കേരളം മാറ്റത്തിനായി ഒരുങ്ങുന്നു! വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’ കാസര്‍ഗോഡ് കുമ്പളയില്‍ തുടങ്ങി; ‘നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരും’; തിരഞ്ഞെടുപ്പില്‍ ശബരിമല കൊള്ളയും രക്തസാക്ഷി ഫണ്ട് തട്ടിപ്പും ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം!

കാസര്‍ഗോഡ്‌ :പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’ കാസര്‍കോട് കുമ്പളയില്‍ തുടക്കമായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ജാഥ ഉദ്ഘാടനം ചെയ്തത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചു.

സാധാരണ രാഷ്ട്രീയ ജാഥകളില്‍ നിന്ന് വ്യത്യസ്തമായി, ഭാവി കേരളത്തിനായുള്ള ഒരു ‘വിഷന്‍ ഡോക്യുമെന്റ്’ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് ഈ യാത്ര ലക്ഷ്യമിടുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലെ തകര്‍ച്ച പരിഹരിക്കാന്‍ യു.ഡി.എഫ് തയ്യാറാക്കിയ സമഗ്ര പദ്ധതികള്‍ ജാഥയിലുടനീളം പ്രഖ്യാപിക്കും.

പൗരപ്രമുഖരെയല്ല, മറിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരെയാണ് പ്രതിപക്ഷ നേതാവും സംഘവും നേരില്‍ കാണുന്നത്.വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും.

പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി സതീശന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.കേരളം ആറ് ലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സമ്മര്‍ദ്ദം മൂലമാണെന്ന് അദ്ദേഹം ആരോപിച്ചു.സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തുവെന്നും അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വര്‍ഗ്ഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും മതേതരത്വത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്നും അവരെ ദുര്‍ബലപ്പെടുത്തിയാല്‍ തീവ്രപക്ഷ നിലപാടുള്ളവര്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ അവര്‍ക്ക് വര്‍ഗ്ഗീയത ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലാണ്. ജയസാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.