തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയറെ കണ്ടെത്തല്‍ പ്രതിസന്ധിയില്‍. വിവി രാജേഷിനെ മേയറായി അംഗീകരിക്കില്ലെന്ന ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനും അനുകൂലമല്ല. മേയറുടേത് ജനറല്‍ സീറ്റായതിനാല്‍ മുന്‍ ഡിജിപി ശ്രീലേഖയേയും ആര് എസ് എസ് അംഗീകരിക്കുന്നില്ല. പുരുഷ മേയര്‍ വേണമെന്നാണ് ആവശ്യം.
രാജേഷിനെ അംഗീകരിക്കില്ലെന്ന് സുരേഷ് വാശിപിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സപ്രൈസ് മേയര്‍ എത്തിയേക്കും. വട്ടിയൂര്‍ക്കാവിലെ കൗണ്‍സിലര്‍ നന്ദഭാര്‍ഗവിനാണ് പ്രഥമ പരിഗണന. അഭിഭാഷകനായ നന്ദഭാര്‍ഗവ് തീര്‍ത്തും യുവ നേതാവാണ്. കഴിഞ്ഞ തവണ നെട്ടയം കൗണ്‍സിലറായിരുന്നു. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചു ജയിച്ചു. നന്ദഭാര്ഗവിനൊപ്പം വിവി ഗിരികുമാറിനെ മേയറാക്കാനും ആലോചനയുണ്ട്. രാജേഷിനെ മേയറാക്കാന്‍ സുരേഷ് എതിര്‍പ്പ് തുടര്‍ന്നാല്‍ മറ്റ് രണ്ടു പേരിലേക്ക് ചര്‍ച്ച നീളും. ഇക്കാര്യത്തില്‍ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാകും അന്തിമ തീരുമാനം എടുക്കുക. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും.
തിരുവനന്തപുരം കോര്പ്പറേഷന് ഭരണത്തില്‍ ബിജെപി എത്തുമ്പോള്‍ മേയര്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ശക്തമായ ആഭ്യന്തര ചര്‍ച്ചകളും വ്യത്യസ്ത അഭിപ്രായങ്ങളും പാര്‍ട്ടിയില്‍ ശക്തമാണ്. ഏറ്റവും കൂടുതല്‍ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്ന നേതാവ് വി.വി. രാജേഷാണ്. തിരുവനന്തപുരം ജില്ലാ അധ്യക്ഷനെന്ന നിലയിലുള്ള സംഘാടന മികവും മുന്‍പും കൗണ്‍സിലറായിരുന്ന പരിചയസമ്പത്തും അനുകൂല ഘടകങ്ങളാണെങ്കിലും, പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എതിര്‍പ്പുണ്ട്. എസ് സുരേഷും കരമന ജയനും അതിശക്തമായ നിലപാടിലാണ്.
മുഖ്യമന്ത്രി പദ ചര്‍ച്ചകളില്‍ രാഹുലിന് കടുത്ത അതൃപ്തി; നേതാക്കള്‍ക്ക് താക്കീത്; വനിതാ മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ത്തിയത് മുന്നറിയിപ്പ്
മുന്‍ ഡിജിപിയായ ആര്. ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ചതോടെ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥിയാണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും, പാര്‍ട്ടിയിലെ കേഡര്‍ സംവിധാനത്തിലൂടെ വളര്ന്നുവന്നവരല്ലാത്തവര്ക്ക് മേയര്‍ പദവി നല്‍കുന്നതിനോട് ആര്‍എസ്എസിന് വിയോജിപ്പുണ്ടെന്നാണ് സൂചന. വി.വി. രാജേഷിന്റെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കപ്പെടാത്ത പക്ഷം, വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച യുവ അഭിഭാഷകനായ നന്ദഭാര്‍ഗവ് അല്ലെങ്കില്‍ മുതിര്‍ന്ന നേതാവായ വി.വി. ഗിരികുമാര്‍ എന്നിവരുടെ പേരുകള്‍ ഒരു ‘സര്‍പ്രൈസ് നീക്കം’ എന്ന നിലയില്‍ ബിജെപി പരിഗണിക്കും. വിവി ഗിരി വലിയവിളയില്‍ നിന്നാണ് കൗണ്‍സിലറായത്. മൂന്ന് തവണയായി കൗണ്‍സിലറുമാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഈ വിഷയം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോയിരുന്നു. അവരേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ താല്‍പ്പര്യമാകും ഇനി അന്തിമ തീരുമാനത്തില്‍ നിര്‍ണ്ണായകമാവുക. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാല്‍, മേയര്‍ സ്ഥാനത്തേക്ക് ഒരു പുരുഷനെ തന്നെ നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. മേയര്‍ ആരാകുമെന്ന പ്രഖ്യാപനം ഡിസംബര്‍ 26-ഓടെ ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നാണ് മേയര്‍ തെരഞ്ഞെടുപ്പും നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തിരുവനന്തപുരത്തെ വിജയം ഒരു ‘വാട്ടര്‍ഷെഡ് മോമെന്റ്’ ആയി വിശേഷിപ്പിച്ച സാഹചര്യത്തില്‍, മേയര്‍ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നേരിട്ട് താല്‍പ്പര്യമെടുക്കുന്നുണ്ട്. രാജേഷിനും ശ്രീലേഖയ്ക്കും എതിരെ എതിര്‍പ്പുകള്‍ ശക്തമായാല്‍, നന്ദഭാര്‍ഗവ് പോലുള്ള ഒരു യുവമുഖത്തെ മേയര്‍ സ്ഥാനത്തേക്ക് ബിജെപി നിയോഗിക്കും. ബിജെപിയ്ക്കെതിരെ എല്‍ഡിഎഫും യുഡിഎഫും സ്വന്തം സ്ഥാനാര്‍ത്ഥികളെ മേയര്‍ സ്ഥാനത്തേക്ക് നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍ഡിഎഫിനായി പി.ആര്. ശിവജി മത്സരിക്കും. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ് ബിജെപിക്ക്. അതുകൊണ്ട് സ്വതന്ത്രന്മാരുടെ പിന്തുണ നിര്‍ണ്ണായകമാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ 43 പേർക്ക് കൂടി എസ്.ഐ നിയമനം





