തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങവെ, അപ്രതീക്ഷിത നീക്കങ്ങളുമായി സി.പി.എം. മുഖ്യധാരാ രാഷ്ട്രീയക്കാരെ മാത്രം രംഗത്തിറക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറി, ജനപ്രിയ സാംസ്‌കാരിക ബിംബങ്ങളെ കളത്തിലിറക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതായാണ് സൂചനകള്‍. ഈ പട്ടികയില്‍ പശസ്ത ഗായകന്‍ വേടനും ഉണ്ട്. നടി ഭാവനയെ അടക്കം സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം പരിഗണിക്കുന്നത്. ഇതിനിടെയാണ് ജെന്‍സികളെ ആകര്‍ഷിക്കാനുള്ള പുതിയ നീക്കം. കേരളത്തിലെ യുവത്വത്തിന്റെ ആവേശമായ റാപ്പര്‍ വേടനുമാണ് (ഹിരണ്‍ദാസ് മുരളി).
യുവതലമുറയെ, പ്രത്യേകിച്ച് ‘ജെന്‍സി’ വോട്ടര്‍മാരെ പാര്‍ട്ടിയോട് ചേര്‍ക്കാന്‍ വേടന്റെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 2024-ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം വേടനെ തേടിയെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ ‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്.
അവാര്‍ഡ് സ്വീകരണ വേദിയില്‍ അച്ഛനെ കൈപിടിച്ച് കയറ്റി ‘ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ആദ്യമായാകും ഒരു ഇന്‍ഡിപെന്‍ഡന്റ് കലാകാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്’ എന്ന് വേടന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും താഴെത്തട്ടിലുള്ള മനുഷ്യര്‍ക്കിടയിലും വേടനുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. നടി ഭാവനയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സ്ത്രീകള്‍ക്കിടയിലും പൊതുസമൂഹത്തിനിടയിലും വലിയ സ്വീകാര്യത ലഭിക്കുമെന്ന് പാര്‍ട്ടി കരുതുന്നു. ഭാവന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ഇടതുപക്ഷ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന വിലയിരുത്തലിലാണ് നേതൃത്വം.
‘കലയും രാഷ്ട്രീയവും പൊരുതുന്നവന്റെ ആയുധമാകുമ്പോള്‍ അവിടെ മാറ്റത്തിന്റെ തുടക്കമാകും. വേടനെപ്പോലൊരു കലാകാരനെ സി.പി.എം ടിക്കറ്റില്‍ കാണുന്നത് കേരള രാഷ്ട്രീയത്തിലെ വിപ്ലവകരമായ മാറ്റമായിരിക്കും.’ – ഇതാണ് സിപിഎം പ്രതീക്ഷ. നിലവില്‍ സി.പി.എം ഔദ്യോഗികമായി ഈ സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ജെന്‍സികളെയും നിഷ്പക്ഷ വോട്ടര്‍മാരെയും ആകര്‍ഷിക്കാന്‍ ഈ ‘സെലിബ്രിറ്റി കാര്‍ഡ്’ എത്രത്തോളം ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
പൊയ്കയില്‍ അപ്പച്ചനും കലാഭവന്‍ മണിയും ജാസി ഗിഫ്റ്റും തുടങ്ങിവെച്ച ആധിപത്യവിരുദ്ധ സംഗീത പാരമ്പര്യത്തിന്റെ ആധുനിക കണ്ണി എന്നാണ് വേടന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആഗോളതലത്തില്‍ ബോബ് മാര്‍ലി എങ്ങനെയാണോ പ്രതിരോധത്തിന്റെ ചിഹ്നമായത്, സമാനമായി കേരളത്തിലെ കോളനികളിലെയും അപരവത്കരിക്കപ്പെട്ട ഇടങ്ങളിലെയും യുവാക്കള്‍ക്ക് വേടന്‍ ഒരു വിമോചന ബിംബമാണ്. യൂട്യൂബ് പോലുള്ള നവമാധ്യമങ്ങളിലൂടെ വേടന്‍ സൃഷ്ടിച്ചെടുത്ത വലിയൊരു യുവജനസഞ്ചയം പാര്‍ട്ടിക്ക് പുതിയ വോട്ട് ബാങ്ക് തുറന്നുനല്‍കും. വേടനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത് വലിയൊരു സാംസ്‌കാരിക ഉടച്ചുവാര്‍ക്കലാണ്.
കേരളീയ പൊതുബോധത്തിലെ സദാചാര സങ്കല്പങ്ങളെ തന്റെ ഉടലുകൊണ്ടും വരികള്‍ കൊണ്ടും വെല്ലുവിളിക്കുന്ന വേടന്‍, പരമ്പരാഗത രാഷ്ട്രീയ ശൈലികളില്‍ മടുത്ത യുവത്വത്തിന് വലിയ ആവേശം നല്‍കുന്നു. നടി ഭാവനയുടെ പേരിനൊപ്പം വേടന്റെ പേരും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ഇടതുപക്ഷം തങ്ങളുടെ സാംസ്‌കാരിക പോരാട്ടം പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ്. കീഴാള ബോധവും രാഷ്ട്രീയവും റാപ്പിന്റെ ചടുലതയോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുരയ്ക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് കേരളം.


സി.ജെ. റോയിയുടെ മരണം: സുഹൃത്തായ നടന്റെയും മൊഴി എടുത്തു; ഐടി വകുപ്പിനെതിരായ ആരോപണങ്ങളില്‍ തെളിവില്ല; അന്വേഷണം അവസാന ഘട്ടത്തില്‍; ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് തീര്‍ക്കും
മാസപ്പടി കേസ്: അടിയന്തര സ്റ്റേ ഇല്ല; ഇഡി അന്വേഷണവുമായി മുന്നോട്ട്; വീണാ വിജയനും സി.എം.ആര്.എല്ലിനും തിരിച്ചടി; ഹൈക്കോടതിയില്‍ ഇന്ന് നിര്‍ണ്ണായക വാദം; അന്തിമ വിധി കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് സൂചന





