തിരുവനന്തപുരം: 2004ലെ മെഡിക്കൽ- എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് തിരുത്തി മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് വിൽപ്പനക്കായി മറിച്ചു നൽകിയെന്ന പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൻമേലുള്ള കുറ്റപത്രം നിലനിൽക്കുമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് ഉത്തരവിട്ടു.
പ്രവേശന പരീക്ഷാ കമ്മിഷണർ ആയിരുന്ന സി കെ വിശ്വനാഥൻ, അക്കാദമിക് ജോയിന്റ് കമ്മിഷണർ ആയിരുന്ന രാജൂ കൃഷ്ണൻ, കമ്പ്യൂട്ടർ വിഭാഗം ജോയിന്റ് കമ്മിഷണർ ആയിരുന്ന ടി ജി വിജയകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്-1 ആയിരുന്ന പി പി അജിത് എന്നിവരാണ് കേസിലെ പ്രതികൾ. സി കെ വിശ്വനാഥനാണ് ഒന്നാം പ്രതി.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് -1 അന്വേഷിച്ച ഈ കേസിൽ അന്നത്തെ എസ്പി ആയിരുന്ന കെ ഇ ബൈജു പ്രതികൾ കുറ്റക്കാരെന്നുകണ്ട് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പിന്നീട് കേസിന്റെ വിചാരണ വേളയിൽ കേസിൽ പുനരന്വേഷണം ആവശ്യമുണ്ടെന്ന കാരണം പറഞ്ഞു ഫയൽ തിരികെവാങ്ങി പുനരന്വേഷണം നടത്തുകയും എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി അതേ എസ്പി ബൈജു തന്നെ വീണ്ടും കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്യുകയായിരുന്നു.
മെരിറ്റിൽ സീറ്റ് ലഭിക്കാതെപോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ ചിലർ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി എ ബദറുദീൻ വിജിലൻസിന്റെ രണ്ട് റിപ്പോർട്ടുകളിലെയും തെളിവുകൾ പരിശോധിച്ചു തീരുമാനമെടുക്കാൻ വിചാരണ കോടതിയ്ക്ക് നഉത്തരവ് നൽകി. തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതി ആദ്യ കുറ്റപത്രം സ്വീകരിച്ചുകൊണ്ട് ഉത്തരവിട്ടത്.
പ്രവേശന പരീക്ഷയിൽ സംവരണ സീറ്റുകളിൽ അർഹരായ അപേക്ഷകർ ഇല്ലെങ്കിൽ ആ സീറ്റുകൾ ജനറൽ സീറ്റാക്കി മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്ന ഹൈക്കോടതിവിധി അട്ടിമറിച്ചാണ് 2004 ൽ ക്രമക്കേട് നടത്തിയത്. 2799 മെറിട്ട് സീറ്റുകളാണ് ഇങ്ങനെ സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് നൽകി അവ കാപ്പിറ്റേഷൻ ഫീ വാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു സാമ്പത്തിക ലാഭം കൊയ്യാൻ അവസരം ഉണ്ടാക്കികൊടുത്തത്. കോടികളുടെ ഇടപാടാണ് ഇതിൽനടന്നത്.
സർക്കാർ അംഗീകരിച്ച് പ്രവേശന പരീക്ഷണ കമ്മിഷണർ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ പരിഷ്കരണ കമ്മിറ്റിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെയാണ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തിരുത്തൽ വരുത്തിയത്. ബിഎസ്സി നേഴ്സിങ്ങിന് 130 സീറ്റും ബി ഫാമിന് 101 സീറ്റും സിവിൽ എഞ്ചിനീയറിങ്ങിൽ 175 സീറ്റും ഇൻഫർമേഷൻ ടെക്നോളജിയിൽ 71 സീറ്റും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 74 സീറ്റും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 192 സീറ്റും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ 794 സീറ്റും ഓട്ടോമൊബൈൽ എൻജിനി യറിങ്ങിൽ 92 സീറ്റുകളും ആണ് പ്രോസ്പെക്ടസ് വ്യവസ്ഥ അട്ടിമറിച്ച് സ്വാശ്രയ കോളേജുകൾക്ക് ഉദ്യോഗസ്ഥർ കൈമാറിയത്.
ആലപ്പുഴ സ്വദേശി എൻ വിജയകുമാർ, തിരുവനന്തപുരം സ്വദേശി സി പി ഗോപകുമാർ എന്നിവരാണ് സീറ്റ് ലഭിക്കാതെ പോയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പ്രതിനിധീകരിച്ച് ഹൈക്കോടതിയെ സമീപിച്ചത്.സിപി ഗോപകുമാർ സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിജിലൻസ് പോലീസ് സൂപ്രണ്ടായി ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പ്രവേശനം അട്ടിമറിച്ചത മൂലം അദ്ദേഹത്തിന്റെ മകൾക്ക് ബിഎസ്സി നേഴ്സിങ്ങിന് പ്രവേശനം നഷ്ടപ്പെട്ടിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബ്രാന്‍ഡ് അംബാസഡര്‍ വെറും കാഴ്ചക്കാരനല്ല, പക്ഷേ വഞ്ചനാക്കേസില്‍ പ്രതിയുമല്ല; മോഹന്‍ലാലിന് ഹൈക്കോടതിയുടെ ആശ്വാസവിധി; ദിലീപിനും അനൂപ് മേനോനും ഗുണകരമാകും





