തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്ഷേപങ്ങള്‍ക്കും അസത്യ പ്രചരണങ്ങള്‍ക്കും മറുപടിയുമായി അദ്ദേഹത്തിന്റെ പഴയകാല ചിത്രം പുറത്ത്. ഭവന സന്ദര്‍ശനത്തിനിടെ അദ്ദേഹം പാത്രം കഴുകുന്ന ചിത്രം വൈറലായതിന് പിന്നാലെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്കെതിരെയാണ് ഇടത് കേന്ദ്രങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതാദ്യമായല്ല എം.എ. ബേബി പാത്രം കഴുകുന്നതെന്നും അത് അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള ജീവിതശൈലിയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 12 വര്‍ഷം മുന്‍പ്, അതായത് 2014 ഏപ്രില്‍ 23-ന് വി. സാംബശിവന്‍ അനുസ്മരണത്തിനെത്തിയപ്പോള്‍ പ്രഭാതഭക്ഷണം കഴിച്ച പാത്രം എം.എ. ബേബി തന്നെ കഴുകി വൃത്തിയാക്കുന്ന ചിത്രമാണ് ഇതിന് തെളിവായി പങ്കുവെച്ചിരിക്കുന്നത്.
എം.എ. ബേബിയെ അടുത്തറിയാവുന്നവര്‍ക്ക് ഇത് ഒരു പുതുമയുള്ള കാര്യമല്ല. വീട്ടിലായാലും പാര്‍ട്ടി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്. എന്നാല്‍, ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പാത്രം കഴുകുന്നതിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും ‘ഗിമ്മിക്’ ആയി വലതുപക്ഷം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് അപ്പുറം കേവലം വ്യക്തിഹത്യയാണ് നടക്കുന്നതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ക്‌സിസം എന്നത് കേവലം ഒരു പ്രപഞ്ച വീക്ഷണമോ ദര്‍ശനമോ മാത്രമല്ലെന്നും അത് ഒരു ജീവിതശൈലി കൂടിയാണെന്നും ഇത്തരം കുറിപ്പുകള്‍ ഓര്‍മ്മിപ്പിക്കുന്നു. അധികാരത്തിനും തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും വേണ്ടി മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത്തരം നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളുടെ രാഷ്ട്രീയ മൂല്യം മനസ്സിലാകില്ലെന്നും പോസ്റ്റ് വിമര്‍ശിക്കുന്നു. വലതുപക്ഷം ഒരു സംഭവത്തെ എത്രത്തോളം മാനിപ്പുലേറ്റ് ചെയ്താണ് സമൂഹത്തില്‍ അവതരിപ്പിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ വിവാദമെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പ് ചുവടെ-
“12 വര്‍ഷം മുന്നേയുള്ള ഒരു ഒരു ഫോട്ടയാണിത്. 2014 ഏപ്രില്‍ 23 ന് വി. സാംബശിവന്‍ അനുസ്മരണത്തിന് എത്തിയ സ.MA ബേബി, പ്രാതല്‍ കഴിച്ചതിന് ശേഷം തന്റെ പാത്രം കഴുകുന്ന ചിത്രം. സ.MA ബേബിക്ക് എതിരെ ന്യൂസ്ഫീഡുകള്‍ നിറയെ നടക്കുന്ന ആക്ഷേപങ്ങളുടെയും അസത്യ പ്രചരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്യേണ്ടി വന്നത്.
സ.MA ബേബിയെ അടുത്ത് അറിയാവുന്ന ആളുകളെ സംബന്ധിച്ച് ഈ ചിത്രം ഒരു പുതുമയുള്ള കാര്യമല്ല. ഞാന്‍ അദ്ദേഹത്തെ കാണുന്ന കാലം മുതല്‍ വീട്ടിലായാലും പാര്‍ട്ടി ഓഫീസില്‍ വെച്ചയാലും അദ്ദേഹം ഭക്ഷണം കഴിക്കുന്ന പാത്രം അദ്ദേഹം തന്നെയാണ് കഴുകാറുള്ളത്. അത് അദ്ദേഹത്തിന്റെ ജീവിത ശൈലിയുടെ ഭാഗവുമാണ്. നാമെല്ലാം മാതൃകയാക്കാന്‍ ശ്രമിക്കേണ്ട ഒരു കാര്യം കൂടിയാണത്.
ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ അദ്ദേഹം, ഭക്ഷണം കഴിച്ച പത്രം കഴുകുന്ന ചിത്രം പ്രചരിപ്പിച്ചുകൊണ്ട് വളരെ തരം താണ പ്രസ്താവനകളും ആക്ഷേപങ്ങളുമാണ് ഇവിടുത്ത വലതുപക്ഷം നടത്തികൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് അപ്പുറമുള്ള കേവലം വ്യക്തിഹത്യ മാത്രമാണത്. ഒരു സംഭവത്തെ വലതുപക്ഷം എത്രമാത്രം മാനുപുലെറ്റ് ചെയ്താണ് സമൂഹത്തില്‍ അവതരിപ്പിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണ് ഈ വിഷയം.
മാര്‍ക്‌സിസം എന്നത് കേവലം പ്രപഞ്ച വീക്ഷണമോ, ദര്‍ശനമോ മാത്രമല്ല. അതിലുപരി ഒരു ജീവിത ശൈലികൂടിയാണ്. നാം നിസാരമെന്ന് കരുതുന്ന പലതിനും സൂക്ഷ്മദര്‍ശനത്തില്‍ വലിയ മാനമാണുള്ളത്. അധികാരത്തിനും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും മാത്രമായി ഗിമ്മിക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്, ഈ നിസാരതയുടെ പൊളിറ്റിക്കല്‍ മെറിറ്റ് മനസ്സിലാക്കണമെന്നില്ല”

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നഗരൂര്‍ എസ്.ഐയെ അടിച്ച പ്രതികളുമായി റീല്‍സ് ഇല്ലേ? പോലീസിനെ ട്രോളി കമന്റുകള്‍; കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല!





