കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പയ്യന്നൂരിലെ സി.പി.എമ്മിനെ വെട്ടിലാക്കി ഫണ്ട് വെട്ടിപ്പ് ആരോപണത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണന്‍ നേരിട്ട് പങ്കുവെച്ച രേഖകളാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുന്നത്. രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ നിധിയില്‍ നിന്ന് പോലും പണം വകമാറ്റിയെന്ന വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകും.
പയ്യന്നൂരില്‍ ഒരു രൂപയുടെ പോലും ഫണ്ട് തിരിമറി നടന്നിട്ടില്ലെന്ന പാര്‍ട്ടി കേന്ദ്രങ്ങളുടെ വാദത്തെ പാടെ പൊളിക്കുന്നതാണ് കുഞ്ഞിക്കൃഷ്ണന്റെ പുതിയ വെളിപ്പെടുത്തല്‍. 2018 ജൂലൈ 9-ന് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള ധനരാജ് കുടുംബ സഹായ നിധി അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്. ‘രക്തസാക്ഷി സഖാവിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചു എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്? ഈ ധനാപഹരണം പാര്‍ട്ടി കുടുംബങ്ങളെ വഞ്ചിക്കലല്ലേ?’ – വി. കുഞ്ഞിക്കൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രക്തസാക്ഷികളുടെ പേരില്‍ വൈകാരികമായി വോട്ട് ചോദിക്കുന്ന സി.പി.എമ്മിന്, ധനരാജ് ഫണ്ടിലെ തിരിമറി വലിയ തിരിച്ചടിയാണ്. പയ്യന്നൂരിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ വെളിപ്പെടുത്തല്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാല്‍ ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന കുഞ്ഞിക്കൃഷ്ണന്റെ മുന്നറിയിപ്പ് നേതൃത്വത്തെ വിറപ്പിക്കുന്നുണ്ട്.
പയ്യന്നൂരിലെ ഈ തര്‍ക്കങ്ങള്‍ അയല്‍ മണ്ഡലമായ തളിപ്പറമ്പിലും സി.പി.എമ്മിന് വെല്ലുവിളിയാകുന്നു. തളിപ്പറമ്പില്‍ ഇടതുപക്ഷത്തിനകത്തെ അതൃപ്തരുടെ പിന്തുണയോടെ മത്സരിക്കുന്ന ടി.കെ. ഗോവിന്ദന് ഈ ഫണ്ട് വെട്ടിപ്പ് ആരോപണം വലിയ പ്രചാരണായുധമാണ്. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.എം വിമതര്‍ ഒന്നിച്ച് നീങ്ങുന്നത് ഇത്തവണ ഇടതുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്തുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
അഴിമതിയും ഫണ്ട് വെട്ടിപ്പും ചര്‍ച്ചയാകുന്നതോടെ യു.ഡി.എഫും ബി.ജെ.പിയും ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു. രക്തസാക്ഷികളുടെ കുടുംബത്തെപ്പോലും വഞ്ചിക്കുന്ന പാര്‍ട്ടിയെന്ന ആരോപണം വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കാനാണ് ഇവരുടെ നീക്കം. നാളെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കാനിരിക്കെ, പയ്യന്നൂരിലെ ഈ ‘ബോംബ്’ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
വി കുഞ്ഞികൃഷ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
പയ്യന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതല്‍ സിപിഎം കേന്ദ്രങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരില്‍ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാര്‍ട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.
നിഷേധിക്കാന്‍ പറ്റാത്ത വിധം തെളിവുകള്‍ സംസാരിക്കട്ടെ എന്നാണെങ്കില്‍, ആ തെളിവുകള്‍ മുന്നോട്ടു വയ്ക്കാന്‍ കണക്കുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാന്‍ തയ്യാറാണ്. ഈ തെളിവുകള്‍ക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താന്‍ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങള്‍ക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നില്‍ക്കുന്ന സത്യം. ആ സത്യത്തെ നിങ്ങള്‍ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഇനിയും സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങള്‍ ‘ധൈര്യപ്പെടേണ്ട’.
2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂര്‍ റൂറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടില്‍ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാന്‍ പൊതുസമക്ഷം വയ്ക്കുകയാണ്.
ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുന്‍പാകെ കാണിച്ചതിന്റെ പകര്‍പ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ടില്‍ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് ഈ പാര്‍ട്ടിക്കും ഇന്നാട്ടിലെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഇനി വേണ്ടത്?
നിങ്ങള്‍ നടത്തിയ ഈ ധനാപഹരണം ഈ പാര്‍ട്ടിയേയും പാര്‍ട്ടിയെ വിശ്വസിക്കുന്ന പാര്‍ട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചില്‍ തൊട്ട് പറയാന്‍ സാധിക്കുമോ നിങ്ങള്‍ക്ക്?
ഈ തെളിവുകള്‍ പയ്യന്നൂരിലെ ജനങ്ങള്‍ മനസ്സിലാക്കും. അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തും.
പോരാട്ടം തുടരുകയാണ്…
വി കുഞ്ഞികൃഷ്ണന്‍


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലക്കാട് രമേഷ് പിഷാരടി; കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളായില്ല; 19 സിറ്റിങ് എംഎല്‍എമാരടക്കം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക; പെരുമ്പാവൂരും സപ്രൈസ് തുടരുന്നു; കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ





