ജമാ അത്തെ ഇസ്ലാമിക്കെതിരെ സമസ്ത സ്വീകരിച്ച പരസ്യനിലപാട് യു.ഡി.എഫില്‍ ആശങ്കയുണ്ടാക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ നില്ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം വോട്ടുകളെ വലിയതോതില്‍ ബാധിക്കാവുന്ന ഈ തീരുമാനം യു.ഡി.എഫില്‍ വലിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം ലീഗിനുള്ളില്‍. ഇപ്പോള്‍ തന്നെ ജമാ അത്തെ ഇസ്ലാമി ബന്ധവുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ വല്ലാത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം അവരുടെ വോട്ടുബാങ്കായ സമസ്തകൂടി നിലപാട് കടുപ്പിച്ചതോടെ എന്തുവേണമെന്ന ആലോചന ലീഗിലും തുടങ്ങിയിട്ടുണ്ട്.
വികസനത്തില്‍ നിന്നും ജമാ അത്തെ ഇസ്ലാമിയിലേയ്ക്കും ശബരിമലയിലേക്കും ചര്‍ച്ച തിരിച്ചുവിടുക എന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വീകരിക്കാന്‍ പോകുന്ന തന്ത്രം എന്നത് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രയിലും ഇതാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ സി.പി.എം ഇക്കുറി അതില്‍ വലിയതോതില്‍ തലവയ്ക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.
അതിനിടയിലാണ് സമസ്തയുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ജമാ അത്തെ ഇസ്ലമാിക്കെതിരെ പ്രമേയം പാസാക്കിയത്. കാന്തപുരം അബൂബേക്കര്‍ മുസ്ലലിയാല് നേതൃത്വം നല്കുന്ന എ.പി. സുന്നികള്‍ ഇതിനകം തന്നെ ജമാ അത്തെ ഇസ്ലാമിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. അവര്‍ അതിനെതിരെ പരസ്യമായി തന്നെ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് സമസ്തയും അതേ നിലപാടുമായി മുന്നോട്ടുവരുന്നത്.
വീണ്ടും നാടകീയ രംഗങ്ങള്‍: ആര്. ശ്രീലേഖ കണ്വെന്ഷന് ബഹിഷ്കരിച്ചു എന്ന് റിപ്പോര്‍ട്ട്; ബിജെപിയില്‍ പോര് മുറുകുന്നുവോ?
ഇതോടെ യു.ഡി.എഫിന്റെ നിലപാടില്‍ പുനഃപരിശോധന വേണ്ടിവരുമെന്നാണ് പലരും വ്യക്തമാക്കുന്നത്. മുസ്ലീംലീഗിന്റെ എക്കാലത്തേയും കരുത്ത് എന്നത് സമസ്തയുടെ പിന്‍ബലമാണ്. സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്ലീംലീഗിന്റെ നേതൃത്വം ഏറ്റെടുത്തശേഷം ലീഗും സമസ്തയും തമ്മില്‍ വലിയതോതില്‍ അഭിപ്രായഭിന്നതയുണ്ടായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പുഘട്ടത്തില്‍ അവര്‍ ലീഗിനെയും യു.ഡി.എഫിനേയും തന്നെയാണ് പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും ഇത് വ്യക്തമായതുമാണ്.
എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി ജമാ അത്തെ ഇസ്ലാമയോട് ലീഗും യു.ഡി.എഫും സ്വീകരിക്കുന്ന സമീപനം സമസ്തയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭാഗമായാണ് അവര്‍ മത്സരിച്ചതുപോലും. ഇത് അംഗീകരിക്കാന്‍ സമസ്തയ്ക്ക് കഴിയുന്നില്ല. ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയ്ക്ക് കേരളത്തില്‍ തുച്ഛം വോട്ടുമാത്രമേയുള്ളുവെങ്കിലും അവരുടെ പ്രചരണസംവിധാനം വളരെ ശക്തമാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറെ ഗുണം ചെയ്തതും മുസ്ലീം വോട്ടുകള്‍ ഏകീകരിപ്പിക്കാന്‍ കഴിഞ്ഞതും ആ പ്രചാരണസംവിധാനം ഉപയോഗിച്ചുകൊണ്ടുമായിരുന്നു. അത് അവര്‍ക്ക് വലിയൊരു മുതല്‍ കൂട്ടുമാണ്.
അതിനോട് മുഖംതിരിഞ്ഞുനില്ക്കുന്ന സമീപനമാണ് ഇപ്പോള്‍ സമസ്ത സ്വീകരിച്ചിരിക്കുന്നത്. ലീഗ് നേതൃത്വവും അതിലെ വലിയൊരുവിഭാഗവും ഇപ്പോള്‍ സമസ്തമായുമായി പരസ്യപോരിലാണെങ്കിലും മറ്റൊരുവിഭാഗം ഇപ്പോഴും അവരുമായി ചേര്ന്നുപോകുന്നവരുമാണ്. ഡോ: മുനീറിന്റെയും മറ്റും നേതൃത്വത്തിലുള്ള ആ വിഭാഗം ജമാ അത്തെ ഇസ്ലാമി ബാന്ധവത്തിന് എതിരുമാണ്. സമസ്തയുടെയും എ.പി. സുന്നികളുടെയും നിര്‍ദ്ദേശം അവഗണിച്ചാണ് ലീഗും യു.ഡി.എഫും മുന്നോട്ടുപോകുന്നതെങ്കില്‍ അത് അവര്‍ക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാക്കും. പ്രത്യേകിച്ചും സമസ്തയുടെ ഈ സമ്മേളനത്തിലെ സമാപനചടങ്ങളില് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പ്രധാന ആകര്‍ഷണം എന്നതുകൂടി കണക്കാക്കുമ്പോള്‍. അതുകൊണ്ടുതന്നെ ലീഗിന് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യമായി വരും.


ട്വന്റി ട്വന്റിക്ക് വൻ തിരിച്ചടി; ലക്ഷ്മി പ്രിയയ്ക്കും വീണ നായർക്കും വോട്ടില്ല, സ്ഥാനാർത്ഥിത്വം റദ്ദാക്കി





