തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തില്‍ ആകെ പതറിപ്പോകുന്ന പശ്ചാത്തലത്തില്‍ തന്ത്രം മാറ്റി പയറ്റാന്‍ യു.ഡി.എഫില്‍ ആലോചന. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായ അടിയന്തിരപ്രമേയങ്ങളെ ചര്ച്ചയ്ക്കെടുക്കുന്നതിനുള്ള തീരുമാനത്തിലൂടെ ഭരണപക്ഷം ശക്തമായ തിരിച്ചടി നല്കുന്ന പശ്ചാത്തലത്തില്‍ ഇനി എന്തുവേണമെന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആലോചന ശക്തമാകുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പുള്ള സമ്മേളനമായതുകൊണ്ടുതന്നെ ഇവിടെ മേല്‍കൈ നേടുക എന്നത് ഇരു മുന്നണികളും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ്. കഴിഞ്ഞ തവണ സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരായ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിപോലെ തന്നെയാണ് ഇക്കുറിയും കാര്യങ്ങള്‍ മുന്നോട്ടുപോയികൊണ്ടിരിക്കുന്നതെന്നാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇന്നുമുതല്‍ സമ്മേളനം പുനരാരംഭിക്കുമ്പോള്‍ തന്ത്രങ്ങള്‍ മാറ്റിപയറ്റണമെന്ന ആവശ്യമാണ് പൊതുവില്‍ അവര്‍ക്കിടയില്‍ ഉയരുന്നതും.
നിയമസഭാ സമ്മേളനം പിരിഞ്ഞ് നേരെ തെരഞ്ഞെടുപ്പുഗോദയിലേയ്ക്ക് പോകുന്ന പശ്ചാത്തലത്തില്‍ ഇനിയുള്ള ഇടപെടലുകള്‍ വളരെ കരുതലോടെ വേണമെന്ന അഭിപ്രായമാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ശക്തമാകുന്നത്. ഈ സമ്മേളനം തുടങ്ങി ഇതുവരെയുള്ള ദിവസങ്ങളില്‍ മുന്നണി ഒരുക്കിയ തന്ത്രങ്ങള്‍ നിയമസഭയില്‍ ആകെ പാളിയ സ്ഥിതിയാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സമ്മേളനത്തിന്റെ ബാക്കി കാലാവധി പരമാവധി നേട്ടമുണ്ടാക്കുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും അഭിപ്രായം ശക്തമായിട്ടുണ്ട്.
ഇക്കഴിഞ്ഞ 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം തുടര്‍ച്ചയായി രണ്ടുദിവസം സഭ ബഹിഷ്ക്കരിക്കുന്നതിനായി കൈക്കൊണ്ട തീരുമാനം വലിയ തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്. ശബരിമല സ്വര്‍ണ്ണപാളി മോഷണവുമായി ബന്ധപ്പെട്ട് മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിനൊടുവിലാണ് അവര്‍ സഭ ബഹിഷ്ക്കരിച്ചത്. ഇത് പാളിച്ചയായിപോയി എന്ന കുറ്റപ്പെടുത്തലാണ് മുന്നണിയില്‍ ശക്തമാകുന്നത്. ഇത് തങ്ങളെ സംശയത്തിന്റെ കുന്തമുനയില്‍ കൊണ്ടുവന്നുവെന്നും കുറ്റപ്പെടുത്തല്‍ ശക്തമായിട്ടുണ്ട്.
വിഷയം ഒരു സബ്മിഷനായിപോലും ഉന്നയിക്കാതെ നടത്തിയ ഈ ബഹിഷ്ക്കരണങ്ങളും പ്രതിഷേധങ്ങളും മുന്നണിക്ക് തിരിച്ചടിയാണുണ്ടാക്കിയത്. അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കാന് വെല്ലുവിളി നടത്തി ഭരണപക്ഷം ആ അവസരം പരമാവധി മുതലാക്കുകയും ചെയ്തു. ഇത് നിയമസഭയിലെ ഫ്ളോര്‍ മാനേജുമെന്റില്‍ പറ്റിയ വീഴ്ചയാണെന്നാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മാത്രമല്ല, മുന്നണിക്കുളളില്‍ തന്നെ ഉയരുന്ന അഭിപ്രായം. മാത്രമല്ല, ഇതിന്റെ പേരില്‍ രണ്ടു എം.എല്‍.എമാരെ സഭാകവാടത്തില്‍ സമരം ഇരുത്തിയശേഷം നടപടികളില്‍ പങ്കെടുക്കുന്നതും നേട്ടമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനുശേഷം ആരോഗ്യവകുപ്പിനെതിരെ കൊണ്ടുവന്ന അടിയന്തിരപ്രമേയവും തിരിച്ചടിയായി. വേണ്ടത്ര ഹോംവര്‍ക്ക് ചെയ്യാതെയാണ് നിയമസഭയുടെ അവസാന സമ്മേളനത്തിന് പ്രതിപക്ഷം എത്തിയിരിക്കുന്നതെന്നാണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദിരേഖപ്പെടുത്തികൊണ്ട് മൂന്നുദിവസം സഭയില്‍ നടന്ന ചര്‍ച്ച സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുളള അവസരം നല്‍കിയിരുന്നെങ്കിലും രണ്ടുദിവസത്തെ ബഹിഷ്ക്കരണം മൂലം അത് വേണ്ടരീതിയില്‍ ഉപയോഗിക്കാനുമായിട്ടില്ല.
ഇനിയുള്ള ദിവസങ്ങളില്‍ ബജറ്റിന്മേലുള്ള ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. അത് പരമാവധി ഫലപ്രദമായി ഉപയോഗിക്കണം. ബജറ്റിലെ പൊള്ളത്തരങ്ങള്‍ പൊളിച്ചടുക്കി സര്‍ക്കാരിനേയും ഭരണപക്ഷത്തേയും പ്രതിക്കൂട്ടിലാക്കുള്ള നല്ല പരിശ്രമം ഉണ്ടാകണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കുന്ന നിര്‍ദ്ദേശം. ഈ ബജറ്റിനെ തന്നെ ആയുധമാക്കി അടുത്ത തെരഞ്ഞെടുപ്പിലേയ്ക്ക് പോകാനാണ് ഇടതുമുന്നണിയുടെ നീക്കം. അത് പൊളിച്ചുകൊടുക്കുക എന്ന ദൗത്യമാണ് പ്രതിപക്ഷം ഇനി നിയമസഭയില്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍ തുടര്‍ന്നുവന്ന കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞതും ഇക്കാര്യത്തില്‍ ഒരു പ്രതിബന്ധമായി തീര്‍ന്നിട്ടുണ്ട്. എന്നാലും ബജറ്റ് ചര്‍ച്ചയില്‍ പാളിപ്പോയാല്‍ പിന്നെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തീര്‍ത്തും പിന്നോട്ടടിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്.
തങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളോട് എന്തെല്ലാം പറയാന്‍ ഉദ്ദേശിക്കുന്നുവോ അതെല്ലാം ബജറ്റിലുണ്ടെന്ന നിലപാടാണ് ഇടതുമുന്നണി പുലര്‍ത്തുന്നത്. ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ തൊട്ട് രാഷ്ട്രീയ വിമര്‍ശനങ്ങളും വര്‍ഗ്ഗീയതയ്ക്കെതിരായ നിലപാടുകളുമൊക്കെ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുതന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന തുറുപ്പുചീട്ടാകുക എന്നതാണ് ഇടതുമുന്നണി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതില്‍ ക്ഷേമപെന്ഷന് 2500 രൂപയാക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം മാത്രമാണ് ഇല്ലാതെ പോയത്. അത് 2500 ആക്കുന്നതിന് ഇനിയും സമയമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അത് സാദ്ധ്യമാക്കാനും സര്‍ക്കാരിന് കഴിയുമെന്നാണ് അവര്‍ പറയുന്നത്. അതുമാത്രമല്ല, ശക്തമായ ഒരു തുറുപ്പുചീട്ടായി കേന്ദ്ര ബജറ്റും ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷം പൂര്‍ണ്ണ തൃപ്തരുമാണ്.
മാത്രമല്ല, ശമ്പളപരിഷ്ക്കരണ കമ്മിഷനെ പ്രഖ്യാപിച്ചതും പുതിയ പെന്ഷന് പദ്ധതി കൊണ്ടുവന്നതും ഡി.എ കുടിശിക നല്‍കുന്നതിനുള്ള സമയക്രമം വ്യക്തമാക്കിയതുമൊക്കെ ജീവനക്കാരുടെ ഇടയിലുണ്ടായ അതൃപ്തി ഒരു പരിധി വരെ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അവര്‍ വിലയിരുത്തുന്നു. ജീവനക്കാരുടെ ഇടതുപക്ഷാനുകൂല സംഘടനകള്‍ക്ക് മുഖം രക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗമായി അത് മാറിയിട്ടുമുണ്ട്. എന്നാല്‍ ഇതിലെ കള്ളത്തരം പൊളിച്ചടുക്കണമെന്നാണ് യു.ഡി.എഫിനുള്ളിലെ അഭിപ്രായം.
2024ല്‍ പ്രഖ്യാപിക്കേണ്ട ശമ്പളപരിഷ്ക്കരണ കമ്മിഷന് ്രണ്ടുവര്ഷം നീട്ടി ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പ്രഖ്യാപിച്ചത് തന്നെ പൊള്ളത്തരമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ അത് നടപ്പാക്കാന്‍ കഴിയുകയുമില്ല. അടുത്തുവരുന്ന സര്‍ക്കാര്‍ ഏതായാലും അവരുടെ തലയിലാകും ഇത്. ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് വേണ്ടത്.
സഭയില്‍ ഇനി കുറച്ചുകൂടി ആക്രമാത്മക നിലപാട് സ്വീകരിക്കണമെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. എന്നാല്‍ കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായിരിക്കുന്നത്. സാധാരണ അടിയന്തിരപ്രമേയ നോട്ടീസ് അനുവദിക്കുന്നതിനായി നടക്കുന്ന ചര്‍ച്ചയാണ് പ്രതിപക്ഷത്തിന് എപ്പോഴും സഭയില്‍ മേല്‍കൈ നല്‍കുന്നത്. ഇറങ്ങിപ്പോക്കിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷത്തെ നേതാക്കള്‍ വിശദീകരിക്കുന്നിടത്താണ് അവര്‍ക്ക് മേല്‍കൈ ലഭിക്കുന്നതും. അതിന് മറുപടി പറയാന്‍ മന്ത്രിമാര്‍ക്ക് കഴിയാറുമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി കേരളത്തിലെ പ്രതിപക്ഷങ്ങളുടെ തുറുപ്പുചീട്ടായിരുന്നു ഈ അവസരം.
മുന്‍കാലങ്ങളില്‍ ഇറങ്ങിപ്പോക്ക് പ്രസംഗത്തില്‍ ഇറങ്ങിപ്പോകാനുള്ള കാര്യം ബോധിപ്പിച്ച ശേഷം നടപടിയിലേയ്ക്ക് കടക്കുകയായിരുന്നു പതിവ്. അതായത് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരമാവധി രണ്ടുമുതല്‍ മൂന്നുമിനിട്ട് വരെയാണ് ലഭിച്ചിരുന്നത്.
എന്നാല്‍ വി.എസ്. അച്യൂതാനന്ദന് പ്രതിപക്ഷനേതാവായി വന്നതോടെയാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്. അദ്ദേഹം പ്രതിപക്ഷനേതാവായി വന്ന അവസരത്തില്‍ 10 മിനിട്ട് വരെ ഇതിനായി എടുത്തിരുന്നു. പിന്നീട് രമേശ് ചെന്നിത്തല അത് പതിനഞ്ചും ഇരുപതും മിനിട്ടുവരെയാക്കി. തുടര്‍ന്ന് സതീശന് വന്നതോടെ കൃത്യമായ സമയപരിധിയില്ലാത്ത സ്ഥിതിയിലുമായി. ഇത് പലതവണ സര്‍ക്കാരിനെയും ഭരണപക്ഷത്തേയും നിയമസഭയില്‍ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇത് മറികടക്കാനായി ഏത് വിഷയം അടിയന്തിരപ്രമേയമായി കൊണ്ടുവന്നാലും ചര്‍ച്ചചെയ്യുക എന്ന നിലപാടിലേയ്ക്ക് ഭരണപക്ഷവും നീങ്ങി. ഇതാണ് പ്രതിപക്ഷത്തെ ആകെ വെട്ടിലാക്കിയത്. ഈ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രം മെനയുന്നതിനുള്ള ശ്രമത്തിലുമാണ് അവര്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രതിഷേധം ഫലം കണ്ടു; മെഡിസെപ്പിൽ ജിഎസ്ടി ഒഴിവാക്കി, പക്ഷേ ആശുപത്രികളുടെ കുറവിൽ ജീവനക്കാർക്ക് പരാതി തുടരുന്നു





