ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ പോര്…’പോറ്റിയേ കേറ്റിയേ’ പാട്ട് പാടി പ്രതിപക്ഷാംഗങ്ങള്‍ ; സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെച്ചൊല്ലി കേരള നിയമസഭയില്‍ ഇന്ന് അത്യപൂര്‍വ്വമായ ഭരണ-പ്രതിപക്ഷ വാക്‌പോരും പ്രതിഷേധങ്ങളും അരങ്ങേറി. സഭാനടപടികള്‍ ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷം ‘പോറ്റിയേ കേറ്റിയേ…’ എന്ന പാരഡി ഗാനവുമായി രംഗത്തെത്തിയപ്പോള്‍, ഭരണപക്ഷം അതിനെ ‘സ്വര്‍ണ്ണം കട്ടത് ആരപ്പാ, കോണ്‍ഗ്രസ് ആണ് അയ്യപ്പാ…’ എന്ന് തിരിച്ചുപാടി പ്രതിരോധിച്ചു. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തിയ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.കേസില്‍ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഒന്നാം പ്രതി പോറ്റി സോണിയ ഗാന്ധിയുടെ വീട്ടില്‍ രണ്ടുതവണ പോയത് എന്തിനാണെന്നും സോണിയയുടെ കയ്യില്‍ സ്വര്‍ണ്ണം കെട്ടിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷം ഭീരുത്വമാണ് കാണിക്കുന്നതെന്നും സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അവര്‍ക്ക് പങ്കുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അന്വേഷണ സംഘത്തിന് മേല്‍ ഉണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്ന ഭരണപക്ഷ ആരോപണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.