ഭാവനയോട് പിണറായി നേരിട്ട് സമ്മതം ചോദിക്കും; കളി മാറ്റാന്‍ ‘കണ്ണൂര്‍’ ഓഫര്‍; ഐഷാ പോറ്റിയുടെ കൂറുമാറ്റത്തിന് ഭാവനയിലൂടെ തിരിച്ചടി നല്‍കാന്‍ സിപിഎം; ഇടതുപക്ഷത്തിന്റെ ‘ബിഗ് സര്‍പ്രൈസ്’ ഭാവനയില്‍; ഇടതിന് ഭരണം തുടര്‍ച്ച കിട്ടിയാല്‍ മന്ത്രിയാകാനും സാധ്യത; നടി സമ്മതം മൂളുമെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ‘സര്‍പ്രൈസ്’ നീക്കത്തിന് സിപിഎം പച്ചക്കൊടി കാട്ടുന്നു. നടി ഭാവനയെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സിനിമാ മേഖലയിലെ പ്രമുഖര്‍ വഴി പാര്‍ട്ടി താല്പര്യം ഇതിനോടകം തന്നെ ഭാവനയെ അറിയിച്ചു കഴിഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ ഗൗരവതരമാക്കാന്‍ മുഖ്യമന്ത്രി തന്നെ നടിയുമായി നേരിട്ട് സംസാരിക്കാനാണ് സാധ്യത. നടി സമ്മതം മൂളുമെന്നാണ് സിപിഎം പ്രതീക്ഷ.

ഭാവന സമ്മതം അറിയിക്കുകയാണെങ്കില്‍ അവര്‍ക്കായി സിപിഎം കരുതി വെച്ചിരിക്കുന്നത് കണ്ണൂരിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ്. അഴീക്കോട് അല്ലെങ്കില്‍ തളിപ്പറമ്പ് പോലുള്ള മണ്ഡലങ്ങളില്‍ ഭാവനയെ ഇറക്കി വിജയം ഉറപ്പിക്കാനാണ് പാര്‍ട്ടി നീക്കം. തൃശൂര്‍ സ്വദേശിയായ ഭാവനയ്ക്ക് കേരളത്തിലുടനീളമുള്ള സ്വീകാര്യതയും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയിലും സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലുമുള്ള സ്വാധീനവും വോട്ടാക്കി മാറ്റാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇടതിന് തുടര്‍ഭരണം കിട്ടിയാല്‍ ഭാവനയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.

മുതിര്‍ന്ന നേതാവ് ഐഷാ പോറ്റി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് സിപിഎമ്മിന് വലിയ ക്ഷീണമായിരുന്നു. ഇതിന് മറുപടിയായി ഒരു ജനപ്രിയ വനിതാ മുഖത്തെ തന്നെ അവതരിപ്പിക്കണമെന്ന വാശിയിലാണ് പാര്‍ട്ടി. സാമൂഹിക വിഷയങ്ങളില്‍ ഭാവന സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ഇടതുപക്ഷ പ്രൊഫൈലിന് അനുയോജ്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന എത്തിയത് ഇതിന്റെ മുന്നോടിയായുള്ള കൃത്യമായ രാഷ്ട്രീയ സിഗ്‌നലായിരുന്നു.

സിപിഎമ്മിനോട് അനുഭാവം പുലര്‍ത്തുന്ന ചലച്ചിത്ര രംഗത്തെ ചില പ്രമുഖര്‍ വഴിയാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നിലവിലെ എംഎല്‍എമാരായ താരങ്ങളെ മാറ്റി നിര്‍ത്തി, ജനപിന്തുണയുള്ള പുതിയ മുഖങ്ങളെ കൊണ്ടുവരുന്നത് ഭരണത്തുടര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് പാര്‍ട്ടി കരുതുന്നു. ഭാവനയുടെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ലഭിച്ചാല്‍ ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ഭാവനയുമായി നടത്തുന്ന കൂടിക്കാഴ്ച കേരള രാഷ്ട്രീയത്തിലെ തന്നെ നിര്‍ണ്ണായക വഴിത്തിരിവായേക്കാം. നടന്‍ മുകേഷ് ഇത്തവണ സിപിഎമ്മിന് വേണ്ടി മത്സരിക്കില്ല. ഈ സാഹചര്യത്തിലാണ് നടിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.