തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും.
കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
-
പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.
-
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. യാത്ര ചെയ്യുമ്പോൾ കുടിവെള്ളം കൈയ്യിൽ കരുതുക.
-
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ഉപയോഗിക്കുക.
-
വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. ഉച്ചസമയത്ത് കുട്ടികളെ വെയിലേൽക്കുന്ന പരിപാടികളിലോ വിനോദസഞ്ചാരത്തിനോ കൊണ്ടുപോകരുത്.
-
മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മാധ്യമപ്രവർത്തകർക്കും ആവശ്യമായ വിശ്രമവും സുരക്ഷയും നൽകണം.
-
ചപ്പുചവറുകൾക്കും കാടുകൾക്കും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖല എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം.
-
കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഉറപ്പാക്കണം. വാഹനങ്ങൾക്കുള്ളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരുക.


തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; കെ.സി. വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ
ബേക്കലില്‍ ‘വേടന്’ ഷോയ്ക്കിടെ വന്‍ ദുരന്തം: തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്





