പിണറായിയുടെ ‘മാറി നില്‍ക്ക്’ വിളിയില്‍ സി.പി.എം പ്രതിസന്ധിയിലോ?നാടാര്‍ കോട്ടകളില്‍ വന്‍ വിള്ളല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ; പാറശ്ശാലയും നെയ്യാറ്റിന്‍കരയും ഇടതുപക്ഷത്തിന് ബാലികേറാമലയാകുമോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസിനോട് മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തല്‍.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗത്തിനിടയിലും വെള്ളറടയും പാറശ്ശാലയും ചുവപ്പിച്ചത് നാടാര്‍ വോട്ടുകളുടെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍, ആതിരയെ പരസ്യമായി ആട്ടിയകറ്റിയതോടെ ഈ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് വീണിരിക്കുന്നത്. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട മണ്ഡലങ്ങളില്‍ ജനവിധി മാറ്റിയെഴുതാന്‍ പോന്ന ആയുധമായി ഇത് മാറുമ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുമെന്നാണ് സൂചന.
മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞിട്ടില്ലെന്ന ആതിര ഗ്രേസിന്റെ വിശദീകരണം പാര്‍ട്ടി സമ്മര്‍ദ്ദം മൂലമുള്ള പച്ചക്കള്ളമാണെന്ന് വ്യക്തമായിട്ടുണ്ട്. തത്സമയ ദൃശ്യങ്ങളും ഓഡിയോയും പുറത്തുവന്നിട്ടും പി.ആര്‍. ഏജന്‍സികളുടെ തിരക്കഥയ്ക്കനുസരിച്ച് ആതിര മാറ്റിപ്പറയുന്നത് സമുദായത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്. ‘മാറി നില്‍ക്കേണ്ടവളല്ല, പാറശ്ശാലയുടെ ഭാവി എം.എല്‍.എയാണ് ആതിര’ എന്ന നാടാര്‍ സര്‍വ്വീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കോന്നിയൂര്‍ സനല്‍കുമാറിന്റെ കുറിപ്പ് കാട്ടുതീ പോലെയാണ് പടരുന്നത്. സ്വന്തം സമുദായത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു യുവനേതാവിനെ മുഖ്യമന്ത്രി അവഹേളിച്ചതിനെതിരെ പാറശ്ശാലയിലെ സഭകളും സമുദായ സംഘടനകളും കടുത്ത നിലപാടിലേക്ക് നീങ്ങിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്തില്‍  ഭരണം നിലനിര്‍ത്തിയ ഇടതുപക്ഷത്തിന് ആതിരയുടെ മണ്ഡലമായ വെള്ളറടയിലെ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ കരുത്തയായ അന്‍സജിത റസലിനെ അട്ടിമറിച്ചാണ് ആതിര വിജയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ ഒറ്റ പ്രവൃത്തിയിലൂടെ ആ വിജയത്തിന്റെ തിളക്കം കെട്ടു. പാറശ്ശാലയിലും നെയ്യാറ്റിന്‍കരയിലും കാട്ടാക്കടയിലും നാടാര്‍ വോട്ടുകള്‍ കൂട്ടത്തോടെ മറിയുമെന്ന റിപ്പോര്‍ട്ട് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂന്നും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ‘കടക്ക് പുറത്ത്’ എന്ന ടാഗ് ലൈന്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയിലും പ്രതിപക്ഷം മേല്‍ക്കൈ നേടി.
പ്രതിസന്ധി അതിരൂക്ഷമായതോടെ ആതിരയെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുമ്പ് മാധ്യമപ്രവര്‍ത്തകരോട് കാട്ടിയ അതേ സ്വഭാവം സ്വന്തം ജനപ്രതിനിധിയോടും കാട്ടിയത് പിണറായിയുടെ അഹങ്കാരത്തിന്റെ തെളിവാണെന്ന് നാടാര്‍ സമുദായ സംഘടനകള്‍ ആരോപിക്കുന്നു. ആതിരയെ മാത്രമല്ല, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റിനെയും മുഖ്യമന്ത്രി ഗൗനിച്ചില്ലെന്നത് മലയോര മേഖലയില്‍ വലിയ ചര്‍ച്ചയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.