ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്), സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്; ഇടതുമുന്നണിയില്‍ സ്ഥാനവുമില്ല

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലനില്‍പ്പ് അപകടത്തിലേയ്ക്ക് പോകുന്നു. നിലവില്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയായ അവരോട് നാലു സീറ്റ് തിരികെ കോണ്‍ഗ്രസ് ആവശ്യപ്പെടുക മാത്രമല്ല, അവ ഏറ്റെടുക്കുന്നതിനുള്ള നീക്കം ശക്തമാക്കുക കൂടി ചെയ്തതോടെയാണ് ജോസഫ് വിഭാഗം വല്ലാത്ത പ്രതിസന്ധിയിലായിരിക്കുന്നത്. സീറ്റു വിട്ടുകൊടുക്കില്ലെന്ന ശക്തമായ നിലപാട് ജോസഫ് വിഭാഗം സ്വീകരിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിലെ സംശയം ശക്തമായിട്ടുണ്ട്. ഇത് ആ പാര്‍ട്ടിക്കുള്ളില്‍ തന്നെ വല്ലാത്ത ആശങ്കയ്ക്കും വഴിവച്ചിട്ടുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ ജോസഫ് വിഭാഗം വിജയിച്ചെങ്കിലും നിയമസഭയില്‍ അത് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇന്നത്തെ സാഹചര്യത്തില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലുമല്ലാതെ മറ്റൊരു മണ്ഡലത്തിലും വിജയിക്കാന്‍ കഴിയുന്ന സാഹചര്യം ആ പാര്‍ട്ടിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ അവര്‍ മത്സരിച്ച് പരാജയപ്പെട്ട ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട് സീറ്റുകള്‍ തിരികെ വേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പത്തുസീറ്റ് എന്നതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവില്ലെന്ന് ജോസഫ് വിഭാഗം നിലപാടുസ്വീകരിച്ചിട്ടുണ്ട്.
രണ്ടുകക്ഷികളും തമ്മിലുള്ള തര്‍ക്കം ശക്തമായ പശ്ചാത്തലത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്താല്‍ അത് ആ പാര്‍ട്ടിയുടെ അന്ത്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫില്‍ നിന്ന് പിരിഞ്ഞ് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസി(എം)ന് വലിയ പരിഗണനയാണ് അവിടെ ലഭിക്കുന്നത്. സി.പി.എം സ്വന്തം രാജ്യസഭാ സീറ്റാണ് മാണി കോണ്‍ഗ്രസിന് വേണ്ടി വിട്ടുകൊടുത്തത്. മാത്രമല്ല, കഴിഞ്ഞ തവണ മുന്നണിയുടെ ഭാഗമായ അവര്‍ക്ക് 13 സീറ്റുകളും നല്‍കിയിരുന്നു. പിന്നീട് കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് തിരികെ നല്‍കിയെങ്കിലും ഇക്കുറിയും 13 സീറ്റ് തന്നെ അവര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. അത്തരത്തില്‍ ഒരു പരിഗണന ഇടതുമുന്നണിയില്‍ നിന്നും മാണി ഗ്രൂപ്പിന് ലഭിക്കുമ്പോള്‍ യു.ഡി.എഫില്‍ തങ്ങള്‍ അവഗണിക്കപ്പെടുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിലവിലുള്ളവര്‍ പോലും മറുകണ്ടം ചാടിയേക്കുമെന്ന വിലയിരുത്തല്‍ ജോസഫ് വിഭാഗത്തിനുണ്ട്. മാത്രമല്ല, അങ്ങനെ വരികയാണെങ്കില്‍ അതോടെ ജോസഫ് ഗ്രൂപ്പിന്റെ അന്ത്യവുമാകും.
യു.ഡി.എഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുന്നണി വിടാന്‍ അവസാന നിമിഷം ജോസഫ് വിഭാഗം
തീരുമാനിക്കുകയാണെങ്കില്‍ ഇടതുമുന്നണിയില്‍ അവര്‍ക്ക് പരിഗണന ലഭിക്കാനുള്ള സാദ്ധ്യതയും വളരെ വിരളമാണ്. ഒന്നാമത് ഇടതുമുന്നണിയില്‍ സര്‍വപരിഗണനയും ലഭിച്ചിരുന്ന സമയത്താണ് ഒരുകാരണവുമില്ലാതെ ജോസഫും കൂട്ടരും മുന്നണി വിട്ട് മറുകണ്ടം ചാടിയത്. രണ്ടാമതായി ആ പാര്‍ട്ടി ഇപ്പോള്‍ തീരെ ദുര്‍ബലമാണെന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. മാത്രമല്ല, മാണി കോണ്‍ഗ്രസ് മുന്നണിയിലുള്ളപ്പോള്‍ ഇനിയൊരു കേരള കോണ്‍ഗ്രസ് ആവശ്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പാര്‍ട്ടിയെന്ന നിലയിലല്ലാതെ ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ ഇടതുപക്ഷത്തേയ്ക്ക് വരുന്നതില്‍ സി.പി.എമ്മിന് ഒരു എതിര്‍പ്പുമില്ല. അവര്‍ക്ക് നിലവിലുള്ള മാണി കോണ്‍ഗ്രസിലോ അല്ലെങ്കില്‍ പിള്ള ഗ്രൂപ്പിലോ ആന്റണിരാജുവിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിലോ ഒക്കെ ചേര്‍ന്നുകൊണ്ട് ഇടതുമുന്നണിയുടെ ഭാഗമാകാം. അല്ലാതെ ഒരുപാര്‍ട്ടിയെന്ന നിലയില്‍ ഇടതുമുന്നണി ജോസഫ് വിഭാഗത്തെ സ്വീകരിക്കില്ല.
ഇത് ജോസഫ് ഗ്രൂപ്പിന്റെ വിലപേശല്‍ ശക്തിയെ ഗണ്യമായി കുറച്ചിട്ടുണ്ട്. യു.ഡി.എഫില്‍ നില്‍ക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊരു സാദ്ധ്യതയുമില്ലാത്ത സ്ഥിതിയിലാണ് ജോസഫ് വിഭാഗം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.