തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി.ശിവന്‍കുട്ടി ഭരണപരവും രാഷ്ട്രീയവുമായ അബദ്ധങ്ങളില്‍ ചെന്നുചാടുന്നത് പതിവാകുന്നു.പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ശിവന്‍കുട്ടിയെ പോലുള്ള ഒരാളില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്.
വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണത്തിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയെന്ന് ആവര്‍ത്തിച്ച് കേരളസര്‍ക്കാരും എല്‍ഡിഎഫും ആരോപിച്ചിരുന്ന പി എം ശ്രീ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആരോരും അറിയാതെ ഒപ്പുവെച്ചതാണ് ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ രാഷ്ട്രീയ വീഴ്ച. പി എം ശ്രീ ഒപ്പു വച്ചിട്ടും അങ്ങനെ ഒന്നില്ലെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവില്‍ അത് സമ്മതിക്കേണ്ടി വരികയായിരുന്നു.
എല്‍ഡിഎഫ് മുന്നണിയെ തന്നെ പിടിച്ചുലച്ച ഒന്നായിരുന്നു പി എം ശ്രീ വിവാദം. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ഒത്തു കളിക്കുന്നു എന്ന് ആരോപണം ഉയരാനും ഇത് കാരണമായി.സിപിഎമ്മും ബിജെപിയും തമ്മില്‍ സജീവമായ അന്തര്‍ധാര ഉണ്ടെന്ന ധാരണ പരത്താന്‍ ഈ സംഭവം പ്രതിപക്ഷത്തിന് സഹായമാവുകയും ചെയ്തു.
സംസ്ഥാന സ്‌കൂള്‍കലോത്സവ വേദികളുടെ പേരുകള്‍ നിശ്ചയിച്ചതില്‍ നിന്നും മാറ്റി ‘താമര’ എന്നുകൂടി ചേര്‍ക്കേണ്ടി വന്നതും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഭരണപരമായ പിടിപ്പുകേടായി.പുഷ്പങ്ങളുടെ പേരുകളാണ് തൃശ്ശൂരില്‍ നടന്ന കലോത്സവങ്ങളുടെ വേദികള്‍ ക്കിട്ടിരുന്നത്.ഇതില്‍ താമര ഉണ്ടായിരുന്നില്ല.ബിജെപിയുടെ ചിഹ്നമായ താമര മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്ന് ആരോപണം ഉയരുകയും ബിജെപി പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.വേദികളുടെ പേരുമാറ്റി താമര ഉള്‍പ്പെടുത്തില്ലെന്ന് ആദ്യമൊക്കെ പ്രഖ്യാപിച്ച മന്ത്രി ശിവന്‍കുട്ടി ഒടുവില്‍ ഒരു വേദിയുടെ പേര് ‘ഡാലിയ’ എന്നത് മാറ്റി താമര എന്നാക്കി. മന്ത്രിക്കുതന്നെ ഈ പേര് മാറ്റം പ്രഖ്യാപിക്കുകയും അതിനെ പരസ്യമായി ന്യായീകരിക്കുകയും ചെയ്യേണ്ടി വന്നു.
വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ വികെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ ഓഫീസ് മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തില്‍ ശിവന്‍കുട്ടി പ്രശാന്തിന് അനുകൂല നിലപാട് സ്വീകരിച്ചതാണ് അടുത്തകാലത്തുണ്ടായ രാഷ്ട്രീയ അബദ്ധങ്ങളില്‍ ഒന്ന്.ശാസ്ത മം ഗലം വാര്‍ഡില്‍ നിന്നും തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ വിജയിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വി കെ പ്രശാന്തിന്റെ ഓഫീസ് ഒ ഴിയണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.ശാസ്തമംഗലം കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതും ഇതേ കെട്ടിടത്തില്‍ തന്നെയായിരുന്നു.
കൗണ്‍സിലറുടെ ഓഫീസില്‍ സ്ഥല സൗകര്യം ഇല്ലെന്നും എംഎല്‍എ കൂടുതല്‍ സ്ഥലം കയ്യടക്കി വെച്ചിരിക്കുകയാണെന്നും ആരോപിച്ചായിരുന്നു ശ്രീലേഖയുടെ ആവശ്യം.പ്രശാന്തിനോടുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ശ്രീലേഖ ഉന്നയിച്ച ഈ ആവശ്യം പ്രശാന്ത് രാഷ്ട്രീയ വിവാദമാക്കി. എന്തുവന്നാലും മുറി ഒഴിയില്ലെന്നും അടുത്ത മാര്‍ച്ച് മാസംവരെ കരാര്‍ ഉണ്ടെന്നും പ്രശാന്ത് പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മന്ത്രിയായ ശിവന്‍കുട്ടി ശക്തമായ പിന്തുണയാണ് ഇക്കാര്യത്തില്‍ പ്രശാന്തിന് നല്‍കിയത്. പ്രശാന്ത് ഓഫീസ് ഒ ഴിയില്ലെന്നും ഒഴിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പ്രഖ്യാപിച്ച് രാഷ്ട്രീയ വിമര്‍ശനത്തിന് ആക്കം കൂട്ടുകയായിരുന്നു മന്ത്രി.എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓഫീസ്ഒഴിയാന്‍ പ്രശാന്ത് തീരുമാനിച്ചു.പുതിയ ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്ത് അതിലേക്ക് അദ്ദേഹം മാറുകയും ചെയ്തു. പ്രശാന്തിന് രാഷ്ട്രീയപിന്തുണ നല്‍കിയ ശിവന്‍കുട്ടി വെറുതെ വെട്ടില്‍ ചാടുകയായിരുന്നു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തിനെ അനുകൂലിച്ച് മന്ത്രിക്ക് പിന്തുണ നല്‍കിയതാണ് ശിവന്‍കുട്ടിയെ അടുത്തകാലത്ത് രാഷ്ട്രീയമായി വെട്ടിലാക്കിയ മറ്റൊരു സംഭവം. സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റു മുതിര്‍ന്ന നേതാക്കള്‍ സജിചെറിയാനെ പിന്തുണയ്ക്കാതിരുന്നപ്പോഴാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മന്ത്രിയുമായ ശിവന്‍കുട്ടി ഇതില്‍ ചാടി പിടിച്ചത്.എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സജിചെറിയാന്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ ശിവന്‍കുട്ടിക്കു ണ്ടായത് രാഷ്ട്രീയക്ഷീണം തന്നെ.
നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ശിവന്‍കുട്ടി നടത്തിയ പരാമര്‍ശമാണ് ഏറ്റവും ഒടുവിലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയഅബദ്ധം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിയമസഭയില്‍ പരാമര്‍ശവിധേയമായപ്പോള്‍ ആയിരുന്നു ശിവന്‍കുട്ടിയുടെ ഇടപെടല്‍. സ്വര്‍ണ്ണക്കൊ ള്ള കേസില്‍ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയ ഗാന്ധിയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ സോണിയ ഗാന്ധിയെ അറസ്റ്റ്‌ചെയ്യുകയും അവരുടെ വീട് റെയിഡ് ചെയ്യുകയും ചെയ്യണമെന്നായിരുന്നു ശിവന്‍ കുട്ടിയുടെ ആവശ്യം.
എന്നാല്‍ നിയമസഭാ മന്ദിരത്തില്‍ അല്പസമയത്തിനുശേഷം പത്രസമ്മേളനം നടത്തിയ പാര്‍ലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് തങ്ങള്‍ക്ക് ഇങ്ങനെയൊരു ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ശിവന്‍കുട്ടി ആവശ്യപ്പെട്ടതിനെ സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം എന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി.
കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ജാഗരൂകരായിരിക്കുന്ന ഈ കാലത്ത് ശിവന്‍കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ രാഷ്ട്രീയ വീഴ്ചയായിരുന്നു ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിന്റെ ആവശ്യം. ഒരു മണിക്കൂറിനുള്ളില്‍തന്നെ പാര്‍ലമെന്റ് കാര്യ മന്ത്രിയും സിപിഎം പ്രതിനിധിയുമായ എം പി രാജേഷ് ഈ ആവശ്യം തള്ളിയതോടെ അത് ശിവന്‍കുട്ടിക്കേറ്റ രാഷ്ട്രീയ പ്രഹരമായി.


സിസിടിവി ദൃശ്യങ്ങള്‍ ദീപക്കിന്റെ നിരപരാധിത്വത്തിന് തെളിവ്; സോഷ്യല്‍ മീഡിയ വിചാരണ നടത്തിയ ഷിംജിതയുടെ അറസ്റ്റ് ഉടന്‍
വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്; ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പാത്രം കഴുകിയത് വെറും ‘ഗിമ്മിക്’ അല്ല; എംഎ ബേബിയ്ക്ക് ഇതൊരു ജീവിത ശൈലി; സത്യം പുറത്താക്കി ഇതാ ഒരു ചിത്രം





