ആര്‍ എസ് എസിലെ ‘ത്രിമൂര്‍ത്തികള്‍’; എന്‍ എസ് എസിന്റെ ‘ശ്രീലേഖാ വിരുദ്ധത’; എസ് സുരേഷിന്റെ കരുനീക്കങ്ങളെ പൊളിച്ച ‘ശിവന്‍കുട്ടി ഫാക്ടര്‍’! രാജേഷാകണം മേയറെന്ന് മനസ്സില്‍ ആഗ്രഹിച്ച രാജീവ് ചന്ദ്രശേഖറും; ഒടുവില്‍ കേരളത്തിലെ ആദ്യ ബിജെപി മേയറായി വിവി; രാജേഷിന്റെ ‘ഡബിള്‍ വിക്ടറി’ കഥ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവി രാജേഷിനെ മേയറാക്കിയത് ആര്‍ എസ് എസിലെ ത്രിമൂര്‍ത്തികളാണ്. ആര്‍ എസ് എസ് ദക്ഷിണ മേഖലാ പ്രാന്ത പ്രചാരക് സുദര്‍ശനനും പ്രസാദ് ബാബുവും തിരുവനന്തപുരം വിഭാഗ് പ്രചാരകും രാജേഷ് തന്നെ മതിയെന്ന നിലപാട് എടുത്തു. ഇതിനൊപ്പം എന്‍ എസ് എസും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ നിലപാടിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാര്‍ അതൃപ്തി നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിനൊപ്പം സി ശിവന്‍കുട്ടിയെന്ന ബിജെപി നേതാവിന്റെ ഏകോപനവും രാജേഷനെ തുണച്ചു.

ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷും ജില്ലാ പ്രസിഡന്റ് കരമന ജയനും നടത്തിയ നീക്കങ്ങളെ ശിവന്‍കുട്ടി വെട്ടി വീഴ്ത്തി. രാജേഷിനെ പ്രസിഡന്റാക്കുന്നതില്‍ രാജീവ് ചന്ദ്രശേഖറിനെ എതിര്‍പ്പില്ലായിരുന്നു. സുരേഷിന്റെ കടുംപിടിത്തമാണ് രാജീവ് ചന്ദ്രശേഖറിനെ മറിച്ചു ചിന്തിപ്പിച്ചത്. എല്ലാ സമ്മര്‍ദ്ദവും കേന്ദ്ര നേതൃത്വത്തെ രാജീവ് അറിയിക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് രാജേഷിനെ മേയറാക്കിയത്.

എബിവിപി കാലം മുതല്‍ തന്നെ രണ്ടു തട്ടിലായിരുന്നു സുരേഷും രാജേഷും. പരസ്പരനം രണ്ടു തട്ടില്‍. രാജേഷിന്റെ യുവമോര്‍ച്ച അധ്യക്ഷ സ്ഥാന ലബ്ദിയോടെ അതിന് പുതിയ തലം വന്നു. താനിക്ക് ആകാന്‍ കഴിയാത്ത പദവിയില്‍ എസ് എഫ് ഐ യില്‍ നിന്നും എത്തിയ രാജേഷ് വന്നത് സുരേഷിന് ആഘോതമായി. പിന്നീട് സംസ്ഥാന നേതൃ നിരയില്‍ സുരേഷിന് മുകളില്‍ രാജേഷ് വന്നു. ഇതിനിടെയാണ് ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ അട്ടിമറിച്ച് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായത്. സുരേഷ് കോര്‍ ടിമിലെത്തി. ജനറല്‍ സെക്രട്ടറിയുമായി. സാധാരണ ആര്‍ എസ് എസ് പ്രചാരകന്മാരാണ് ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാവുക. നിലവില്‍ കേരളാ ബിജെപിയില്‍ ആര്‍ എസ് എസ് പ്രചാരകന്മാര്‍ ആരുമില്ല. ഇതോടെ സുരേഷായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി.

സാധാരണ ആര്‍ എസ് എസിനെ അംഗീകരിച്ച് ഈ കസേര ഒഴിച്ചിടുകയാണ് പതിവ്. ഇത്തവണ സൂരേഷ് അത് മാറ്റിയെടുത്തു. ഇതിനൊപ്പം രാജേഷിനെ വെട്ടിയൊതുക്കുകയും ചെയ്തു. പക്ഷേ മേയറായി എത്തുന്നതിനെ തടയാന്‍ സുരേഷിന് ആയില്ല. വിവി രാജേഷിനെ ഏവരും വിവിയെന്നാണ് വിളിക്കുന്നത്. ഡബിള്‍ വിക്ടറിയാണ് വിവി. മേയറായി എ്ത്തുന്നതും സമാന വിക്ടറിയിലൂടെയാണ്.

ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു രാജേഷ്. തൃശൂരില്‍ അനീഷ് കുമാറായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രസിഡന്റ്. അനീഷിനെ ബിജെപിയുടെ വൈസ് പ്രസിഡന്റാക്കി. കോര്‍ കമ്മറ്റിയിലും എടുത്തു. എന്നാല്‍ സുരേഷിന്റെ ഇടപെടല്‍ ഫലമായി രാജേഷ് സംസ്ഥാന സെക്രട്ടറിയായി ചരുങ്ങി. വൈസ് പ്രസിഡന്റായാല്‍ കോര്‍ കമ്മറ്റിയില്‍ എടുക്കേണ്ടി വരുമെന്ന തിരിച്ചറിവിലായിരുന്നു ഈ നീക്കം. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്മാരില്‍ രാജേഷിന്റെ ജൂനിയര്‍ വരെ കോര്‍ കമ്മറ്റിയിലുണ്ട്. അപ്പോഴായിരുന്നു സുരേഷിന്റെ ഈ അനീതി. ഇതിനെല്ലാം കാരണം രാജീവ് ചന്ദ്രശേറിലുള്ള പിടിയായിരുന്നു.

ഈ പിടി ഉപയോഗിച്ച് രാജേഷിനെ മേയറാക്കാതിരിക്കാമെന്നും കരുതി. കരമന ജയനെ ചേര്‍ത്തു പിടിച്ചു. പക്ഷേ ആര്‍ എസ് എസ് എതിര്‍ത്തു. എന്‍ എസ് എസ് രാജേഷിന് വേണ്ടി വാദിച്ചു. അങ്ങനെ വിവി രാജേഷിനെ മേയറായി പ്രഖ്യാപിക്കാനുള്ള ചരിത്ര നിയോഗം സുരേഷിനെ തേടിയെത്തി. കരമന ജയനും നിരാശനായി. പക്ഷേ അവരൊന്നും ഇതൊന്നും പുറത്തു കാട്ടിയതുമില്ല.

രാജേഷിനെ പോലെ സംസ്ഥാന നേതൃത്വത്തില്‍ നിന്നും സുരേഷ് വെട്ടിയൊതുക്കിയ മറ്റൊരു വ്യക്തിയാണ് സി ശിവന്‍കുട്ടി. ബിജെപിയുടെ മുന്‍ വൈസ് പ്രസിഡന്റായ ശിവന്‍കുട്ടിയായിരുന്നു ബിജെപിയുടെ സംസ്ഥാന ഓഫീസ് നിര്‍മ്മാണ കമ്മറ്റിയുടെ കണ്‍വീനര്‍. ഓഫീസുകള്‍ കയറി ഇറങ്ങി കെട്ടിട നിര്‍മ്മാണ അനുമതികളെല്ലാം വാങ്ങിയെടുത്ത വ്യക്തി. വി മരുളീധരന്റെ വലംകൈയ്യായിരുന്നു ശിവന്‍കുട്ടി. കെ സുരേന്ദ്രന്റേയും വിശ്വസ്തന്‍. തിരുവനന്തപുരത്ത് ബിജെപിയുടെ സാധാരണ അണികളില്‍ സ്വാധീനമുള്ള നേതാവ്. ആര്‍ എസ് എസും ശിവന്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തുന്നു.

എന്നിട്ടും ശിവന്‍കുട്ടിയെ പുനസംഘടനയില്‍ വെട്ടി. ഇതിന് കാരണവും സുരേഷിന്റെ സ്വാധീനമായിരുന്നു. രാജേഷിനെ മേയറാക്കാനുള്ള അണിയറ ചരടുവലികള്‍ നടത്തിയത് ശിവന്‍കുട്ടിയാണ്. ആര്‍ എസ് എസിനെ ബിജെപിയുടെ അടിതട്ടില്‍ സ്വാധീനമുള്ള രാജേഷിനെ മേയറാക്കേണ്ടതിന്റെ പ്രസക്തി മനസ്സിലാക്കി കൊടുത്തത് ശിവന്‍കുട്ടിയാണ്.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയതോടെ എന്‍ എസ് എസും രാജേഷിന് വേണ്ടി രംഗത്തു വന്നു. ശ്രീലേഖയെ ആക്കുന്നതിനെ പരസ്യമായി എതിര്‍ത്തു. ഇതിനൊപ്പമാണ് ആര്‍ എസ് എസും ഉറച്ച നിലപാട് എടുത്തത്. ഇതോടെ രാജീവ് ചന്ദ്രശേഖരനും വസ്തുതകള്‍ മനസ്സിലാക്കേണ്ടി വന്നു. അങ്ങനെയാണ് വിവി രാജേഷ് മേയറാകുന്നത്.

പാര്‍ട്ടിയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന, അണികള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരു നേതാവ് തന്നെ മേയറാകണം എന്ന നിലപാടാണ് ആര്‍.എസ്.എസ് സ്വീകരിച്ചത്. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന ഒരാള്‍ക്ക് ഉയര്‍ന്ന പദവി നല്‍കുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു. ഈ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഒടുവില്‍ വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. വി മുരളീധരന്‍ അടക്കം രാജേഷിനെ പിന്തുണച്ചു. ഇതും നിര്‍ണ്ണായകമായി.

വി. മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം വി.വി. രാജേഷിനെ ശക്തമായി പിന്തുണച്ചു. മേയര്‍ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടിക്കുള്ളിലെ അതൃപ്തി വോട്ടെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ കൂടി ഉറപ്പാക്കിയാണ് രാജേഷ് 51 വോട്ടുകളോടെ വിജയിച്ചത്. തിരുവനന്തപുരത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റുമെന്നാണ് അധികാരമേറ്റ ശേഷം വി.വി. രാജേഷ് പ്രഖ്യാപിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.