാണെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നാടാര്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലൊന്നില്‍ അദ്ദേഹത്തെ പരിഗണിച്ചേക്കും. ഇതുകൂടാതെ കഴക്കൂട്ടം മണ്ഡലവും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്രേംകുമാര്‍, സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ രാഷ്ട്രീയ നീക്കം.
സാഹിത്യ അക്കാദമി ചെയര്മാന് കെ. സച്ചിദാനന്ദന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും നടപടിയുണ്ടാകാതിരിക്കുകയും, എന്നാല്‍ തനിക്കെതിരെ വിവേചനപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തതില്‍ പ്രേംകുമാറിന് കടുത്ത പ്രതിഷേധമുണ്ട്. ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേദിവസം തന്നെ സ്ഥാനത്തുനിന്ന് നീക്കിയത് സാമാന്യ മര്യാദയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ മാറ്റുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ സദുദ്ദേശപരമായ പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് പ്രേംകുമാര്‍ വിശ്വസിക്കുന്നു. സച്ചിദാനന്ദന് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നും നീതിനിഷേധം ഉണ്ടായെന്നും വ്യക്തമാക്കിയ താരം, സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഈ സാഹചര്യം മുതലെടുത്ത് പ്രേംകുമാറിനെ മുന്‍നിര്‍ത്തി നാടാര്‍ വോട്ടുകള്‍ സമാഹരിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടങ്ങിയെങ്കിലും പ്രേംകുമാര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.


രണ്ടു പേരില്‍ ആര് വന്നാലും മലയാളിക്ക് ‘കോളടിക്കും’; വാഗ്ദാനപ്പെരുമഴയുമായി മുന്നണികള്‍; സൗജന്യങ്ങളും വികസനവും കൈകോര്‍ക്കുന്ന പ്രകടനപത്രികകള്‍; വോട്ടര്‍മാര്‍ ആര്‍ക്കൊപ്പം?
മഹാരാഷ്ട്രയിൽ വിമാനം തകർന്നു വീണു; അജിത് പവാറിന്റെ നില ഇപ്പോൾ ഗുരുതരമാണ്.





