തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപാളി മോഷണത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ നിലനിര്‍ത്തുന്നതിനായി നിയമസഭയില്‍ പോലും പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോള്‍ അതിനെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമം തുടങ്ങി ഇടതുമുന്നണിയും. നിലപാട് മാറ്റി ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ഭരണപക്ഷവും തയാറെടുത്തു. നിയമസഭയില്‍ അസാധാരണമായ സംഭവങ്ങള്‍ കാഴ്ചവച്ചുകൊണ്ട് സ്പീക്കറുടെ ഡയസില്‍ ചാടിക്കയറാനുള്ള ശ്രമം വരെ പ്രതിപക്ഷം നടത്തിയതോടെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറും നിര്‍ബന്ധിതമായി. പ്രതിപക്ഷത്തിന്റെ ഈ ഒളിച്ചോട്ടം ശബരിമല വിഷയത്തില്‍ നിന്നുമാത്രമല്ല, കേന്ദ്ര ബജറ്റിനെ വിമര്‍ശിക്കാനുള്ള അവരുടെ വൈമുഖ്യത്തിന്റെ തെളിവുകൂടിയാണെന്ന പ്രചാരണമാണ് ഇതിനെ ഉയര്‍ത്തികൊണ്ട് സി.പി.എം നടത്താന്‍ പോകുന്നത്.
ശബരിമല മോഷണവുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍ തന്നെ സംഭവിച്ചുവെന്ന് പറയാം. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ഡയസില്‍ ചാടി കയറാന്‍ പ്രതിപക്ഷാംഗങ്ങള്‍ ശ്രമവും നടത്തി. അന്‍വര്‍ സാദത്താണ് ഇതിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സഭയില്‍ ഇടപെടുന്നതില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്ന വാച്ച് ആന്റ് വാര്‍ഡിന് രംഗത്തിറങ്ങി പ്രതിപക്ഷ അംഗങ്ങളെ തടയേണ്ടിയും വന്നു. വിഷയം വഷളാകുന്നുവെന്ന് മനസിലാക്കിയതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
ശബരിമല സ്വര്‍ണമോഷണ കേസില്‍ എസ്.ഐ.ടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണന് പോറ്റിയും ജയില്‍ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്.ഐ.ടി അന്വേഷണം ഈ രീതിയില്‍ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ ബാനറുമായി നടുത്തളത്തിലിറങ്ങിയത്. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്കി.
ഈ പറഞ്ഞകാര്യങ്ങള്‍ അടിയന്തിരപ്രമേയമായി പോലും കൊണ്ടുവരാന്‍ പ്രതിപക്ഷം ഭയക്കുന്നുവെന്ന ആരോപണമാണ് ഭരണപക്ഷത്തുനിന്നും ഉയര്‍ത്തിയത്. വിഷയ ഭാരിദ്ര്യം കാരണം പ്രതിപക്ഷത്തിന് ഒരു അടിയന്തരപ്രമേയം പോലുമില്ലെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ മറുപടി. നടുത്തളത്തിന് തൊട്ടരികെയെത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും മുദ്രാവാക്യം വിളിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കടുക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ആണ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചത് സ്പീക്കര്‍ കുറ്റപ്പെടുത്തി. സ്പീക്കറുടെ മുഖംമറച്ചത് ശരിയായില്ല. കേരള നിയമസഭയ്ക്ക് ചേര്‍ന്നതല്ലിത്. ഇത്തരം പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ഈ വിഷയത്തെ ശക്തമായി തന്നെ നേരിടാനാണ് ഭരണപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും നീക്കം. പ്രതിപക്ഷത്തിന്റെ സഭയിലെ ഈ നിലപാടുകള്‍ക്കെതിരെ രണ്ടുതരണം ആരോപണമാണ് അവര്‍ ഉയര്‍ത്തുന്നത്. ഒന്നാമതായി ശബരിമല സ്വര്‍ണ്ണമോഷണം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം തയാറല്ല. അങ്ങനെ ചര്‍ച്ചയായാല്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെ പരാമര്‍ശന വിധേയമാകും. അടൂര്‍ പ്രകാശും ആന്റോ ആന്റണിയും അജയ് തറയിലും തൊട്ട് മുന്‍ മന്ത്രിമാര്‍ വരെ സംശയത്തിന്റെ നിഴലിലാണെന്നാണ് സി.പി.എം പറയുന്നത്.
അതിനേക്കാള്‍ ഉപരിയായി ഇന്ന് ഇപ്പോള്‍ പ്രതിപക്ഷം ഈ പ്രതിഷേധത്തിന് തയാറായത് കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതില്‍ നിന്ന് രക്ഷനേടാനാണെന്നാണ് സി.പി.എമ്മിന്റെയും ഭരണപക്ഷബെഞ്ചിന്റെയും വിമര്‍ശനം. ഈ സഭാ സമ്മേളനം ആരംഭിച്ച രണ്ടുദിവസം ശബരിമല വിഷയത്തിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതുകഴിഞ്ഞ നന്ദിപ്രമേയത്തിന്റെ അവസാനദിവസവും അതുകഴിഞ്ഞുള്ള രണ്ടുദിവസങ്ങളിലും പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്തിരുന്നു. ഇന്നലെ മുതല്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റ് കൂടി വന്നതുകൊണ്ട് സ്വാഭാവികമായി അതിനെക്കുറിച്ചുള്ള പരാമര്‍ശനങ്ങളും വേണ്ടിവരും. സംസ്ഥാന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷത്തിന് വിമര്‍ശിക്കാന്‍ ഒന്നുമില്ല.
അതേസമയം കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാനത്ത് ഒട്ടാകെ ശക്തമായ പ്രതിഷേധവുമുണ്ട്. എന്നാല്‍ ആ കേന്ദ്ര ബജറ്റിനെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല. കേരളത്തില്‍ യു.ഡി.എഫ്-ബി.ജെ.പി അന്തര്‍ധാര ശക്തമായതുകൊണ്ട് അതില്‍ നിന്നും ഒളിച്ചോടാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് നിയമസഭയില്‍ ഇത്തരം കോപ്രായങ്ങള്‍ കാട്ടുന്നതെന്ന വിമര്‍ശനമാണ് ഇടതുപക്ഷം ശക്തമായി സഭയ്ക്ക് പുറത്തും ഉയര്‍ത്താന്‍ പോകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ മെനുവിൽ ഇനി മീൻ വിഭവങ്ങളും!;ഏപ്രിൽ 1 മുതൽ ജയിലുകളിൽ മത്സ്യഫെഡിന്റെ വക സ്പെഷ്യൽ; മത്തിയും അയലയും ചൂരയും എത്തും





