തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയ്ക്കും കാലവര്‍ഷ മുന്നോടിയായുള്ള കാറ്റിനും പിന്നാലെ മഴ കനക്കുന്നു. ഇന്നും കേരളത്തില്‍ ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ മലബാറിലുമാണ് ഇത്തവണ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കന്‍-മധ്യ കേരളത്തിലെ ജില്ലകളിലും, വടക്കന്‍ മലബാറിലെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും മണിക്കൂറുകളില്‍ മഴയുടെ തീവ്രത കൂടുകയാണെങ്കില്‍ ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മഴ മുന്നറിയിപ്പുകള്‍ക്ക് പുറമെ കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ (ടംലഹഹ ടൗൃഴല) ഭാഗമായി കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ തീരങ്ങളില്‍ നാളെ (മെയ് 19) രാവിലെ 08.30 മുതല്‍ മെയ് 20 ഉച്ചയ്ക്ക് 02.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂരിലെ വളപട്ടണം മുതല്‍ ന്യൂമാഹി വരെയുള്ള തീരങ്ങളിലും കാസറഗോഡ് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിലും കടലാക്രമണ സാധ്യതയേറെയാണ്.
തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആവശ്യമെങ്കില്‍ റവന്യൂ അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന മുറയ്ക്ക് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് പകല്‍ സമയത്ത് തന്നെ മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഓര്‍മ്മിപ്പിച്ചു.
മലയോരങ്ങളില്‍ മഴ ശക്തമാകുന്നതോടെ പുഴകളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നേക്കാം. നദിക്കരകളിലും വിവിധ അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അപകടസാധ്യത മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണം. ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയകളില്‍ മഴ കനത്താല്‍ വെള്ളം പുറത്തുവിടാനുള്ള സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ റവന്യൂ, തദ്ദേശ സ്ഥാപനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തേണ്ടതാണ്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം പ്രത്യേകമായി എടുത്തുപറയുന്നുണ്ട്. അതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും, മേല്‍ക്കൂര ശക്തമല്ലാത്ത ഷീറ്റുകളോ ഓടുകളോ മേഞ്ഞ വീടുകളില്‍ കഴിയുന്നവരും പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും പരസ്യബോര്‍ഡുകള്‍ തകര്‍ന്നുവീഴാനും സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിത കെട്ടിടങ്ങളിലേക്ക് താല്‍ക്കാലികമായി മാറണം.
കാര്‍മേഘങ്ങള്‍ കനക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. ഇടിമിന്നല്‍ ദൃശ്യമാകുമ്പോള്‍ തന്നെ ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം. മിന്നലേറ്റുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ടെറസ്സിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ നില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കള്ളക്കടല്‍ പ്രതിഭാസവും ഉയര്‍ന്ന തിരമാലകളും കാരണം കടല്‍ അതീവ ക്ഷുഭിതമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവര്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. വിനോദസഞ്ചാരികള്‍ കടപ്പുറങ്ങളില്‍ ഇറങ്ങുന്നതിനും വിലക്കുണ്ട്.
മഴക്കെടുതി നേരിടുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രത്യേക കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വില്ലേജ് ഓഫീസുകളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള കെട്ടിടങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകളും കെഎസ്ഇബി, ഫയര്‍ഫോഴ്സ് വിഭാഗങ്ങളും 24 മണിക്കൂറും സജ്ജമാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക് രണ്ടാഴ്ച കൂടി നൽകി ഹൈക്കോടതി
ശബരിമല സ്വർണ്ണക്കൊള്ള ; അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക് രണ്ടാഴ്ച കൂടി നൽകി ഹൈക്കോടതി







