ബേക്കലില്‍ ‘വേടന്‍’ ഷോയ്ക്കിടെ വന്‍ ദുരന്തം: തിരക്കില്‍പ്പെട്ട് ട്രാക്കിലേക്ക് വീണ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിലെ സംഗീതപരിപാടിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിനെത്തുടര്‍ന്ന് ദാരുണമായ അപകടം. തിരക്കിനിടയില്‍ തൊട്ടടുത്ത റെയില്‍വേ ട്രാക്കിലൂടെ പോകുന്ന ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകന്‍ ശിവാനന്ദാണ് (20) മരിച്ചത്. തിരക്കിലും തിക്കിലും പെട്ട് ഒട്ടേറെപ്പേര്‍ കുഴഞ്ഞുവീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റാപ്പര്‍ വേടന്റെ സംഗീതപരിപാടി കാണാന്‍ പതിനായിരക്കണക്കിന് യുവാക്കളാണ് ബേക്കലിലേക്ക് ഒഴുകിയെത്തിയത്.മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് തട്ടിയാണ് ശിവാനന്ദ് മരിച്ചത്. രാത്രി പത്തോടെ മൃതദേഹം ട്രാക്കില്‍ കണ്ട ലോക്കോ പൈലറ്റാണ് വിവരം അധികൃതരെ അറിയിച്ചത്. അപകടത്തില്‍ മറ്റൊരു യുവാവിനും പരുക്കേറ്റതായാണ് വിവരം.രാത്രി എട്ടരയ്ക്ക് തുടങ്ങേണ്ട പരിപാടി ഒന്നര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. ഇതോടെ ജനക്കൂട്ടം അക്രമാസക്തമാവുകയും ഗേറ്റുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാര്‍ക്കിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള വഴികള്‍ റെയില്‍വേ അടച്ചിരുന്നെങ്കിലും, മതില്‍ ചാടിയും ട്രാക്കിലൂടെയും ആയിരക്കണക്കിന് പേര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമെത്തിയത് സംഘാടകരെയും പോലീസിനെയും പ്രതിസന്ധിയിലാക്കി.
റെയില്‍വേ ട്രാക്കിന് സമീപം സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശ്വാസം മുട്ടിയും തിരക്കില്‍പ്പെട്ടും സ്ത്രീകളടക്കം നിരവധി പേര്‍ കുഴഞ്ഞുവീണു. ആംബുലന്‍സുകള്‍ക്ക് പോലും സംഭവസ്ഥലത്തേക്ക് എത്താന്‍ കഴിയാത്ത വിധം ഗതാഗതം സ്തംഭിച്ചിരുന്നു.

മരിച്ച ശിവാനന്ദിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെത്തുടര്‍ന്ന് ബീച്ച് ഫെസ്റ്റിലെ തുടര്‍ന്നുള്ള പരിപാടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.